
റിയാദ്: കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യാനുള്ള കേരളസര്‍ക്കാര്‍ തീരുമാനത്തെ റിയാദ് കേളി കലാസാംസ്‌കാരിക വേദി സ്വാഗതം ചെയ്തു. കൊവിഡ് മഹാമാരിയില്‍ ക്ലേശം നേരിടുന്ന ജനതയെ കൂടുതല്‍ ദ്രോഹിക്കുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് വാക്‌സിന്‍ ിലഞ്ചില്‍ കേളി പങ്കാളികളാകും. ആദ്യം ഘട്ടം 1000 വാക്‌സിനുളള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. പ്രവാസി സമൂഹത്തില്‍ നിന്ന് ‘കോവിഡ് ചലഞ്ച്’ കാമ്പയിന്‍ വഴിയാണ് തുക കണ്ടെത്തുക. കോവിഡ് മുക്ത കേരളത്തിനായി കാമ്പയിനുമായി സഹകരിക്കാന്‍ പ്രവാസി സമൂഹത്തോട് കേളി അഭ്യര്‍ത്ഥിച്ചു.

ഉത്തരവാദിത്വങ്ങളില്‍ നിന്നു ഒളിച്ചോടാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ജനങ്ങള്‍ക്ക് വാക്‌സിനും ഓക്‌സിജനും എത്തിക്കുന്നതിന് പകരം വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സംസ്ഥാനങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനോ, ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാനോ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും കേളി സെക്രട്ടറിയേറ്റ് പ്രതിഷേധ പ്രമേയത്തില്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം ചെയ്ത സൗജന്യ വാക്‌സിന്‍ എന്ന ഉറപ്പില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സംസ്ഥാനത്തിന് തീരുമാനം കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. എന്നാല്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് പുറകോട്ട് പോകുന്ന ശീലം ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു ഉണ്ടാകില്ല, പ്രതിസന്ധി കാലത്ത് ജനങ്ങളെ ചേര്‍ത്തു പിടിക്കുന്ന ശീലം ഉപേക്ഷിക്കില്ലെന്ന പ്രഖ്യാപനം അഭിനന്ദനാര്‍ഹമാണെന്നും കേളി പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
