റിയാദ്: നാട്യങ്ങളറിയാത്ത നേതാവായിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി. കര്‍മ്മ വിശുദ്ധിയും സമര്‍പ്പണവും വഴി പൊതുപ്രവര്‍ത്തന രംഗത്ത് സര്‍വ്വര്‍ക്കും മാതൃകയായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പുഞ്ചിരിക്കുന്ന മുഖവുമായി ജനങ്ങള്‍ക്ക് മുമ്പിലെത്തുന്ന അദ്ദേഹം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത അപൂര്‍വ്വം രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ്. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ ജന സമ്പര്‍ക്ക പരിപാടികളും ക്ഷേമ പ്രവര്‍ത്തനങ്ങളും മറ്റൊരാള്‍ക്കും അവകാശപ്പെടാനാവില്ല. ആരോപണങ്ങളെ പുഞ്ചിരിയോടെ നേരിട്ട അദ്ദേഹം തന്നെ ഉപദ്രവിച്ചവരെ പോലും ചേര്‍ത്ത് പിടിക്കാന്‍ മനസ്സ് കാണിച്ചു. അദ്ദേഹത്തിന്റെ വിയോഗം ജനാതിപത്യ കേരളത്തിന് തീരാ നഷ്ടമാണെന്നും റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ അവതരിപ്പിച്ച അനുശോചന പ്രമേയം ചൂണ്ടിക്കാട്ടി.
റിയാദ് സന്ദര്‍ശന വേളയില്‍ ബത്ഹയിലെ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസ് സന്ദര്‍ശിക്കുകയും പ്രവര്‍ത്തകരുമായി സംവദിക്കുകയും ചെയ്തത് യോഗം അനുസ്മരിച്ചു. പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി കബീര്‍ വൈലത്തൂര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
അബ്ദുസലാം തൃക്കരിപ്പൂര്‍, യു.പി മുസ്തഫ, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, മുജീബ് ഉപ്പട, അബ്ദുറഹ്മാന്‍ ഫറോക്ക്, നൗഷാദ് ചാക്കീരി, അക്ബര്‍ വേങ്ങാട്ട്, അബ്ദുല്‍ മജീദ് മലപ്പുറം, സഫീര്‍ തിരൂര്‍, ബാവ താനൂര്‍, റസാഖ് വളക്കൈ, സിദ്ധീഖ് തുവ്വൂര്‍ എന്നിവര്‍ സംസാരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.