റിയാദ്: റമദാന്‍ വ്രതം ആരംഭിച്ചതോടെ ഇഫ്താര്‍ സംഗമങ്ങള്‍ക്കുളള ഒരുക്കത്തിലാണ് സൗദിയിലെ മലയാളി കൂട്ടായ്മകള്‍. വ്രത നാളുകളില്‍ കലാ, സാംസ്‌കാരിക ആഘോഷങ്ങള്‍ക്ക് മലയാളി കൂട്ടായ്മകള്‍ ഇടവേള നല്‍കി. ഇനിയുളള ദിവസങ്ങളില്‍ ഇഫ്താര്‍ ഒരുക്കാനുളള തയ്യാറെടുപ്പിലാണ് പല സംഘടനകളും. മത മൈത്രിയുടെ സന്ദേശം കൂടിയാണ് പ്രവാസ ലോകത്ത് മലയാളികളുടെ ഇഫ്താര്‍ വിരുന്നുകള്‍.
ജാതി, മത, രാഷ്ട്രീയ ഭേദമന്യേ വരും ദിവസങ്ങളില്‍ മലയാളികള്‍ ഒത്തു ചേരും. റിയാദിലെ ഹോട്ടലുകള്‍, ഓഡിറ്റോറിയങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഇതിനോടകം മലയാളി സംഘടനകള്‍ ബുക്കുചെയ്തു കഴിഞ്ഞു. ഇഫ്താറിന് ഇടം കിട്ടാത്ത സംഘടനകള്‍ അത്താഴ വിരുന്നൊരുക്കാനുളള തയ്യാറെടുപ്പിലാണ്.
റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ മുപ്പതു ദിവസവും ഇഫ്താര്‍ വിരുന്ന് ഒരുക്കിയിട്ടുണ്ട്. മലയാളികള്‍ തിങ്ങി താമസിക്കുന്ന ബത്ഹയിലും ശുമേസിയിലും ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തിലാണ് ഇഫ്താര്‍ വിരുന്ന്. ദിവസവും അഞ്ഞൂറിലധികം പേര്‍ക്ക് വിഭവ സമൃദ്ധമായ ഇഫ്താറാണ് ഒരുക്കുന്നത്. അന്‍പത് വളന്റിയര്‍മാരാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ മുഹമ്മദ് സുല്‍ഫിക്കര്‍ പറഞ്ഞു.
സെന്റര്‍ ഓഡിറ്റോറിയം വൈകീട്ട് നാല് മുതല്‍ സജീവമാകും. ദിവസവും നടക്കുന്ന വിജ്ഞാന ക്ലാസില്‍ മുന്നൂറിലധികം ആളുകളാണ് പങ്കെടുക്കുന്നത്. ഡോക്ടര്‍ കഫേ വിതരണം ചെയ്യുന്ന ഇഫ്താര്‍ വിഭവങ്ങള്‍ ഏറ്റവും മികച്ച ഗുണ നിലവാരം ഉറപ്പുവരുത്തുന്നവയാണ്.
പ്രാദേശിക പ്രവാസി കൂട്ടായ്മകളില്‍ ആദ്യം ഇഫ്താര്‍ സംഗമം ഒരുക്കിയത് പയ്യന്നൂര്‍ സൗഹൃദ വേദിയാണ്. സനൂപ് പയ്യന്നൂരിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടത്തുന്ന ഇഫ്താര്‍ ഈ വര്‍ഷവും മുടങ്ങാതെ ആദ്യ ദിവസം തന്നെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്നു.
റമദാനിലെ ആദ്യ വെളളി മാര്‍ച്ച് 15ന് മലയാളി സംഘടനകളുടെ ഒരു ഡസനിലധികം ഇഫ്താര്‍ സംഗമങ്ങള്‍ റിയാദ് നഗരത്തില്‍ മാത്രം നടക്കും. കായംകുളം കൂട്ടായ്മ (കൃപ), കാസര്‍ഗോഡ് കെഎംസിസി, റിയാദ് ടാകീസ്, മാസ് റിയാദ് തുടങ്ങി റിയാദിലെ മലയാളി കൂട്ടായ്മകളെല്ലാം ഇഫ്താര്‍ വിരുന്നൊരുക്കിയിട്ടുണ്ട്.
മരുഭൂമിയില്‍ ഇടയന്‍മാരോടൊത്ത് ഇഫ്താര്‍ വിരുന്നൊരുക്കുന്ന വ്യക്തികളും കൂട്ടായ്മകളുമുണ്ട്. മരുഭൂമിയിലെ മനുഷ്യ ജീവിതം അടുത്തറിയാനും അവരോട് ഐക്യപ്പെടാനുമാണ് മരുഭൂമിയില്‍ ഇഫ്താര്‍ ഒരുക്കുന്നത്. റിയാദില്‍ നിരവധി കൂട്ടായ്മകളാണ് മരുഭൂമിയില്‍ ഇഫ്താര്‍ വിരുന്നൊരുക്കാന്‍ തയ്യാറെടുക്കുന്നത്. പ്രവാസി മലയാളി ഫൗണ്ടേഷന്‍, ഗള്‍ഫ് മലയാളി ഫെഡറേഷന്‍ എന്നിവ മരുഭൂമിയില്‍ ഇഫ്താര്‍ വിരുന്നൊരുക്കും.
അതേസമയം, മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുന്നബവി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിശ്വാസികര്‍ ഇഫ്താറിനായി സംഗമിക്കുന്നത്. മക്കയില്‍ ഒരു ലക്ഷം പേരും മദീനയില്‍ 1.3 ലക്ഷം പേരും ദിവസവും സമൂഹ നോമ്പുതുറയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടങ്ങളില്‍ ഇഫ്താര്‍ സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇ-പോര്‍ട്ടല്‍ വഴി അനുമതി നേടണം. തീര്‍ഥാടകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യ വിഷബാധ തടയുന്നതിനുമാണിത്. വളന്റിയര്‍മാരായി സേവനം അനുഷ്ടിക്കുന്നവര്‍ക്കും അനുമതി ആവശ്യമാണ്.
റമദാന്‍ ആഗതമായതോടെ ഇസ്‌ലാമിക കാര്യ മന്ത്രാലയം മസ്ജിദുകളില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. പ്രാര്‍ത്ഥനകള്‍ ദീര്‍ഘിപ്പിക്കരുത്. പ്രാര്‍ത്ഥനാ വേളയില്‍ വിശ്വാസികളുടെ ചിത്രങ്ങള്‍ പകര്‍ത്തരുത്. നമസ്‌കാരം ഉള്‍പ്പെടെയുളള ആരധനാ കര്‍മങ്ങള്‍ സംപ്രേഷണം ചെയ്യരുത്. ഇഫ്താര്‍ സംഗമങ്ങള്‍ക്ക് സംഭാവന ശേഖരിക്കരുത്. മസ്ജിദിനുളളില്‍ ഇഫ്താര്‍ അനുവദിക്കില്ല. അനധികൃത ഇഫ്താര്‍ ടെന്റുകള്‍ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
