
റിയാദ്: റമദാന്‍ തിരക്ക് പ്രമാണിച്ച് മക്ക-മദീന ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിനുകളിലെ സീറ്റ് വര്‍ധിപ്പിക്കുമെന്നു സൗദി അറേബ്യന്‍ റെയില്‍വേ (എസ്.എ.ആര്‍) അറിയിച്ചു. റമദാനില്‍ മക്കക്കും മദീനക്കുമിടയിലെ യാത്രക്ക് ഏകദേശം 16 ലക്ഷം സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനവാണിത്.

തീര്‍ഥാടകരുടെ സഞ്ചാരം സുഗമമാക്കുക, കൂടുതല്‍ സുഖകരവും കാര്യക്ഷമവുമായ യാത്രാനുഭവം പ്രദാനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് തയ്യാറെടുപ്പുകള്‍. ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്ന സൗദി സ്പാനിഷ് റെയില്‍വേ കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തന പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ റമദാനിലെ ട്രിപ്പുകളുടെ എണ്ണം 3,410 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനത്തിലധികം വര്‍ധനവാണിത്.

പുണ്യമാസത്തില്‍ ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിനിെന്റ വലിയ ഡിമാന്‍ഡിനൊപ്പം സഞ്ചരിക്കാനുള്ള ശേഷി ഇത് വര്‍ധിപ്പിക്കുന്നു. റമദാനിലെ ആദ്യ ആഴ്ചയില്‍ പ്രതിദിനം നൂറ് ട്രിപ്പുകള്‍ നടത്തും. റമദാന്‍ 14ഓടെ ഇത് ക്രമേണ പ്രതിദിനം 120 ട്രിപ്പുകളാക്കി വര്‍ധിപ്പിക്കും. പുണ്യനഗരങ്ങളില്‍ ഭക്തരുടെ തിരക്ക് വര്‍ധിക്കുന്ന ദിവസങ്ങളില്‍ പ്രതിദിനം 130 വരെ ട്രിപ്പുകളായി ഉയരും.

തീര്‍ഥാടകരുടെ യാത്രകളില്‍ കൂടുതല്‍ വഴക്കം ഉറപ്പാക്കാനാണിത്. തീര്‍ഥാടകര്‍ക്ക് എളുപ്പത്തിലും ബുദ്ധിമുട്ടില്ലാതെയും കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് പ്രാപ്തരാക്കുന്ന തരത്തില്‍ നമസ്‌കാര സമയങ്ങള്‍ക്കനുസൃതമായി സര്‍വിസുകളുടെ സമയക്രമവും ക്രമീകരിച്ചിട്ടുണ്ടെന്ന് സൗദി റെയില്‍വേ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വേഗതയേറിയ 10 റെയില്‍വേയില്‍ ഒന്നാണ് ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വിസ്. മക്ക, ജിദ്ദ, കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന 453 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍വേ ലൈനില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.