
കൊവിഡ് വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച ഡെല്‍റ്റ വകഭേദത്തിനെതിരെ കൂടുതല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. അതിവേഗം പടരാന്‍ ശേഷിയുളള ഡെല്‍റ്റാ വൈറസിന് 72 മണിക്കൂര്‍ ജലത്തില്‍ ജീവിക്കാന്‍ ശേഷിയുണ്ട്. റഷ്യന്‍ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. വളര്‍ന്നുവരുന്ന ഡെല്‍റ്റയുടെ പുതിയ വകഭേദത്തെ തിരിച്ചറിയാന്‍ ശ്രമിക്കുന്നതിനിടെ റഷ്യയിലെ വിക്ടര്‍ സെന്റര്‍ ഫോര്‍ മൈക്രോബയോളജിയിലെ ശാസ്ത്രജ്ഞരാണ് ഡെല്‍റ്റ വകഭേദത്തിന്റെ സ്വഭാവ സവിശേഷതകള്‍ സംബന്ധിച്ച പുതിയ വിവരങ്ങള്‍ കണ്ടെത്തിയത്.

4 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ കുടിക്കാന്‍ കഴിയുന്ന ക്ലോറിന്‍ രഹിത ജലത്തിലും സമുദ്രജലത്തിലും ഡെല്‍റ്റാ വകഭേദങ്ങളുടെ പ്രവര്‍ത്തനക്ഷമത പരീക്ഷിച്ചു. റഷ്യന്‍ ശാസ്ത്രഞ്ജര്‍ ഒരു വര്‍ഷം മുമ്പ് ഉപയോഗിച്ച ഗവേഷണ രീതികള്‍ ആവര്‍ത്തിച്ചതില്‍ നിന്നാണ് ഡെല്‍റ്റ വൈറസിന് 72 മണിക്കൂര്‍ ജീവിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയത്. ക്ലോറിന്‍ കലരാത്ത കുടിവെളളത്തില്‍ ഡെല്‍റ്റ വകഭേദം 72 മണിക്കൂര്‍ വരെ ജീവിക്കാനുളള കഴിവ് നിലനിര്‍ത്തിയതായും ഗവേഷകര്‍ വ്യക്തമാക്കി.
ലോകത്ത് ഒന്നാം തരംഗത്തില്‍ പ്രത്യക്ഷപ്പെട്ട കൊവിഡിനെക്കാള്‍ മനുഷ്യനെ രൂക്ഷമായി ബാധിക്കാന്‍ െശേഷിയുളളതാണ് ഡെല്‍റ്റാ വകഭേദം. അതുകൊണ്ടുതന്നെ വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ വൈറസിന് കഴിയും. ഫൈസര്‍ ബയോടെക്, ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രാസെനെക്ക തുടങ്ങിയ വാക്‌സിനുകള്‍ ഡെല്‍റ്റാ വകഭേദത്തെ പ്രതിരോധിക്കാന്‍ ഫലപ്രദമാണെന്ന് ബ്രിട്ടണിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
സൗദി അറേബ്യയില്‍ കൊവിഡ് മുക്തി നേടിയവര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് ആരോഗ്യ മന്ത്രാലയം നേരത്തെ നല്‍കിയ നിര്‍ദേശം. എന്നാല്‍ ഡെല്‍റ്റ വൈറസ് പ്രത്യക്ഷപ്പെട്ടതോടെ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.