‘ഹൃദയപൂര്‍വ്വം കേളി’ തിരുനെല്ലി ബഡ്‌സ് പാരഡൈസ് സെപഷ്യല്‍ സ്‌കൂളിലും

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളന പ്രഖ്യാപനമായ ‘ഹൃദയപൂര്‍വ്വം കേളി’യുടെ (ഒരു ലക്ഷം പൊതിച്ചോര്‍ വിതരണ പദ്ധതി) ഭാഗമായി തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്‌സ് പാരഡൈസ് സെപഷ്യല്‍ സ്‌ക്കൂളിലെ കുട്ടികള്‍ക്കുള്ള ഭക്ഷണ വിതരണോദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു.

വാര്‍ഡ് മെമ്പര്‍ വസന്തകുമാരി അധ്യക്ഷയായ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിമല, പൊതുപ്രവര്‍ത്തകരായ ബിജു കുഞ്ഞിമോന്‍, സക്കീര്‍, കേളി കലാസാംസ്‌കാരിക വേദി മുസഹ്മിയ ഏരിയ കമ്മിറ്റി അംഗം നൗഷാദ്, എന്നിവര്‍ സംസാരിച്ചു. കേളി മുന്‍ പ്രവര്‍ത്തകന്‍ പൗലോസ് സ്വാഗതവും ബഡ്‌സ് സ്‌കൂള്‍ അദ്ധ്യാപകന്‍ ആഷിഖ് നന്ദിയും പറഞ്ഞു.

സമൂഹത്തിന്റെ പ്രത്യേക പരിഗണനയും പരിചരണവും ലഭിക്കേണ്ടവരെ ചേര്‍ത്തു നിര്‍ത്തി അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരോടൊപ്പം ചേര്‍ന്ന് കേരളത്തിലുടനീളം ഒരു ലക്ഷം പൊതിച്ചോര്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് ‘ഹൃദയപൂര്‍വ്വംകേളി’. അഗതി, അനാഥ മന്ദിരങ്ങളിലും, മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളിലുമാണ് പദ്ധതിയില്‍ നിന്നും ഭക്ഷണം നല്‍കി വരുന്നത്.

കഴിഞ്ഞ നാലു വര്‍ഷമായി വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി വിദ്യാലയത്തില്‍ അന്‍പത് കുട്ടികളാണ് പഠിക്കുന്നത്. വിവിധ തരത്തില്‍ വൈകല്യങ്ങളുള്ള കുട്ടികള്‍ ഭൂരിഭാഗവും ആദിവാസി മേഖലയില്‍ നിന്നുള്ളവരാണ്. കുടുംബശ്രീയുടെ മേല്‍നോട്ടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ രണ്ടാഴ്ചത്തെ ഭക്ഷണമാണ് കേളി വിതരണം ചെയ്യുന്നത്. വിവിധ തരത്തില്‍ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ കേരളീയം പരിപാടിയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്ത സ്‌കൂളു കൂടിയാണ് തിരുനെല്ലി ബഡ്‌സ് പാരഡൈസ്.

Leave a Reply