റിയാദ്: പ്രവാസി മലയാളികളുടെ ഫുട്‌ബോള്‍ മികവ് മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും കേളി കലാ സാംസ്‌കാരിക വേദി ‘റെഡ് സ്റ്റാര്‍’ ക്ലബ്ബ് രൂപീകരിച്ചു. റിയാദ് അല്‍ വലീദ് ഓഡിറ്റോറിയത്തില്‍ നടന്ന രൂപീകരണ യോഗത്തില്‍ പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു.
തൊഴിലുമായി ബന്ധപെട്ട് പ്രവാസം സ്വീകരിക്കേണ്ടിവന്ന തൊഴിലാളികളുടെ ഫുട്‌ബോള്‍ ഉള്‍പ്പെടെ കായിക ശേഷി പ്രോത്സാഹിപ്പിക്കുകയും മികച്ച മാനസിക ആരോഗ്യം പ്രദാനം ചെയ്യുന്നതിനാണ് ക്ലബ് രൂപീകരിച്ചത്. വളര്‍ന്നു വരുന്ന കുരുന്നു ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് കൃത്യമായ പരിശീലനത്തിലൂടെ പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്നതും ലക്ഷ്യംമാണെന്ന് കെപിഎം സാദിഖ് പറഞ്ഞു.
സെക്രട്ടറി സുരേഷ് കണ്ണപുരം ഭാരവാഹികളുടെ പാനല്‍ അവതരിപ്പിച്ചു. ടീം മാനേജര്‍ ഷറഫ് പന്നിക്കോട്, അസിസ്റ്റന്റ് മാനേജര്‍ ജ്യോതിഷ് കുമാര്‍, കോച്ച് ഹസ്സന്‍ തിരൂര്‍ എന്നിവരെയും പ്രസിഡന്റ് സുഭാഷ്, വൈസ് പ്രസിഡന്റ് ഷമീര്‍ പറമ്പാടി, സെക്രട്ടറി റിയാസ് പള്ളത്ത്, ജോയിന്റ് സെക്രട്ടറി ഇസ്മയില്‍ കൊടിഞ്ഞി, ട്രഷറര്‍ കാഹിം ചേളാരി, ജോയിന്റ് ട്രഷറര്‍ സതീഷ് കുമാര്‍, അംഗങ്ങളായി മന്‍സൂര്‍, അനീസ്, വാഹിദ്, രാജേഷ് ചാലിയാര്‍, പ്രിന്‍സ്, വിജയന്‍, ഹാരിസ്, അന്‍സാരി, ഇസ്മയില്‍, സൗരവ്, സുധീഷ് എന്നിവരെയും തിരഞ്ഞെടുത്തു.
രക്ഷധികാരി സമിതി അംഗങ്ങളായ പ്രഭാകരന്‍ കണ്ടോന്താര്‍ ജോസഫ് ഷാജി കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കേളി ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗതവും ക്ലബ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുഭാഷ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
