റിയാദ്: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാലന്റെ രണ്ടര മണിക്കൂര്‍ നീണ്ട രാഷ്ട്രീയ കവല പ്രസംഗം മാത്രമാണന്ന് ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന ഓരോ പദ്ധതികളും ഈ സര്‍ക്കാറിന്റെ നേട്ടമായി പറയുന്നു. മന്ത്രിയോടും സര്‍ക്കാറിനോടും സഹതാപം മാത്രമാണെന്നും ഒഐസിസി പ്രസ്താവനയില്‍ പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില തകര്‍ച്ച നേരിടുന്ന കാലത്ത് മൂന്ന് വര്‍ഷത്തിന് ശേഷം പത്ത് രൂപ റബ്ബറിന് വര്‍ദ്ധനവ് നല്‍കിയത് റബ്ബര്‍ കര്‍ഷകരെ അവഹേളിക്കലാണ്. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുവാന്‍ എന്ന പേരില്‍ പ്രഖ്യാപിച്ച വായ്പാ പദ്ധതികള്‍ പ്രവാസികളെ ആത്മഹത്യയിലേക്ക് നയിക്കും. ആരെങ്കിലും സ്വന്തം നിലയ്ക്ക് ചെറുകിട പദ്ധതികളുമായി മുന്നോട്ട് പോയാല്‍ പരമാവധി ദ്രോഹിച്ച് ആത്മഹത്യയില്‍ എത്തിക്കുന്നതും കേരളം കണ്ടതാണ്. യുഡിഎഫിന്റെ കാലത്ത് വിദേശ സര്‍വകലാശാലകള്‍ കേരളത്തില്‍ കൊണ്ട് വരുന്നതിനെ അനുകൂലിച്ച് സംസാരിച്ച ടി.പി ശ്രീനിവാസനെ എസ്എഫ്‌ഐ ആക്രമിച്ചു. അവര്‍ മാപ്പ് പറയാന്‍ തയ്യാറാകുമോ എന്നും ഒ.ഐ.സി.സി ചോദിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.