Sauditimesonline

RS 6
രസിപ്പിക്കും മദിപ്പിക്കും അതിശയിപ്പിക്കും; അതാണ് റിയാദ് സീസണ്‍

കെഎംസിസി ‘കെയ്‌സന്‍’ ഫുട്‌ബോള്‍: ഉദുമ മണ്ഡലം ചാമ്പ്യന്‍

റിയാദ്: അതിശൈത്യം വരിഞ്ഞുമുറുക്കിയ പ്രതിരോധവും കോങ്ങാടന്‍ കരുത്തിന്റെ ഉശിരും തകര്‍ത്ത് ഉദുമയുടെ തേരോട്ടം അവസാനിച്ചപ്പോള്‍ ഗോള്‍ 4-0. കെഎംസിസി റിയാദ് കാസര്‍ഗോഡ് ജില്ലാ കമ്മറ്റി ‘കെയ്‌സന്‍’ ത്രൈമാസ ക്യാമ്പയിന്‍ ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിന്റെ ഓരോ നിമിഷവും ആവേശം നിറഞ്ഞതായിരുന്നു. നിയോജക മണ്ഡലം അടിസ്ഥാനമാക്കി കളത്തിലിറങ്ങിയ 16 ടീമുകളെ പിന്നിലാക്കിയാണ് ഉദുമ മണ്ഡലം ചാമ്പ്യന്‍മാരായത്.

അര്‍ധ രാത്രി 12.20ന് ഫൈനല്‍ മത്സരം ആരംഭിച്ചു. പതിനൊന്നാം മിനുട്ടില്‍ ഉദുമയുടെ ഷാഷി ആദ്യ ഗോള്‍ നേടി. പത്തൊന്‍പതാം മിനുട്ടില്‍ അര്‍ഷദിന്റെ ഉശിരന്‍ ഗോള്‍ കോങ്ങാടിന്റെ വലകുലുക്കി. രണ്ടാം പകുതിയില്‍ ഹിഷാമും അബ്ദുല്‍ ഖാദറും ഓരോ ഗോള്‍ വീതം നേടിയതോടെ നാലു ഗോളുകള്‍ നേടി ഉദുമ ആദിപത്യം ഉറപ്പിച്ചു. ബെസ്റ്റ് ഗോള്‍ കീപ്പര്‍ പുരസ്‌കാരം നേടിയ കോങ്ങാടിന്റെ ഷഹബാസ് ഒരുക്കിയ പ്രതിരോധമാണ് കൂടുതല്‍ ഗോളികളെ തടഞ്ഞ് ഉദുമയെ നാലില്‍ ഒതുക്കിയത്.

ചാമ്പ്യന്‍സ് ട്രോഫി നേടിയ ഉദുമ മണ്ഡലത്തിനു ക്യാഷ്‌പ്രൈസ് കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി സത്താര്‍ താമരത്തും കോങ്ങാട് മണ്ഡലം ടീമിനുളള റണ്ണേഴ്‌സ് അപ് ക്യാഷ് പ്രൈസ് കാസറഗോഡ് കെഎംസിസി ജന സെക്രട്ടറി അഷ്‌റഫ് മീപ്പിരിയും സമ്മാനിച്ചു. ചാമ്പ്യന്‍സ് ട്രോഫി സെന്‍ട്രല്‍ കമ്മറ്റി ജന, സെക്രട്ടറി ഷുഹൈബ് പനങ്ങാങ്കരയും റണ്ണേഴ്‌സ് ട്രോഫി ഷാഫി സെഞ്ച്വറിയും സമ്മാനിച്ചു.

ഷാഫി ഉദുമ (ബെസ്റ്റ് ഡിഫന്റര്‍), ഹാരിസ് കോങ്ങാട് (ടോപ് സ്‌കോര്‍), കുഞ്ഞന്‍ ഉദുമ (ബെസ്റ്റ് ഫോര്‍വേഡ്), കബീര്‍ ബേക്കല്‍ (പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റ്), അബൂബക്കര്‍ (മാന്‍ ഓഫ് ദി മാച്ച്) എന്നിവര്‍ വ്യക്തിഗത പുരസ്‌കാരം നേടി.

വ്യാഴം, വെളളി ദിവസങ്ങളിലായി നാലു ദിവസങ്ങളില്‍ അല്‍ ഖര്‍ജ് റോഡിലെ ഇസ്‌കാന്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് മത്സരം അരങ്ങേറിയത്. ഉദുമ, കോങ്ങാട് മണ്ഡലങ്ങള്‍ക്കു പുറമെ മഞ്ചേശ്വരം, തൃക്കരിപ്പൂര്‍, കൊടുവളളി, കുന്നമംഗലം, കൊയ്‌ലാണ്ടി, കോട്ടക്കല്‍, കൊണ്ടോട്ടി, താനൂര്‍, തിരൂരങ്ങാടി, മങ്കട, ഷോര്‍ണൂര്‍, ഗുരുവായൂര്‍, കല്‍പ്പറ്റ എന്നീ മണ്ഡലങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. മികച്ച സംഘാടനത്തിന് കാസറഗോഡ് ജില്ലാ സ്‌പോര്‍ട്‌സ് വിഭാഗം ചെയര്‍മാന്‍ യാസിര്‍ കോപ്പ, കമാല്‍ അറന്തോട്, നൗഷാദ് മുട്ടം, ആസിഫ് കല്ലട്ര, ഫിറോസ് ഉദുമ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top