കറങ്ങി നടന്നാല്‍ തൊഴില്‍ രഹിത വേതനമില്ല

റിയാദ്: സൗദിയില്‍ തൊഴില്‍ തേടാന്‍ ശ്രമിക്കാത്തവര്‍ക്ക് തൊഴില്‍ രഹിത വേതനം അനുവദിക്കില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. ജോലി ചെയ്യാന്‍ ശേഷിയുള്ളവര്‍ തൊഴില്‍ ഇല്ലെങ്കില്‍ മന്ത്രാലയത്തിന്റെ തൊഴില്‍ പ്ലാറ്റ്‌ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലാത്തവര്‍ക്കു പ്രതിമാസ ധനസഹായ വിതരണം നിര്‍ത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

തൊഴില്‍ വാഗ്ദാനങ്ങളും പരിശീലന പരിപാടികളും സ്വീകരിക്കാത്തവര്‍ക്കും സഹായം നല്‍കില്ല. ധനസഹായ വിതരണം നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിനെതിരെ ആവശ്യമായ രേഖകള്‍ സഹിതം ഗുണഭോക്താവിന് അപ്പീല്‍ നല്‍കാന്‍ സാധിക്കും. തൊഴില്‍, ശാക്തീകരണ അവസരങ്ങളുമായി ഗുണഭോക്താവ് പത്തു ദിവസത്തിനകം പ്രതികരിക്കണമെന്ന് വ്യവസ്ഥയുണ്ട്. അതല്ലെങ്കില്‍ തൊഴില്‍ അന്വേഷിക്കുന്നത് തെളിയിക്കാന്‍ ഗുണഭോക്താക്കള്‍ മന്ത്രാലയത്തിനു കീഴിലെ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം ആയ താഖാത്തില്‍ രജിസ്റ്റര്‍ ചെയ്യണം.

നിശ്ചിത സമയത്തിനകം ശാക്തീകരണ അവസരങ്ങള്‍ പ്രയോജനപ്പെടുത്താത്ത ഗുണഭോക്താവിനുള്ള ധനസഹായ വിതരണം നിര്‍ത്തിവെക്കും. സമീപ കാലത്ത് ശാക്തീകരണ അവസരങ്ങള്‍ പ്രയോജനപ്പെടുത്താത്ത 18 മുതല്‍ 40 വരെ പ്രായമുള്ള 7300 ലേറെ ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണം മന്ത്രാലയം നിര്‍ത്തിവെച്ചിരുന്നു. ധനസഹായ വിതരണ വ്യവസ്ഥകള്‍ ലംഘിച്ചതിനും ശാക്തീകരണ അവസരങ്ങള്‍ പ്രയോജനപ്പെടുത്താത്തതിനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി വഴി മുന്നോട്ടുവെച്ച തൊഴിലവസരങ്ങള്‍ നിരാകരിച്ചതിനുമാണ് ഇവര്‍ക്കുള്ള ധനസഹായ വിതരണം നിര്‍ത്തിവെച്ചത്.

Leave a Reply