ജീവിതം തിരിച്ചു കൊടുത്തത് ഉമ്മന്‍ ചാണ്ടി

ശിഹാബ് കൊട്ടുകാട്

കരഞ്ഞു കലങ്ങിയ കണ്ണുകളുടെ ഹൃദയ നൊമ്പരം വേഗം തിരിച്ചറിയാന്‍ കഴിയുന്ന മനുഷ്യ സ്‌നേഹിയാണ് ഉമ്മന്‍ ചാണ്ടി. റിയാദില്‍ വധശിക്ഷ കാത്തുകഴിഞ്ഞ നാലു യുവാക്കളെ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കരുണയാണ്. പാലക്കാട്, കണ്ണൂര്‍, തിരുവനന്തപുരം, മലപ്പുറം സ്വദേശികളുടെ കുടുംബങ്ങള്‍ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയെ കണ്ട് സങ്കടം ബോധിപ്പിച്ചു. ഇതോടെയാണ് ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ കൈവന്നത്. മാതാപിതാക്കള്‍, ഭാര്യ, മക്കള്‍… ഇവരുടെ തേങ്ങലും നൊമ്പരവുമാണ് കൊലപാതക കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളെ മോചിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ പ്രേരിപ്പിച്ചത്. 15 വര്‍ഷം മുമ്പാണ് സംഭവം.

മംഗലാപുരം സ്വദേശി അഷ്‌റഫ് കൊല്ലപ്പെട്ട കേസിലാണ് നാല് മലയാളികള്‍ക്ക് വധശിക്ഷ വിധിച്ചത്. കണ്ണൂര്‍ ഇരട്ടി ഫസറുദ്ദീന്‍, മലപ്പുറം പെരിന്തല്‍ മണ്ണ മുസ്തഫ എന്നിവര്‍ അഷ്‌റഫുമായി ഉണ്ടായ വാക്കു തര്‍ക്കമാണ് മരണത്തിലേക്ക് നയിച്ച സംഭവത്തിന് ഇടയാക്കിയത്. ഇവരുടെ സുഹൃത്തുക്കളായിരുന്നു ടാക്‌സി ഡ്രൈവര്‍മാരായ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദ് മുസ്തഫ, കണ്ണൂര്‍ ഇരട്ടി ഫസറുദ്ദീന്‍ എന്നിവര്‍. ഇവരും കേസില്‍ പ്രതികളായി. വിചാരണ കോടതി നാലുപേര്‍ക്കും വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വധശിക്ഷ ശരിവെച്ചു. ഇതോടെയാണ് ഇവരുടെ കുടുംബം ഉമ്മന്‍ ചാണ്ടിയെ സമീപിച്ചത്.

സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പലപ്പോഴും സൗദിയിലെ വിവിധ പ്രശ്‌നങ്ങളില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പദവികള്‍ വഹിച്ചിരുന്ന വേളയിലും അല്ലാത്തപ്പോഴും എന്നെ വിളിക്കുമായിരുന്നു. അങ്ങനെയാണ് ഈ കേസില്‍ എനിക്ക് ഇടപെടാന്‍ അവസരം ഉണ്ടായത്. എന്ത് വിലകൊടുത്തും മരണ ശിക്ഷയില്‍ നിന്ന് യുവാക്കളെ മോചിപ്പിക്കണം. എന്താവശ്യത്തിനും ഞാന്‍ ഒപ്പമുണ്ടാകും. ഇതാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

