
നാദിര്‍ഷാ റഹിമാന്‍
റിയാദ്: പാര്‍ലിമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്‍ പ്രവാസികളിലും ആശങ്ക ഉളവാക്കുന്നു. മാധ്യമ വിശകലനങ്ങളും സാമൂഹിക മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകളും പ്രവാസികളിലും ആശയ കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. പൗരത്വം എങ്ങിനെ തെളിയിക്കാന്‍ കഴിയും എന്ന ആശങ്കയാണ് പ്രവാസികള്‍ പൊതുവെ പങ്കുവെക്കുന്നത്.
ഹജ് വിസയിലും ഉംറ വിസയിലും സൗദിയില്‍ അനധികൃതമായി തൊഴില്‍ കണ്ടെത്തിയ നൂറുകണക്കിന് മലയാളികളുണ്ട്. നിയമ ലംഘകരായി വര്‍ഷങ്ങളോളം ഇത്തരക്കാര്‍ സൗദിയില്‍ ജോലി ചെയ്തിരുന്നു. ഇവരിലേറെയും പുതയ തൊഴില്‍ വിസയില്‍ വന്നത് തെറ്റായ മേല്‍ വിലാസത്തിലുളള പുതിയ പാസ്‌പോര്‍ട്ടുകളിലാണ്. ഇവര്‍ക്ക് പാസ്‌പോര്‍ട് പോലും രേഖയാക്കാന്‍ കഴിയാതെ വരും. മലബാറില്‍ നിന്നാണ് ഇത്തരത്തില്‍ കൂടുതല്‍ ആളുകള്‍ ഗള്‍ഫ് നാടുകളില്‍ ജോലി കണ്ടെത്തിയിട്ടുളളത്.
അതേസമയം, പ്രവാസികള്‍ ബന്ധുക്കളോടും മാതാപിതാക്കളോടും രേഖള്‍ തിരയാന്‍ ആവശ്യപ്പെടുന്നതായി അറിയുന്നു.1950ന് ശേഷം 1987വരെ ഇന്ത്യയില്‍ ജനിച്ചവര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ആണ്. 1987 മുതല്‍ 2004വരെജനിച്ചവര്‍ ആണെങ്കില്‍ അവര്‍ അവരുടെ പിതാവ് ഇന്ത്യയില്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കണം. 2004ന് ശേഷം ജനിച്ചവര്‍ ആണെങ്കില്‍ അവരുടെ മാതാപിതാക്കള്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ആണെന്നും തെളിയിക്കണം.
ആസാമില്‍ പൗരത്വ രജിസ്റ്ററില്‍ പേര് ചേര്‍ത്തത് 1961, 66, 71 എന്നീ കാലഘട്ടങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിച്ചാണ്. ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, വോട്ടര്‍ ഐഡന്റിറ്റികാര്‍ഡ്, ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവ പരിഗണിച്ചിരുന്നില്ല.
അങ്ങനെവന്നാല്‍ പൗരത്വ രജിസ്റ്ററില്‍ പേരില്ലാത്ത ഹിന്ദു, കൃസ്ത്യന്‍, പാഴ്‌സി, സിഖ് മതക്കാരാണെങ്കില്‍ ഭേദഗതി വരുത്തിയ പൗരത്വ ബില്‍ പ്രകാരം ഇന്ത്യന്‍ പൗരനാകാന്‍കഴിയും. അതേസമയം, മുസ്‌ലിംകള്‍ പൗരത്വ രജിസ്റ്ററില്‍ നിന്നു പുറത്താവുകയും ചെയ്യും. മുസ്‌ലിംകള്‍ ഇന്ത്യന്‍ പൗരന്‍മാരാണെന്ന് തെളിയിക്കാനാവശ്യമായ രേഖകള്‍ ഏതൊക്കെയെന്ന് സര്‍ക്കാര്‍ നിശ്ചയിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായത്തിനു മുമ്പില്‍ ഉയര്‍ത്തുന്ന ഭീഷണി പ്രവാസികളെയും ആശങ്കയിലാഴ്ത്തുകയാണ്
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
