റിയാദ്: ഉമ്മന്‍ ചാണ്ടിയുടെ ആക്‌സ്മിക നിര്യാണം ഇന്ത്യ രാജ്യത്തിന് പൊതുവെയും കേരള ജനതക്ക് പ്രത്യേകിച്ചും കനത്ത നഷ്ടമാണെന്ന് ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ലളിതമായ ജീവിതവും സ്‌നേഹ സമ്പന്നമായ സമീപനവും ജനക്ഷേമത്തിന് ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളും ഉമ്മന്‍ ചാണ്ടിയെ ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ നേതാവാക്കി മാറ്റി. ഇരുപത്തിനാലു മണിക്കൂറും ജനസേവനത്തിന് നീക്കിവച്ച ഉമ്മന്‍ ചാണ്ടി സമാനതകള്‍ ഇല്ലാത്ത മാതൃകയാണ്. ക്രൂരമായ വേട്ടയാടലുകളെ സൗമ്യനായി നേരിട്ട അദ്ദേഹം എതിരാളികളോട് പോലും കാലുഷ്യം ഇല്ലാതെ പെരുമാറി. പുതിയ വികസന മാതൃകകള്‍ സൃഷ്ടിച്ച മാതൃകാ ഭരണാധികാരിയാണ്. കേരളസമൂഹത്തെ മതേതരമായി നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും അനുശോച സന്ദേശം വ്യക്തമാക്കി.
ഒഐസിസി കോഴിക്കോട്
റിയാദ്: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഒ.ഐ.സി.സി. കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി അനുശോചിച്ചു. ദീര്‍ഘകാലം നിയമസഭാംഗവുമായിരുന്ന ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞു നിന്ന നേതാവായിരുന്നു. ജനസമ്പര്‍ക്ക പരിപാടികളിലൂടെ അദ്ദേഹം കേരളത്തിന്റെ ജനകീയനായ മുഖ്യമന്ത്രിയായി മാറി.
ഉമ്മന്‍ ചാണ്ടിയുടെ റിയാദ് സന്ദര്‍ശന വേളയില്‍ ഒ.ഐ.സി.സി. കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി നിര്‍മ്മിച്ച് നല്‍കുന്ന ‘ഇന്ദിരാജി സ്‌നേഹ ഭവന പദ്ധതിയുടെ’ മാസ്റ്റര്‍ പ്ലാന്‍ അദ്ദേഹത്തിന് കൈമാറാനും അതു സംബന്ധിച്ച് മാര്‍ഗ നിര്‍ദ്ധേശങ്ങളും അദ്ദേഹം പങ്കുവച്ചത് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളാണെന്ന് ജില്ലാ കമ്മറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഒഐസിസി ആലപ്പുഴ
റിയാദ്: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി റിയാദ് അനുശോചിച്ചു. ചുവപ്പ് നാടയില്‍ കുടുങ്ങി ജീവിതം വഴിമുട്ടിയ ആയിരങ്ങള്‍ക്ക് ആശ്വാസമായിരുന്നു ഉമ്മന്‍ ചാണ്ടി. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെ പരിഹരിച്ച ജനകീയ മുഖ്യമന്ത്രി. പാര്‍ട്ടി പ്രവര്‍ത്തകരുടെ വിഷയങ്ങള്‍ കേട്ട് അവരില്‍ ഒരാളായി ജീവിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും അനുശോചന സന്ദേശത്തില്‍ ജില്ലാ കമ്മിറ്റി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.