
റിയാദ്: വിവാഹ സല്‍ക്കാര വേദിയില്‍ വോട്ട് ചോരിക്കെതിരെ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍. ഒഐസിസി റിയാദ് മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പന്റെ മക്കളുടെ വിവാഹ സല്‍ക്കാരം നടന്ന റിയാദിലാണ് ക്യാമ്പയിന്‍ അരങ്ങേറിയത്. ജനാധിപത്യത്തിന്റെ പ്രധാന്യവും സാമൂഹിക ബോധവത്ക്കരണവും ലക്ഷ്യമാക്കിയാണ് കാമ്പയിന്‍. ജനാധിപത്യത്തിന്റെ അടിത്തറയാണ് വോട്ട്. എന്നാല്‍ ബിജെപി ആസൂത്രിതമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെയാണിത്. ഇതിനെതിരെ ജാഗ്രത ആവശ്യമാണെന്ന ബോധവത്ക്കരണത്തിന്റെ ഭാഗമാണ് ക്യാമ്പയിന്‍.

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത അഞ്ഞൂറിലധികം അതിഥികള്‍ ‘വോട്ട് ചോരിക്കെതിരെ ജനാധിപത്യത്തിനായുള്ള കയ്യൊപ്പ്’ എന്ന ക്യാമ്പയിനില്‍ പങ്കെടുത്തു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് സി.എം. കുഞ്ഞി കുമ്പളയും കെ.എം.സി.സി പ്രസിഡന്റ് സി.പി. മുസ്തഫയും ചേര്‍ന്ന് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

ബിജെപി ഭരണകൂടവും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് രാജ്യത്ത് നടപ്പാക്കുന്ന ജനാധിപത്യ ധ്വംസനത്തിനെതിരായ പ്രവാസി സമൂഹത്തിന്റെ ശക്തമായ പ്രതികരണമാണ് സംരംഭം. രാഷ്ട്രീയ ബോധമുള്ള പ്രവാസി സമൂഹം സ്വകാര്യ ചടങ്ങുകളിലും സാമൂഹിക ഉത്തരവാദിത്വം പ്രകടിപ്പിക്കുന്നതിന് മികച്ച ഉദാഹരണമാണ് ക്യാമ്പയിനെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ജനാധിപത്യ മൂല്യങ്ങളെയും വോട്ടവകാശത്തെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരിക്കേണ്ടതിന്റെ പ്രാധാന്യവും അവര്‍ വിശദീകരിച്ചു. ‘ജനാധിപത്യത്തിന്റെ ഭാവി ജനങ്ങളുടെ ഉണര്‍വിലാണ്’ എന്ന സന്ദേശം ക്യാമ്പയിന്‍ വേദിയില്‍ മുഴങ്ങി.





