Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

സ്‌നേഹത്തിന്റെ ഭാഷയും വിശ്വാസത്തിന്റെ കരുത്തും കറയില്ലാത്ത ഖല്‍ബും

വായന | സാജിദ എസ്എപി

സങ്കീര്‍ണ്ണമായ ജീവിത പ്രശ്‌നങ്ങളിലുഴലുന്ന മനുജന് വെളിച്ചമുള്ള ഇത്തിരിക്കുഞ്ഞന്‍ വാക്കുമതിയാവും പ്രതീക്ഷയുടെ, സ്വഛന്ദതയുടെ ജീവല്‍ സ്വരൂപത്തിലേക്ക് തിരിച്ചെത്താന്‍. സ്‌നേഹനിധിയായ സൃഷ്ടാവിനോടുള്ള നന്ദിയും പ്രണയവും ചാലിച്ച വരികളാവുമ്പോള്‍ ഇരുളു മറയിട്ട ഉള്ളിലെ പ്രകാശധാര പൊട്ടിയൊഴുകാതെ തരമില്ല.

ആത്മാനുരാഗം പ്രകാശിപ്പിക്കുന്ന വരികള്‍ ഉള്ളിലെ നന്മയും സ്‌നേവും കൂട്ടികുഴച്ച് ജീവിതത്തെ ഹര്‍ഷോന്മാദങ്ങളിലേക്ക് ആനയിക്കും. ഇങ്ങനെ നിനവിലുറങ്ങുന്ന നന്മകളെയാകെയും നനച്ചുണര്‍ത്തുന്ന നിര്‍മ്മലമായ വാക്കുകള്‍ കൊണ്ട് കവിത രചിക്കുകയാണ് നിഖില സമീര്‍.

മുഖ പുസ്തകത്തിലെ കൊച്ചു കൊച്ചു വരികളിലൂടെയാണ് നിഖിലയെന്ന എഴുത്തുകാരിയെ ആദ്യമായി അറിഞ്ഞത്. മനസ്സുകളെ മൃദുലമാക്കുന്ന കുഞ്ഞന്‍ എഴുത്തുകളാല്‍ ധന്യയാണ് നിഖില. സ്‌നേഹമാണതിന്റെ ഭാഷ. വിശ്വാസമാണതിന്റെ കരുത്ത്. കറയും കേടുമില്ലാത്ത ഖല്‍ബാണതിന്റെ ലക്ഷ്യം. നന്മകള്‍ പൂക്കാനും പന്തലിക്കാനും ഉതകുന്ന വെള്ളിവെളിച്ചം വളമായി നല്‍കുന്ന നിഖിലയുടെ രചനകള്‍ ഹൃദയാഴങ്ങളില്‍ ഇടനേടിക്കഴിഞ്ഞു.

ആദ്യ കവിത സമാഹാരമായ ‘അമേയ’യില്‍ ‘കരളുരുക്കം’ എന്ന തലേക്കെട്ടില്‍ നിഖില എഴുതുന്നു.. ‘ചിരിക്കുന്നയോരോ കണ്ണിനുമുണ്ടാം കിനിയും ചോരതന്‍ കാഴ്ചവെട്ടം’.
കവിയത്രിയുടെ കാവ്യക്കാഴ്ചകള്‍ പിന്നെയും തുടരുന്നത് നോക്കൂ.. ‘ഉരുകിയുലഞ്ഞു വീഴുമ്പോഴുമൂതി നീയെന്ന തണലിലാറ്റും നിത്യ ജാഗ്രത’.

സൂഫിസത്തിന്റെ പ്രശാന്തിയിലിരുന്ന് അലിഞ്ഞു ചേരുന്നതിനെക്കുറിച്ചിങ്ങനെ പറയുന്നു.
‘കാത്തിരിപ്പിന്‍ കാലങ്ങളിലാണ് പ്രണയപ്പൂക്കള്‍ക്ക്
സുഗന്ധമേറുക….
നീയിങ്ങനെ പുണരുമ്പോള്‍
നിന്നിലാവുമ്പോള്‍
കുളിര്‍മഴ പൊഴിയുന്നു
സുഗന്ധം പൊതിയുന്നു’

ആത്മീയതയുടെ തീരത്തിരുന്ന് രാപകലിന്റെ ആലസ്യമില്ലാതെ കാത്തിരിക്കുന്നൊരു ദൈവത്തിന്റെ സ്‌നേഹത്തില്‍ ലയിച്, പ്രപഞ്ചത്തിന്റെ അടിസ്ഥാന നിത്യസത്തയാണ് എന്നിലെ യഥാര്‍ത്ഥ ഞാന്‍ എന്ന അറിവും കൂട്ടിക്കുഴച്ചാല്‍ ഏത് ജീവിതാവസ്ഥാന്തരങ്ങളിലും ആത്മാനന്ദത്തിന്റെ അനുഭവമുണ്ടാവുമെന്ന് വായനക്കാരനുള്ളിലേക്ക് സന്നിവേശിപ്പിക്കാന്‍ കവിയത്രിക്ക് സാധ്യമാവുന്നു.

