റയാദ്: വന്ദേ ഭാരത് മിഷന്‍ സര്‍വീസിന്റെ രണ്ടാം ഘട്ടത്തില്‍ 332 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം 30 മിനുട്ട് വൈകി ഉച്ചക്ക് 2ന് തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. പന്ത്രണ്ട് ശിശുക്കള്‍ ഉള്‍ക്കെടെ 332 യാത്രക്കാരാണ് എ ഐ 928 വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നെത്തിയ വനിതാ യാത്രക്കാരെ സഹായിക്കാന്‍ കെ എം സി സി വനിതാ വളന്റിയര്‍മാര്‍ എയര്‍പോര്‍ട്ടില്‍ സന്നിഹിതരായിരുന്നു.
തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ജിസാനില്‍ നിന്നു ഇന്നലെ രാത്രി റിയാദിലെത്തിയ വനിതകള്‍ക്ക് താമസവും ഭക്ഷണവും ഒരുക്കിയത് കെ എം സി സി വനിതാ വിഭാഗമാണ്. നജ്‌റാന്‍, ബുറൈദ, ദവാദ്മി തുടങ്ങി 400 മുതല്‍ 1400 കിലോ മീറ്റര്‍ ദൂരെ നിന്നെത്തിയ വനിതകള്‍ക്കും വനിതാ കെ എം സി സി തുണയായി.
നജ്‌റാനില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന ജോഫ്‌ന ജോബ്, ലിബ്‌സി ബാബുജി, അമ്പിളി ജോണ്‍ എന്നിവര്‍ക്ക് കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സി പി മുസ്തഫയുടെ നേതൃത്വത്തില്‍ അപ്പോളൊ ഡിമോറൊ ഹോട്ടലില്‍ താമസം ഒരുക്കി. ഇവരെ എയര്‍പോര്‍ട്ടില്‍ യാത്രയയക്കാനും വനിതാ വളന്റിയര്‍മാര്‍ എത്തിയിരുന്നു.
400 കിലോ മീറ്റര്‍ അകലെ ബുറൈദയില്‍ നിന്നു വീല്‍ചെയറിലെത്തിയ തമിഴ്‌നാട് കോയമ്പത്തൂര്‍ ഉക്കടം സ്വദേശി പാപ്പാ റാവുത്തര്‍ ഷൗക്കത്തിനെ ബുറൈദ കെ എം സി സി പ്രവര്‍ത്തകന്‍ ഫൈസല്‍ ആലത്തൂര്‍ ആണ് എയര്‍പോര്‍ട്ടിലെത്തിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് തുടര്‍ ചികിത്സ ആവശ്യമുളള ഷൗക്കത്തിനെ തിരുവനന്തപുരം കണിയാപുരം മുസ്‌ലിം ലീഗ് സെക്രട്ടറി ഷഹീന്‍ മഹമദ് ഏര്‍പ്പെടുത്തിയ ആംബുലന്‍സില്‍ വാളയാര്‍ ചെക് പൊയ്ന്റില്‍ എത്തിക്കാന്‍ കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി ഏകോപനം നടത്തിയിട്ടുണ്ട്. അവിടെ നിന്ന് കുടുംബം ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കും.
ചികിത്സക്കായി ഗൃഹനാഥന്‍ നാട്ടില്‍ പോയതോടെ ജിസാനില്‍ കുടുങ്ങിയ കുടുംബത്തെ ജിസാനിലെ കെ എം സി സി പ്രവര്‍ത്തകന്‍ ഹാരിസ് കല്ലായിയുടെ നേതൃത്വത്തില്‍ റിയാദിലെത്തിച്ചു. സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രവീണ്‍ സഹായം അഭ്യര്‍ത്തിച്ച് സോഷ്യല്‍ മീഡിയ വഴി സൈബര്‍ വിംഗിനെ സമീച്ചിരുന്നു. വീല്‍ ചെയറില്‍ എയര്‍പോര്‍ട്ടിലെത്തിച്ച ഇദ്ദേഹത്തിന് ടിക്കറ്റും കെ എം സി സി സൈബര്‍ വിംഗ് നല്‍കി. എയര്‍പോര്‍ട്ടിലെത്തിയെങ്കിലും ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കൊല്ലം കുണ്ടറ സ്വദേശി ജോഷ്വാ അലോഷ്യസിനെ ആശുപത്രിയിലാക്കി.
മുജീബ് ഉപ്പട, സിദ്ദീഖ് തുവ്വൂര്‍, ഫൈസല്‍ ആലത്തൂര്‍, ഹുസൈന്‍ കൊപ്പം, മജീദ് പരപ്പനങ്ങാടി, ഇര്‍ഷാദ് കൈകോല്‍ വനിതാ വിംഗ് നേതാക്കളായ ജസീല മൂസ, ഹസ്ബിന നാസര്‍, നുസൈബ മാമു എന്നിവരുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടിലെത്തിയവര്‍ക്ക് ഉപഹാരവും പി പി ഇ കിറ്റുകളും വിതരണം ചെയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.