ഇഫ്താര്‍ സംഗമങ്ങള്‍ സജീവമാകുന്നു; വിരുന്നൊരുക്കി പയ്യന്നൂര്‍ സൗഹൃദ വേദി

റിയാദ്: റമദാന്‍ തുടങ്ങിയതോടെ പ്രവാസി കൂട്ടായ്മകളുടെ ഇഫ്താര്‍ സംഗമങ്ങള്‍ സൗഹൃദത്തിന്റെ സായാഹ്‌നമാകുന്നു. റമദാനിലെ മുഴുവന്‍ ദിനങ്ങളിലും മലയാളി കൂട്ടായ്മകള്‍ ഇഫ്താര്‍ സംഗമങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒഡിറ്റോറിയങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, റസ്റ്ററന്റുകള്‍ തുടങ്ങി ഇഫ്താര്‍ ഒരുക്കാനുളള കേന്ദ്രങ്ങള്‍ കിട്ടാതായതോടെ പലരും അത്താഴ സംഗമങ്ങളൊരുക്കുകയാണ്.

റമദാന്‍ ഒന്നിന് തന്നെ വിപുലമായ ഇഫ്താര്‍ വിരുന്നാണ് പയ്യന്നൂര്‍ സൗഹൃദ വേദി ഒരുക്കിയത്. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദഅ്‌വാ വിഭാഗം കോഓര്‍ഡിനേറ്റര്‍ ബഷീര്‍ സ്വലാഹി റമദാന്‍ സന്ദേശം പങ്കുവെച്ചു. വിശുദ്ധ ഖുര്‍ആന്‍ അടിസ്ഥാനമാക്കി ഉമര്‍ അമാനത്ത് നയിച്ച ചോദ്യോത്തര പരിപാടിയും നടന്നു.

സുബൈര്‍ റവാന്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. എന്‍ആര്‍കെ വൈസ് ചെയര്‍മാന്‍ സത്താര്‍ കായംകുളം, ഫോര്‍ക്ക രക്ഷാധികാരി വിജയന്‍ നെയ്യാറ്റിന്‍കര, കാസിം പയ്യന്നൂര്‍, കൊട്ടാരക്കര അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര എന്നിവര്‍ പ്രസംഗിച്ചു. പത്ത്, പ്ലസ് ടൂ ക്ലാസുകളില്‍ മികച്ച വിജയം നേടിയ അശ്വതി കെ നായര്‍, ആദേശ് ശ്രീനിവാസന്‍, ജിഷ്ണു സനൂപ്കുമാര്‍, നിവേദിത ദിനേഷ് എന്നിവര്‍ക്ക് പ്രശംസാഫലകം സമ്മാനിച്ചു. ജന. സെക്രട്ടറി സിറാജ് തിടില്‍ സ്വാഗതവും ട്രഷറര്‍ കൃഷ്ണന്‍ വെളളച്ചാല്‍ നന്ദിയും പറഞ്ഞു.

Leave a Reply