ഉള്ളുണര്‍ത്തുന്ന ജീവിതത്തിനൊരു പാചകകുറിപ്പെന്ന വണ്ണം
‘കരുണയില്‍ കൊരുത്ത്
കുറവുകളും കുറ്റങ്ങളും
നഖമെന്നപോല്‍ മുറിച്
കാരുണ്യത്തോടെ മറക്കണം.എന്ന് തുടങ്ങി
ഞാനും നീയുമില്ലാതെ നാമാകണം
ആത്മപ്രഭയിലലിയണം എന്ന് പറയുമ്പോള്‍
ആ ലയനത്തിലും ചിന്തയുടെ ചിറ്റോളങ്ങള്‍
ബോധമണ്ഡലത്തില്‍ തുറന്നുവെക്കുവാന്‍ കവി ഉണര്‍ത്തുന്നു.

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും നിര്‍വചിക്കാന്‍ നിലാവിനെക്കാള്‍ മികവുള്ളൊരു ഉപമ ഇല്ലെന്നു തോന്നുന്നു. അതിനാല്‍ തന്നെയാവാം നിഖില രണ്ടാം കവിതാപുസ്തകത്തിന് ‘നീയും നിലാവും’ എന്ന് നാമകരണം ചെയ്തത്.

നേടിയ ജീവിതത്തെളിമ വാക്കുകളിലെമ്പാടും സ്വാംശീകരിച്ചെടുത്ത് മനോഹരമായി വരച്ചിടുവാന്‍ ശ്രദ്ധിച്ചിട്ടുണ്ട് നിഖില. നശ്വരമാണ് മനുഷ്യജന്മമെങ്കിലും ഓരോ ജന്മവായനയും അമൂല്യവും അപൂര്‍വ്വവും സുഗന്ധപൂരിതവുമാണെന്ന് ജീവസ്സുറ്റ ഹൃദയത്തില്‍ നിന്നുതിര്‍ന്നു വീഴുമ്പോള്‍, കാഴ്ചയെ തെളിമയാര്‍ന്നതാക്കി ഓരോ ജീവല്‍ പുസ്തകത്തിന്റെയും സൗന്ദര്യം മാത്രം തൊട്ടെടുക്കുവാന്‍ വായനക്കാരനെ ദ്യോതിപ്പിക്കുന്നു. നോവിന്റെ മേല്‍ ചിരിയെന്ന മേലങ്കിയണിഞ്ഞ ഓരോ മനുഷ്യനും എന്ന തലം അപരന്റെ പോരായ്മകള്‍ കാണാതെ, ദുഖങ്ങള്‍ക്ക് സുഖത്തിന്റെ തലോടലേകാനുള്ള അകം പണിതെടുക്കുവാന്‍ പ്രേരണയാവുന്നു.

വ്യക്തിത്വത്തിന് വ്യക്തമുള്ള വഴിതെളിക്കാന്‍ തിന്മയില്‍ നിന്നകന്ന്
നന്മയിലേക്ക് ഓടിയടുക്കുവാന്‍ തക്കവണ്ണം ഒരുപിടി അക്ഷരങ്ങളാണ് ‘കാത്തിരിപ്പി’ല്‍ വരിചേര്‍ത്ത് വെച്ചിരിക്കുന്നത്.

കല്ലിച്ചുപോയ സമൂഹ മനസ്സാക്ഷിയോട് വിരല്‍ ചൂണ്ടുവാന്‍ പാകമായ ‘ചൂണ്ട’യിലെ ആര്‍ജ്ജവവും ചുറ്റുമുള്ളതിനെയെല്ലാം ചേര്‍ത്ത് നിര്‍ത്തി കൂടുതല്‍ മിഴിവോടെ പ്രപഞ്ചത്തേക്കാണാനുള്ള ശ്രമവും കൈയ്യടക്കം വന്ന കവിയത്രിയെ നമുക്ക് കാട്ടിത്തരുന്നു.

കാലടിപ്പാട്, പച്ചമനുഷ്യന്‍, മനനം ചേര്‍ന്ന്, മനുവിന്റെ രാജ്യം എന്ന് തുടങ്ങി തുടര്‍വായനക്ക് പ്രേരകമാവുന്ന നിഖിലയുടെ വരികളെല്ലാം എടുത്തുകാട്ടി വിവരിക്കുക സാധ്യമല്ല. ഓരോ വായനയും അകങ്ങളിലേക്ക് നീണ്ട് വാഴുന്ന വിശുദ്ധിയുടെ രാഗാലാപമായി മാറുക തന്നെ ചെയ്യും.

വെറും വായന മാത്രമായി ‘അമേയ’യും ‘നീയും നിലാവും’ മാറ്റി വെയ്ക്കുവാന്‍ ഒരു വായനക്കാരനും സാധിക്കുകയില്ല.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top