
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ബദിയ ഏരിയാ സമ്മേളനം വി എസ് അച്യുതാനന്ദന്‍ നഗറില്‍നടന്നു. പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന സമ്മേളനത്തില്‍ ഏരിയ പ്രസിഡന്റ് അലി കാക്കഞ്ചേരി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സീബ കൂവോട് ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ സംവിധങ്ങളോടുള്ള യൂണിയന്‍ സര്‍ക്കാരിന്റെ വിവേചനം അവസാനിപ്പിക്കണമെന്നും കേരളത്തിന് ഔദാര്യമല്ല അര്‍ഹമായ അവകാശങ്ങള്‍ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിലെ ദുരന്തബാധിതര്‍ക്ക് സഹായം അനുവദിക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. ഈ വര്‍ഷം ജനുവരിയില്‍ വായ്പകള്‍ എഴുതിത്തള്ളുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ തീരുമാനമറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനെതുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തുകയാണ് ചെയ്തത്.

2025 മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വന്ന ഭേദഗതിയിലൂടെ വായ്പ എഴുതിത്തള്ളാനുള്ള നിയമപരമായ ബാധ്യത നീക്കം ചെയ്താണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനുള്ള സാധ്യത തടഞ്ഞത്. ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ അധികാരം നല്‍കുന്ന ദുരന്ത നിവാരണ നിയമത്തിലെ 13-ാം വകുപ്പ് കേന്ദ്രം എടുത്തു കളഞ്ഞു. ഇത് ഇന്ത്യന്‍ ജനതയോട് കാണിക്കുന്ന മനുഷ്യത്വ രഹിതമായ സമീപനമാണ്. കേന്ദ്ര സര്‍ക്കാറിന് മുകളില്‍ അല്ല ബാങ്ക് നിയമങ്ങള്‍ എന്ന് ആര്‍ട്ടിക്കിള്‍ 73 പ്രകാരം കേന്ദ്ര സര്‍ക്കാരിന് നടപടി സ്വീകരിക്കാനുള്ള ശേഷി ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

സ്വന്തം രാജ്യത്തെ ദുരന്ത മുഖത്തെ ജനതയെ സഹായിക്കാതിരിക്കാന്‍ നിയമ ഭേദഗതി വരുത്തിയ സംഭവം ലോകത്ത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. മുമ്പ് പ്രളയ സമയത്തും വിദേശ സഹായങ്ങള്‍ സ്വീകരിക്കുന്നത്തില്‍ കേരളത്തിന് പ്രത്യേക നിയമം കേന്ദ്രം കൊണ്ട് വരികയും പിന്നീട് തങ്ങള്‍ക്ക് താല്‍പര്യം ഉള്ള സംസ്ഥനങ്ങള്‍ക്ക് അനുവാദം നല്‍കുകയും ചെയ്തു. കേരളം നിരന്തരം നേരിടുന്ന അവഗണന ഹൈക്കോടതിക്ക് ബോദ്ധ്യപ്പെട്ടതു ആശ്വാസകരമാണ്. കോടതിയുടെ ഭാഗത്തുനിന്നു ശക്തമായ ഇടപെടല്‍ വേണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

ഏരിയാ സെക്രട്ടറി കിഷോര്‍ ഇ നിസാം മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജോയിന്റ് ട്രഷറര്‍ ജാര്‍നെറ്റ് നെല്‍സണ്‍ വരവ് ചെലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ആറു യൂണിറ്റുകളില്‍ നിന്നായി 63 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കിഷോര്‍ ഇ നിസാം, ജാര്‍നെറ്റ് നെല്‍സണ്‍, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി രക്ഷാധികാരി അംഗം സീബാ കൂവോട് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. മിഗ്ദാദ്, ധര്‍മ്മരാജ്, നിസാം പത്തനംതിട്ട, സന്തോഷ് കുമാര്‍, ഷമീര്‍ കുന്നത്ത്, സജീവ് കാരത്തൊടി എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ വതരിപ്പിച്ചു.





