
റിയാദ്: മതേതര ഇന്ത്യയെ മാറോട് ചേര്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷയാണ് കര്‍ണാടകയില്‍ കണ്ടതെന്ന് കെഎംസിസി സൗദി നാഷനല്‍ കമ്മിറ്റി. വര്‍ഗീയതയെ വോട്ടാക്കി മാറ്റാനുള്ള ബി ജെ പി യുടെ ഹിഡന്‍ അജണ്ടയെ ജനം തിരിച്ചറിഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. ഇന്ത്യന്‍ ജനതയുടെ മനസ്സറിഞ്ഞ തെരഞ്ഞെടുപ്പ് ഫലം ‘കൈ’പിടിയിലൊതുക്കിയ കര്‍ണാടക ജനതക്ക് ഹൃദ്യമായ അഭിവാദ്യങ്ങള്‍ അറിയിക്കുകയാണെന്നും കെഎംസിസി പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ ജനതയെ വര്‍ഗീയമായി വേര്‍തിരിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ബി ജെ പിയുടെ വ്യാമോഹമാണ് കര്‍ണാടകയില്‍ തകര്‍ന്നത്. വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും അഗ്‌നി ആളിക്കത്തിച്ച് വിജയം നേടാമെന്ന വര്‍ഗീയ ശക്തികളുടെ കണക്ക് കൂട്ടല്‍ പാടെ തള്ളിയ ഉല്‍ബുദ്ധരായ കര്‍ണാടകയിലെ ജനങ്ങളുടെ ചിന്തയാണ് ഇനി ഇന്ത്യന്‍ ജനത ചര്‍ച്ച ചെയ്യേണ്ടത്. ആ സംസ്‌കാരമാണ് നാം പാഠമാക്കേണ്ടതെന്നും കെഎംസിസി നാഷണല്‍ കമ്മിറ്റി നേതാക്കളായ കെ പി മുഹമ്മദ്കുട്ടി, ഖാദര്‍ ചെങ്കള, കുഞ്ഞിമോന്‍ കാക്കിയ, എ പി ഇബ്രാഹിം മുഹമ്മദ്, അഷ്‌റഫ് വേങ്ങാട്ട്, സയ്യിദ് അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, അഹമ്മദ് പാളയാട്ട് എന്നിവര്‍ പറഞ്ഞു.

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പോയിമറഞ്ഞ നാളുകള്‍ തിരിച്ചുപിടിക്കാന്‍ കൈകോര്‍ത്തവര്‍ ഒരേ മനസ്സും ഒരേ ചിന്തയും ഒരേ ലക്ഷ്യവുമായി ഒരൊറ്റ നേതൃത്വത്തിന് കീഴില്‍ അണിനിരന്നപ്പോള്‍ വിജയം കര്‍ണാടകയെ സ്‌നേഹിക്കുന്നവരുടെ ‘കൈ’പിടിയിലായി. ജീവനും ജീവിതവും രാജ്യത്തിന് സമര്‍പ്പിച്ച രാഹുല്‍ഗാന്ധിയുടെ കാല്‍പാടുകള്‍ കര്‍ണാടകയേ സ്‌നേഹാര്‍ദ്രമാക്കിയ നിമിഷങ്ങള്‍ കൂടിയാണ് മനോഹര വിജയം. ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ രാഹുല്‍ഗാന്ധിയുടെയും ഡി കെയുടെയും സിദ്ധരാമയ്യയുടെയും ഒപ്പം അണിനിരന്നു എന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങളെ ദ്രോഹിച്ച ബി ജെ പി സര്‍ക്കാരിനെ താഴെയിറക്കാന്‍ നിരായുധരായ ജനം വോട്ടവകാശം കുന്തമുനയാക്കി. ഹിജാബ് നിരോധിക്കുകയും മുസ്ലിം സംവരണം എടുത്തുകളയുകയും ചെയ്യുക വഴി ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ തീ കോരിയിട്ടവരെ പടിയടച്ച് പുറത്താക്കിയ നിലപാടാണ് കന്നഡയുടെ മക്കള്‍ കൈകൊണ്ടത്. കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തേണ്ട സന്ദേശമുയര്‍ത്തി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും നേതാക്കളും കന്നഡയുടെ മണ്ണില്‍ നടത്തിയ സംഘടിത നീക്കങ്ങളും ഗുണം ചെയ്തു. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മുസ്ലിംലീഗ് നടത്തിയ നീക്കങ്ങള്‍ ഏറെ വിജയകരമായി. നിര്‍ണ്ണായക വിജയത്തിന് ഉജ്ജ്വല നേതൃത്വം നല്‍കിയ മുഴുവന്‍ നേതാക്കള്‍ക്കും രാപകലില്ലാതെ ഊണും ഉറക്കവും ഒഴിഞ്ഞു പ്രവര്‍ത്തിച്ച കര്‍ണാടകയിലെ ജനങ്ങള്‍ക്കും സൗദി കെഎംസിസി അഭിവാദ്യങ്ങള്‍ നേര്‍ന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
