Sauditimesonline

king abdulla financial city
ഓഫീസ് ടൈം ജീവനക്കാര്‍ തീരുമാനിക്കും; റിയാദില്‍ വന്‍ പരിഷ്‌കാരം

പഴയ കളികൾ പുതുജീവൻ നേടി; റിയാദിൽ കേളി ‘കളിത്തട്ട്’ നിറഞ്ഞാടി

റിയാദ്: പഴമയുടെ നിറവും രുചിയും നിറഞ്ഞ ‘കളിത്തട്ട്’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കേളി കലാസാംസ്‌കാരിക വേദി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി. മറവിയിലേക്കുപോയ പഴയകാല കളികളും നാടന്‍ രുചികളും കോര്‍ത്തിണക്കി ‘ഓര്‍മകളുടെ മുറ്റത്തേക്ക് സ്വാഗതം’ എന്ന പ്രമേയത്തില്‍ അരങ്ങേറിയ പരിപാടി പുതുതലമുറയ്ക്ക് കൗതുകവും പഴയ തലമുറയ്ക്ക് ഓര്‍മ്മകളിലേക്കുള്ള മധുരയാത്രയും സമ്മാനിച്ചു.

കുളംകര, ചാക്കിലോട്ടം, പൂ പറിക്കാന്‍ പോരുമോ, കുല കുല മുന്തിരി, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, മ്യൂസിക്കല്‍ ക്യാപ്, വളയം മാറ്റല്‍, ഓര്‍മ്മപരീക്ഷ, ഷൂട്ടൗട്ട്, മിഠായി പെറുക്കല്‍, ചട്ടിയും പന്തും, ലെമണ്‍ സ്പൂണ്‍, അന്താക്ഷരി തുടങ്ങിയ പതിനഞ്ചിലധികം കളികളിലൂടെ കുട്ടികളും കുടുംബങ്ങളുമടങ്ങുന്ന പ്രവര്‍ത്തകര്‍ ആവേശത്തോടെ പങ്കെടുത്തു. കഞ്ഞിയും പയറും, കപ്പയും കാന്താരിയും, ഉപ്പിലിട്ടത്, കടലവറുത്തത് എന്നിവ ഉള്‍പ്പെടെയുള്ള നാടന്‍ വിഭവങ്ങള്‍ പരിപാടിക്ക് പഴമയുടെ രുചിനല്‍കി ആഘോഷാന്തരീക്ഷവും പകര്‍ന്നു.

മലാസ് സണ്‍ലൈറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അരങ്ങേറിയ പരിപാടികള്‍ക്ക് കേളി സില്‍വര്‍ജുബിലീ സംഘാടക സമിതി ചെയര്‍മാന്‍ ഷാജി റസാഖ് ആമുഖ പ്രസംഗം നടത്തി. ആക്ടിങ് പ്രസിഡന്റ് ഗഫൂര്‍ ആനമാങ്ങാട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരിയും ആക്ടിങ് സെക്രട്ടറിയുമായ സീബ കൂവോട് ഉദ്ഘാടനം ചെയ്തു.

രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഫിറോഷ് തയ്യില്‍, ചന്ദ്രന്‍ തെരുവത്ത്, ഷമീര്‍ കുന്നുമ്മല്‍, കേളി കുടുംബവേദി പ്രസിഡന്റ് പ്രിയാ വിനോദ്, ട്രഷറര്‍ ശ്രീഷ സുകേഷ്, കേളി ജോയിന്റ് ട്രഷറര്‍ സുനില്‍ സുകുമാരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കേളി ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി ചൊല്ലിക്കൊടുത്ത മാനവീക പ്രതിജ്ഞയോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മഞ്ഞ, ചുവപ്പ്, നീല, പച്ച എന്നീ നാല് സംഘങ്ങളായി തിരിഞ്ഞാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. സീബ കൂവോട്, റഫീഖ് ചാലിയം, സതീഷ് കുമാര്‍, ഷബി അബ്ദുല്‍സലാം എന്നിവര്‍ ഉള്‍പ്പെട്ട സ്‌ക്രീനിംഗ് കമ്മിറ്റി കളികള്‍ നിയന്ത്രിച്ചു. മധു ബാലുശ്ശേരി സ്വാഗതവും സില്‍വര്‍ ജൂബിലി കണ്‍വീനര്‍ സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top