റിയാദ്: കാല്‍പ്പന്ത് കളിയുടെ കലാശ പോരാട്ടത്തിനൊരുങ്ങി അല്‍ഖാബൂസ് ഫ്‌ലഡ് ലിറ്റ് സ്‌റ്റേഡിയം. രണ്ടര മാസമായി തുടരുന്ന കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി എബിസി കാര്‍ഗോ കപ്പ് മത്സരം ആഗസ്ത് 11 വെളളി വൈകീട്ട് 7ന് അരങ്ങേറും. ബഗ്‌ളഫിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിനു സമീപം അല്‍ഖാബൂസ് ഫ്‌ലഡ് ലിറ്റ് സ്‌റ്റേഡിയത്തിലാണ് മണ്ഡലം അടിസ്ഥാനമാക്കി നടന്ന മത്സരത്തിന്റെ ഫൈനല്‍.
മലബാറിലെ സെവന്‍സ് മൈതാനങ്ങളില്‍ നിറസാന്നിധ്യമായ സല്‍മാന്‍ കുറ്റിക്കോട് മുഖ്യാതിഥിയായി പങ്കെടുക്കും. കലാശപ്പോരാട്ടത്തിന് നിലമ്പൂര്‍, ചേലക്കര മണ്ഡലങ്ങള്‍ ഏറ്റുമുട്ടും. സെമി ഫൈനല്‍ മത്സരത്തില്‍ ചേലക്കര ഏകപക്ഷീയമായ 4 ഗോളുകള്‍ക്ക് ഷൊറണൂരിനെ തകര്‍ത്താണ് ഫൈനലില്‍ പ്രവേശിച്ചത്. ശക്തരായ തിരൂരങ്ങാടിയെ ഒരു ഗോളിന് സമനിലയില്‍ തളച്ച നിലമ്പൂര്‍ ടൈബ്രേക്കറില്‍ രണ്ടിനെതിരെ നാലു ഗോളിന് ജയിച്ചാണ് ഫൈനലില്‍ ഇടം നേടിയത്.
സമാപനത്തോടനുബന്ധിച്ച് സംഗീത നിശ, കോല്‍ക്കളി, സൗദിയിലെ പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന വടംവലി, ഇരുപത് കലാകാരന്മാര്‍ അണിനിരക്കുന്ന ശിങ്കാരിമേളം തുടങ്ങിയവ അരങ്ങേറും. ഗ്രൗണ്ടില്‍ സ്ത്രീകള്‍ക്കും പ്രത്യേകം ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. ചെറുകിട ബിസിനസ് സംരംഭങ്ങളുടെ മികവിന് എസ്.എം.ഇ പ്രവാസി എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ ടി.വി.എസ് സലാമിനെ ആദരിക്കും. ഫൈനല്‍ മല്‍സരം കാണുന്നതിനായി വെള്ളിയാഴ്ച വൈകീട്ട് 6.30ന് ബത്ഹ കെ.എം.സി.സി ഓഫീസ് പരിസരത്തു നിന്നു സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്തിയതായി സംഘാടക സമിതി അറിയിച്ചു.
ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ച് പുറത്തിറക്കിയ ലക്കീ ഡ്രോ കൂപ്പണ്‍ നറുക്കെടുപ്പ് ഫൈനല്‍ മത്സരത്തിന് ശേഷം നടക്കും. സൗദിടൈംസ് ഓണ്‍ലൈനുമായി സഹകരിച്ച് പ്രവചന മത്സരവും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
