
റിയാദ്: സൗദി അറേബ്യയില്‍ ഇഖാമ ഇല്ലാത്തവര്‍ക്കും കാലാവധി കഴിഞ്ഞ ഇഖാമ ഉളളവര്‍ക്കും രാജ്യം വിടാന്‍ അവസരം. പിഴയും ശിക്ഷയും ഇല്ലാതെ ഫൈനല്‍ എക്‌സിറ്റ് വീസ നേടുന്നതിന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ www.hrd.gov.sa വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം.

ഫൈനല്‍ എക്‌സിറ്റ് നേടുന്നതിന് ചുരുങ്ങിയത് 30 ദിവസം റസിഡന്റ് പെര്‍മിറ്റായ ഇഖാമ കാലാവധി ആവശ്യമാണെന്നാണ് ചട്ടം. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് റിയാദ് ഇന്ത്യന്‍ എംബസി വഴി അപേക്ഷിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ഫൈനല്‍ എക്‌സിറ്റ് വീസ നല്‍കിയിരുന്നു. ഇതിന് മൂന്നു മുതല്‍ നാലു മാസം സമയം എടുത്തിരുന്നു. പുതിയ സംവിധാനം നിലവില്‍ വന്നതോടെ വേഗത്തില്‍ നടപടിക്രമം പൂര്‍ത്തിയാക്കി ഫൈനല്‍ എക്‌സിറ്റ് നേടാന്‍ കഴിയും.

രാജ്യത്ത് നടക്കുന്ന പരിശോധനകളില്‍ ശരാശരി 15,000 നിയമ ലംഘകരാണ് ഓരോ ആഴ്ചയും പിടിയിലാകുന്നത്. ഇവരെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ അഭയം നല്‍കിയതിനു ശേഷം ഓരോ രാജ്യങ്ങളുടെയും എംബസികള്‍ വഴി ഔട്ട് പാസ് നേടി സൗദി അറേബ്യയുടെ ചെലവില്‍ മാതൃരാജ്യങ്ങളിലേയ്ക്കു മടക്കി അയക്കുകയാണ് പതിവ്. ഇതു ഏറെ ശ്രമകരമായ ദൗത്യമാണ്. ഈ സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ടു കൈവശമുളളവരും യാത്രാ ടിക്കറ്റു സ്വന്തം ചെലവില്‍ എടുക്കുന്നവര്‍ക്കും പിഴയും ശിക്ഷയുമില്ലാതെ രാജ്യം വിടാന്‍ അവസരം ഒരുക്കുന്നത്. കുറ്റകൃത്യങ്ങള്‍, പണമിടപാട് തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെടാത്തവര്‍ക്കാണ് ഫൈനല്‍ എക്‌സിറ്റ് അനുവദിക്കുന്നത്. പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിയമ ലംഘകരായി കഴിയുന്നവര്‍ക്ക് രാജ്യം വിടാനുളള അവസരമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.





