
റിയാദ്: സൗദി തലസ്ഥാന നഗരിയില്‍ മികച്ച സേവനങ്ങള്‍ ഉറപ്പു വരുത്തുന്നതിന് ‘മുനിസിപ്പല്‍ ട്രാന്‍സ്ഫര്‍മേഷന്‍’ എന്ന പേരില്‍ പ്രത്യേക പദ്ധതി ആരംഭിച്ചു. റിയാദ് പ്രവിശ്യയിലെ 16 നഗരസഭകളെ ബന്ധിപ്പിച്ചാണ് പുതിയ പദ്ധതി.

ദ്രുതഗതിയില്‍ വളരുന്ന സൗദി തലസ്ഥാന നഗരിയ്ക്കു മുതല്‍കൂട്ടാകുന്ന പദ്ധതിയാണ് മുനിസിപ്പല്‍ ട്രാന്‍ഫര്‍മേഷന്‍ പ്രോഗ്രാം. മേയര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരത്തിന്റെ ആവശ്യങ്ങള്‍ക്കും ആഗോള സാഹചര്യത്തിനും അനുയോജ്യമായ രീതിയില്‍ നഗരസഭയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. റിയാദിലെ നഗര സഭകള്‍ കഴിഞ്ഞ വര്‍ഷം 1.3 ലക്ഷം കോമേഴ്‌സ്യല്‍ ലൈസന്‍സുകളും 2.76 ലക്ഷം കണ്‍സ്ട്രക്ഷന്‍ ലൈസന്‍സുകളുമാണ് വിതരണം ചെയ്തത്. 8.11 ലക്ഷം ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കാര്യക്ഷമത മെച്ചപ്പെടുത്തി ഗുണഭോക്താക്കള്‍ക്ക് അതിവേഗം സേവനം ഉറപ്പുവരുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതി. ഇതിനായി റിയാദ് പ്രവിശ്യയിലെ 16 നഗരസഭകളെ അഞ്ച് മേഖലകളാക്കി തിരിക്കും. ഇതുവഴി പ്രത്യക്ഷമായും പരോക്ഷമായും മുനിസിപ്പല്‍ സേവനങ്ങള്‍ അതിവേഗം ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കും.

നിരവധി വന്‍കിട പദ്ധതികളുടെ നിര്‍മ്മാണങ്ങളാണ് റിയാദില്‍ പുരോഗമിക്കുന്നത്. മെഗാ ഈവന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുളള ഒരുക്കത്തിലുമാണ് റിയാദ് നഗരം. ഇതിനെല്ലാം നഗരസ സഭാ ലൈസന്‍സ് ആവശ്യമാണ്. അതുകൊണ്ടുതന്നെ ആഗോള പരിപാടികള്‍ക്കു അനുയോജ്യമായ സേവനങ്ങള്‍ നല്‍കാനുള്ള ശേഷി ഉറപ്പാക്കാനാണ് പരിഷ്‌കരണ പദ്ധതി നടപ്പിലാക്കുന്നത്.





