ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം മെയ് 12 ന് റിയാദില്‍

റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ 24-ാം ദേശീയ സംഗമം മെയ് 12ന് റിയാദിലെ റൗദ അല്‍ദുറാ, ലുലു വിശ്രമ കേന്ദ്രങ്ങളിലെ നാല് വേദികളില്‍ അരങ്ങേറും. ഇസ്‌ലാമിക മതകാര്യ മന്ത്രാലയം, ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയം എന്നിവയുടെ അംഗീകാരത്തോടെ ബത്ഹ ദഅ്‌വ ആന്റ് .അവയര്‍നസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസലാഹി സെന്ററിന്റെ നേതൃത്വത്തിലാണ് സംഗമം. അഡ്വ. മായിന്‍കുട്ടി മേത്തര്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, എം.എം അക്ബര്‍, അഹമദ് അനസ് മൗലവി എന്നിവര്‍ക്കുപുറമെ സൗദിയിലെ മത, സാമൂഹിക, മാധ്യമ, ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുക്കും.

6 സെഷനുകളായി നടക്കുന്ന പ്രോഗ്രാം രാവിലെ ആരംഭിക്കും. വേദി രണ്ടില്‍ രാവിലെ 10:00ന് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടക്കും. ഉച്ചക്ക് രണ്ടിന് ഉദ്ഘാടന സമ്മേളനം ഇതേ വേദിയില്‍ എം.എസ്.എസ് പ്രസിഡന്റ് നൗഷാദ് അലി പി. ഉദ്ഘാടനം നിര്‍വഹിക്കും. അജ്മല്‍ മദനി അല്‍ക്കോബാര്‍ മുഖ്യപ്രഭാഷണം നടത്തും.

വൈകീട്ട് 4:15ന് വേദി ഒന്നില്‍ ദേശീയ സംഗമത്തിന്റെ ഭാഗമായി സാംസ്‌കാരിക സംഗമം നടക്കും. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗദി നാഷ്ണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കബീര്‍ സലഫി പറളി ഉദ്ഘാടനം ചെയ്യും. ‘സമൂഹം സംസ്‌കാരം അതിജീവനം’ എന്ന പ്രമേയം എം.എം അക്ബര്‍ അവതരിപ്പിക്കും.

ഇതേസമയം വേദി രണ്ടില്‍ വനിതാ സമ്മേളനം എം.ജി.എം കേരള സ്‌റ്റേറ്റ് സെക്രട്ടറി സുഅദ ടീച്ചര്‍ നിര്‍വഹിക്കും. റിയാദ് ഇന്റര്‍നാഷ്ണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മീരാ റഹ്മാന്‍ മുഖ്യാതിഥിയായിരിക്കും. അമീന കുനിയില്‍, റാഹില അബ്ദുറഹ്മാന്‍, അഹമദ് അനസ് മൗലവി എന്നിവര്‍ വിഷയം അവതരിപ്പിക്കും.

കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന പ്രത്യേക പ്രോഗ്രാം ‘കളിത്തട്ട്’ വേദി 3, 4 എന്നിവിടങ്ങളില്‍ നടക്കും. ഹനിഫ് മാസ്റ്റര്‍, അംജദ് അന്‍വാരി, ഇസ്‌ലാഹി സെന്ററിന് കീഴിലുള്ള മദ്‌റസ അധ്യാപികര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

സമാപന സമ്മേളനവും രാത്രി 7ന് സമ്മാനദാനവും വേദി ഒന്നില്‍ പ്രത്യേകം സജ്ജമാക്കിയ ഓപ്പണ്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. 2022ല്‍ നടന്ന ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ പരീക്ഷാ വിജയികളെ ആദരിക്കും. രണ്ടര ലക്ഷം രൂപ ഉപഹാരം സമ്മാനിക്കും.

ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്‌വ ആന്റ്.അവയര്‍നസ് സൊസൈറ്റി ഡയറക്ടറും കിംഗ് സൗദ് യൂണിവേഴ്‌സിറ്റി ഫിഖ്ഹ് വിഭാഗം മേധാവിയുമായ ഡോ: അലി ബിന്‍ നാസര്‍ അല്‍ ശലആന്‍ ഉദ്ഘാടനം ചെയ്യും. ബത്ഹ ദഅ്‌വ ആന്റ് അവൈര്‍നസ് സൊസൈറ്റിയുടെ പ്രബോധക വിഭാഗം മേധാവി ശൈഖ് സ്വാലിഹ് ആല്‍യാബിസ്, കെ.എന്‍. എം സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും.

ഇസ്‌ലാഹി സെന്റര്‍ നാല്പതാം വാര്‍ഷിക പ്രഖ്യാപനം, വെബ്‌സൈറ്റ് റീ ലോഞ്ചിങ്ങ് എന്നിവ സമാപന സമ്മേളന വേദിയില്‍ നടക്കും. സമാപന സംഗമത്തില്‍ അഡ്വ. മായിന്‍കുട്ടി മേത്തര്‍, എം.എം അക്ബര്‍, അഹമദ് അനസ് മൗലവി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

രണ്ട് പതിറ്റാണ്ടായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വ്യവസ്ഥാപിതമായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പഠനപദ്ധതിയാണ് ലേണ്‍ ദി ഖുര്‍ആന്‍. ഒരുവട്ടം വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും പഠന പ്രക്രിയയില്‍ പൂര്‍ത്തിയായി. പുനരാവര്‍ത്തനം ആറാംഘട്ടമാണ് നിലവിലെ പാഠ്യപദ്ധതി. ഒരു ലക്ഷം പാഠപുസ്തകം സൗജന്യമായി ഈ വര്‍ഷം വിതരണം ചെയ്തു. ലോകത്തെവിടെയുമുളള മലയാളികള്‍ക്ക് പഠനപ്രക്രിയയില്‍ പങ്കെടുക്കാന്‍ കഴിയുന്ന വാര്‍ഷിക അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ എഴുതാന്‍ മവസരം ലഭിക്കും എന്നതാണ് പഠന പദ്ധതിയുടെ പ്രത്യേകത.

ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 6 സെഷനുകളില്‍ 6 പ്രമേയങ്ങള്‍ സംഗമം ചര്‍ച്ച ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുല്‍ഖയ്യും ബുസ്താനി, ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍, റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, അഡ്വ. അബ്ദുല്‍ജലീല്‍, നൗഷാദ് അലി, അബ്ദുസ്സലാം ബുസ്താനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply