റിയാദ്: മലര്‍വാടി ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാനോത്സവത്തിന്റെ മെഗാഫിനാലെയിലേക്ക് സൗദിയില്‍ നിന്നു ഏഴുപേര്‍ യോഗ്യത നേടി. മുന്നൂറ് കുട്ടികളാണ് രണ്ടാം റൗണ്ടില്‍ സൗദിയില്‍ നിന്നു മത്സരിച്ചത്. രണ്ട് ലക്ഷം കുട്ടികള്‍ പങ്കെടുത്ത മത്സര പരീക്ഷയില്‍ രണ്ടായിരം കുട്ടികള്‍ പ്രാഥമിക റൗണ്ടില്‍ സൗദിയില്‍ നിന്നു പങ്കെടുത്തു. വിവിധ പ്രവിശ്യകളില്‍ നിന്നു മെഗാഫിനാലെയിലെത്തിയ കുട്ടികളെയും രക്ഷിതാക്കളെയും മലര്‍വാടി സൗദി രക്ഷാധികാരി കെ.എം ബഷീര്‍ അഭിനന്ദിച്ചു.
ദമാമിലെ അല്‍മുനാ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ ഫാത്തിമാ നവാബ്, സഹോദരങ്ങളായ മുഹമ്മദ് നബീല്‍(യു.പി വിഭാഗം) നവാല്‍ ഫാത്തിമ (ഹൈസ്‌കൂള്‍) ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആദില്‍ മുഹമ്മദ് യു.പി തലത്തിലും ഫിനാലെയിലേക്ക് അര്‍ഹത നേടി. ജിദ്ദയില്‍ നിന്നു ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളായ സഹോദരിമാരാണ് മുന്നിലെത്തിയത്. ഷേഹ ബുഷൈര്‍(എല്‍.പി) ഷസ ബുഷൈര്‍(ഹൈസ്‌കൂള്‍) എന്നിവരാണവര്‍. യാര ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഹനിയ ഇര്‍ഷാദ്(എല്‍.പി) മാത്രമാണ് റിയാദ് മേഖലയില്‍ നിന്നു മെഗാഫിനാലെയിലേക്ക് യോഗ്യത നേടിയത്.
പുതിയ അറിവുകള്‍ ആര്‍ജിക്കുവാനും കുടുംബത്തോടൊപ്പമിരുന്നു അന്വേഷണത്തിന്റെയും പങ്കുവെക്കലിന്റെയും പുതിയ അനുഭവങ്ങള്‍ കൈവരിക്കുവാനും ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍ സഹായിച്ചുവെന്ന് കുട്ടികള്‍ പറഞ്ഞു. ചോദ്യങ്ങളെല്ലാം തന്നെ ഉന്നത നിലവാരം പുലര്‍ത്തിയെന്നും ഇത്തരം മത്സരങ്ങള്‍ കോവിഡ്കാലത്ത് കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്രദമാണെന്നും രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.
മലര്‍വാടി ഗ്ലോബല്‍ തലത്തില്‍ മൂന്ന് വിഭാഗങ്ങളിലായി തൊണ്ണൂറ് കുട്ടികളാണ് അവസാന റൗണ്ടില്‍ മത്സരിക്കുക. ഏപ്രില്‍ ആദ്യവാരത്തില്‍ മെഗാഫിനാലെ നടക്കുമെന്ന് മലര്‍വാടി ലിറ്റില്‍ സ്‌കോളര്‍ കേരള അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.