സൗദിയിലെ പ്രവാസി മലയാളികളുടെ കാര്യങ്ങള്‍ നോക്കുന്നതിന് പഴ്‌സനല്‍ സ്റ്റാഫില്‍പെട്ട യശശരീരനായ ശിവദാസനെ ചുമതലപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയുടെ ദൂതനായി അദ്ദേഹം റിയാദിലെത്തി. ഇതിനിടെ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളെ സഹായിക്കാന്‍ നിയമ നടപടികളും ആരംഭിച്ചു. ഒപ്പം കൊല്ലപ്പെട്ട അഷ്‌റഫിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് മാപ്പ് നേടാനുളള ശ്രമവും തുടങ്ങി. 85 ലക്ഷം രൂപ ദിയാ ധനം നല്‍കി പ്രതികള്‍ക്ക് മാപ്പ് നല്‍കാന്‍ കുടുംബം സന്നദ്ധത അറിയിച്ചതോടെ പകുതി ശ്രമം വിജയിച്ചു. ഇത് കോടതിയെ അറിയിക്കുകയും ചെയ്തു. നിശ്ചിത സമയത്തിനകം ദിയാ ധനം നല്‍കണം. വിവരം ഉമ്മന്‍ ചാണ്ടിയെ അറിയിച്ചതോടെ ഖത്തറിലെ വ്യവസായ പ്രമുഖന്‍ യശശരീരനായ അഡ്വ. സി കെ മോനോനെ ബന്ധപ്പെട്ടു. അദ്ദേഹം പണം നല്‍കാന്‍ സന്നദ്ധനായി. ഇതോടെയാണ് നാല് മലയാളികളുടെ ജീവന്‍ രക്ഷിക്കാനായത്.

കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് രൂപീകരിക്കുകയും കൂടുതല്‍ കാര്യ ക്ഷമതയോടെ പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്ന കാലമായിരുന്നു അത്. അന്ന് എന്നെ നോര്‍ക്ക റൂട്‌സ് കണ്‍സള്‍ട്ടന്റായി നിയമിക്കുകയും സൗദി പ്രവാസികള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളില്‍ ഉമ്മന്‍ ചാണ്ടി ഇടപെടുകയും ചെയ്തത്. അദ്ദേഹം നല്‍കിയ പിന്തുണയും പ്രോത്സാഹനവുമാണ് വധശിക്ഷ വിധിക്കപ്പെട്ട് തടവില്‍ കഴിഞ്ഞവര്‍ ഉള്‍പ്പെടെയുളളവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ എനിക്കും പ്രചോദനമായത്.

കോട്ടയം ചാലയില്‍വീട്ടില്‍ തോമസ് മാത്യു കൊല്ലപ്പെട്ട സംഭവത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട കൊല്ലം പളളിത്തോട്ടം സക്കീര്‍ ഹുസൈനെ 15 ലക്ഷം രൂപ ദിയാ ധനം നല്‍കി മോചിപ്പിക്കുന്നതിലും ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ ഉണ്ടായിരുന്നു. 2020ല്‍ നടന്ന സംഭവത്തില്‍ തോമസിന്റെ കുടുംബാംഗങ്ങള്‍ മാപ്പ് നല്‍കുന്നതിന് ഉമ്മന്‍ ചാണ്ടിയാണ് ഇടപെട്ടത്. പളളി വികാരിയെ ഇടനിലക്കാരനായി നിയോഗിച്ചാണ് ഇത് സാധിച്ചത്. പണം കണ്ടെത്തിയതും അദ്ദേഹം തന്നെ.

റിയാദില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ട മറ്റൊരു സംഭവത്തില്‍ മൂന്ന് മലയാളികള്‍ക്ക് വധശിക്ഷ വിധിച്ചു. അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കേസില്‍ ഇടപെടണമെന്ന് എന്നോട് ആവശ്യപ്പെട്ടു. 50 ലക്ഷം രൂപ ദിയാ ധനം നല്‍കി മരിച്ച ആളുടെ കുടുംബത്തില്‍ നിന്ന് മാപ്പ് നേടി പ്രതികളെ മോചിപ്പിക്കാന്‍ കഴിഞ്ഞു. ഇത്തരത്തില്‍ വധശിക്ഷക്ക് വിധിപ്പെട്ട പത്തിലധികം മലയാളികള്‍ക്കാണ് ഉമ്മന്‍ ചാണ്ടി ജീവിതം തിരിച്ചുകൊടുത്തത്.

