Sauditimesonline

SaudiTimes

വര്‍ഗ്ഗീയതക്കെതിരായ സമരം മതനിരപേക്ഷമായി സംഘടിപ്പിക്കണം: എം സ്വരാജ് എംഎല്‍എ

റിയാദ്: വര്‍ഗ്ഗീയതയെ അതേരൂപത്തിലല്ല നേരിടേണ്ടതെന്നും വര്‍ഗ്ഗീയതക്കെതിരായ സമരങ്ങള്‍ മതനിരപേക്ഷമായി സംഘടിപ്പിക്കണമെന്നും സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് എംഎല്‍എ. റിയാദ് കേളി കലാസാംസ്‌കാരിക വേദി പത്തൊന്‍പതാം വാര്‍ഷികാഘോഷത്തിന്റെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഗള്ഫിലെ മോഡേണ്‍ മിഡില്‍ ഈസ്‌ററ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന പ്രൗഢമായ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയിലെ ആനുകാലിക സംഭവങ്ങളും വിശകലനം ചെയ്തു.

ഭരിക്കുന്നവരുടെ ജാതിയോ മതമോ ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷത്തിലേക്കോ സ്പര്‍ദ്ധയിലേക്കോ നയിച്ചതായി ഇന്ത്യാ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. മതവും വിശ്വാസവുമൊക്കെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. ബിജെപി ഇന്ത്യയിലെ ഹിന്ദുക്കളുടെ രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ട്. വര്‍ഗ്ഗീയവാദികളായ ചെറിയ വിഭാഗം ഹിന്ദുക്കളുടെ പാര്‍ട്ടി മാത്രമാണ്. ഇക്കാര്യം ഇന്ത്യയിലെ മതവിശ്വാസികളായ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിയിലെ സംഘര്‍ഷം ചൂണ്ടിക്കാട്ടി ഭരണ പരാജയം മറയ്ക്കുകയാണ്. കഴിവുകെട്ട ഭരണാധികാരികളാണ് ഇങ്ങനെ ചെയ്യുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പുണ്ടായ പുല്‍വാമയിലെ സ്‌ഫോടനത്തിന്റെ കാരണം ഇതായിരിക്കാമെന്ന് കാലം തെളിയിക്കും. അയല്‍ രാജ്യങ്ങളോടുള്ള ശത്രുത ഊതി പെരുപ്പിച്ച് കൃത്രിമമായ രാജ്യസ്‌നേഹം സൃഷ്ടിക്കുന്നു. അതിന്റെ ചെലവില്‍ ഭരണപരാജയങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള കുടിലതന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

വര്‍ഗ്ഗീയതയെ മറ്റൊരു വര്‍ഗ്ഗീയത കൊണ്ട് തോല്‍പ്പിക്കാനാവില്ല. രാഷ്ട്രീയ അധികാരം പിടിച്ചു പറ്റാന്‍ വിശ്വാസത്തെ കൂട്ടുപിടിക്കുക എന്നതാണ് വര്‍ഗ്ഗീയതയുടെ തന്ത്രം. ഏത് വിശ്വാസത്തെ ആരുപയോഗിച്ചാലും അത് വര്‍ഗ്ഗീയതയാണ്. ഇന്ത്യയിലെ തെരുവുകളില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സമരം മതനിരപേക്ഷമായാണ് സംഘടിപ്പിക്കപ്പെടേണ്ടത് എന്നാണ് സിപിഎം അഭിപ്രായം. അതാണ് സി പി ഐ എം ചെയ്തുകൊണ്ടിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരായ സമരത്തിലും വര്‍ഗ്ഗീയമായി ധ്രുവീകരണം നടത്തി അതില്‍ നിന്ന് മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തിലുമുണ്ട്. അത് മതനിരപേക്ഷ പ്രതിഷേധങ്ങളെ ദുര്‍ബ്ബലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേളിദിനം 2020 ന്റെ സാംസ്‌കാരിക സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സുനില്‍ സുകുമാരന്‍ ആമുഖ പ്രഭാഷണം നടത്തി. കേളി പ്രസിഡന്റ് ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സജീവന്‍ ചൊവ്വ, കേളിദിനം 2020ന്റെ മുഖ്യ പ്രായോജകരായ ഫ്യൂച്ചര്‍ എഡ്യൂക്കേഷന്‍ പ്രതിനിധി റിയാസ്, ടോണി (ജോയ് ആലുക്കാസ്), ജമാല്‍ ഫൈസല്‍ ഖഹ്ത്താനി (ജോസ്‌കോ പൈപ്പ്), ശ്രീമതി എം ഷാഹിദ (മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍), മണി വി പിള്ള (മണി ബ്രദേഴ്‌സ്), കാസിം (സഫാമക്ക), രമേശ് കൊറ്റി (ശരവണ ഭവന്‍), അറബ്‌കോ എം ഡി രാമചന്ദ്രന്‍, നാജിദ് ടെലികോം പര്‍ച്ചയ്‌സ് മാനേജര്‍ ഷരീഫ്, പാരാഗണ്‍ ഗ്രൂപ്പ് എം ഡി ബഷീര്‍ മുസ്‌ല്യാരകത്ത്, പ്രസാദ് (അല്‍ മാതേഷ്), സിദ്ദിഖ് (അല്‍ കോബ്ലാന്‍), നൗഷാദ് കോര്‍മത്ത് (ചില്ല കോഡിനേറ്റര്‍), കേളി കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, എന്‍ ആര്‍ കെ ചെയര്‍മാന്‍ അഷ്‌റഫ് വടക്കെവിള, ഒഐസിസി ട്രഷറര്‍ നവാസ് വെള്ളിമാട്കുന്ന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ സുരേഷ് കണ്ണപുരം ചടങ്ങിന് നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top