നിയമ തടസ്സങ്ങളെ തുടര്‍ന്ന് നാട്ടിലെത്തിക്കാന്‍ കഴിയാത്ത മൃതദേഹങ്ങള്‍, ലേബര്‍ കേസുകള്‍, തൊഴിലുടമയുമായുളള തര്‍ക്കങ്ങള്‍, തടവില്‍ കഴിയുന്നവര്‍, നഴ്‌സുമാര്‍ നേരിടുന്ന പ്രതിസന്ധികള്‍, അവധി അനുവദിക്കാത്ത സംഭവങ്ങള്‍, റോഡ് അപകടങ്ങളില്‍ നഷ്ടപരിഹാരം കൊടുക്കാന്‍ കഴിയാതെ തടവില്‍ കഴിയുന്നവര്‍, ട്രാഫിക് പിഴ അടക്കാന്‍ കഴിയാതെ യാത്രാ വിലക്ക് നേരിടുന്നവര്‍ തുടങ്ങി ചെറുതും വലുതുമായ നൂറുകണക്കിന് പരാതികളാണ് ഉമ്മന്‍ ചാണ്ടി നേരിട്ട് വിളിച്ച് ഏല്‍പ്പിക്കുന്നത്. പഴ്‌സനല്‍ സ്റ്റാഫിലുളളവര്‍ തുടരന്വേഷണം നടത്തുന്നതിന് പുറമെ അദ്ദേഹവും പുരോഗതി അന്വേഷിക്കും. അധികാര സ്ഥാനം ഉളളപ്പോഴും ഇല്ലാത്തപ്പോഴും അദ്ദേഹത്തെ സമീപിച്ചാല്‍ കാര്യം സാധിക്കും എന്ന അനുഭവമാണ് പ്രവാസികള്‍ക്കുളളത്. അതുകൊണ്ടുതന്നെ ഏതൊരാളുടെയും ചെറുതും വലുതുമായ ഏത് പ്രശ്‌നവും അദ്ദേഹം കേള്‍ക്കുകയും പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യും.

മറ്റൊരാളെ സഹായിക്കുന്നതില്‍ പാര്‍ട്ടി, മതം എന്നിവയൊന്നും നോക്കാറില്ല.  സോളാര്‍ കേസ് കത്തി നില്‍ക്കുന്ന സമയം. മുഖ്യമന്ത്രിക്കെതിരെ അങ്ങേയറ്റം മോശം പരാമര്‍ശം നടത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട യുഡിഎഫ് വിരുദ്ധന്‍. റിയാദില്‍ വാന്‍ സെയിത്സ്മാനായ അദ്ദേഹത്തെ കണക്കിലെ തിരിമറി ആരോപിച്ച് തൊഴിലുടമ പോലീസില്‍ ഏല്‍പ്പിച്ചു. കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയെ സമീപിച്ചു. കാര്യം അന്വേഷിച്ച് ആവശ്യമായ സഹായം നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. കോണ്‍ഗ്രസ് വിരുദ്ധനാണെന്നും സഹായിക്കരുതെന്നും പലരും പറഞ്ഞു. അയാള്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട് ഉള്‍പ്പെടെ ചിലര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിച്ചു. ഇത് ശ്രദ്ധയില്‍പെട്ടതോടെ മുഖ്യമന്ത്രി നേരിട്ട് വിളിച്ചു. അദ്ദേഹത്തെ എത്രയും വേഗം മോചിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നായിരുന്നു നിര്‍ദേശം. കൂടെ ജോലി ചെയ്യുന്ന ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഇരയായിരുന്നു അദ്ദേഹമെന്ന് ബോധ്യപ്പെടുത്താന്‍ എന്റെ ഇടപെടല്‍ സഹായിച്ചു. അത് തിരിച്ചറിഞ്ഞ തൊഴിലുടമ തടവില്‍ നിന്ന് മോചിപ്പിച്ചു എന്നു മാത്രമല്ല ശമ്പളം വര്‍ധിപ്പിക്കുകയും സെയിത്സ് സൂപ്പര്‍വൈസറായി ജോലിക്കയറ്റം നല്‍കുകയും ചെയ്തു.

മറ്റുളളവരുടെ ദുഖം സ്വന്തം ദുഖമായി കാണാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല. സ്‌നേഹം, കരുണ, ആര്‍ദ്രത, സഹാനുഭൂതി തുടങ്ങിയ വികാരങ്ങള്‍ ഹൃദയ വിശാലതയാണ്. അതാണ് ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ഞാന്‍ പഠിച്ച പാഠവും മാതൃകയും.

(പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും നോര്‍ക്ക റൂട്‌സ് മുന്‍ കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍)

Leave a Reply