
റിയാദ്: കൊവിഡ് ടെസ്റ്റിന്റെ പേരില്‍ പ്രവാസി യാത്രക്കാരെ ചൂഷണം ചെയ്യുന്നതു അവസാനിപ്പിക്കണമെന്ന് പ്രവാസി സാംസ്‌കാരിക വേദി റിയാദ് ഘടകം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചു യാത്ര ചെയ്യുന്നവരെ വീണ്ടും കൊവിഡ് ടെസ്റ്റിന് വിധേയമാക്കുന്ന പ്രവണത നിര്‍ത്തിവെക്കണം. ഇത് മാനസികമായ പീഡനമാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പ്രവാസികള്‍ തയ്യാറാണ്. വിദേശ രാജ്യത്തു നിന്ന് വലിയ തുക മുടക്കി ടെസ്റ്റ് പൂര്‍ത്തിയാക്കി പുറപ്പെടുന്ന യാത്രികരെ വീണ്ടും പണം ഈടാക്കി ടെസ്റ്റിന് വിധേയമാക്കുന്നത് ധിക്കാരപരമാണ്. സര്‍ക്കാരിന് നിര്‍ബന്ധമാണെങ്കില്‍ ടെസ്റ്റ് സൗജന്യമായി നടത്തണം.

കൊവിഡ് റേറ്റ് വളരെ കുറഞ്ഞ വിദേശ രാജ്യങ്ങളില്‍ നിന്നു നാട്ടിലെത്തുന്നവര്‍ക്ക് ഇത്തരം പരിശോധന നിബന്ധമാക്കുന്നത് വിചിത്രവും വിരോധാഭാസവുമാണെന്നു പ്രവാസി പ്രസിഡന്റ് സാജു ജോര്‍ജ്ജ് പറഞ്ഞു. പാര്‍ട്ടി സമ്മേളനവും പ്രകടനവും വിവാഹവുമെല്ലാം എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി നടക്കുമ്പോള്‍ പ്രവാസികളോട് നീതിരഹിതമായി പെരുമാറുന്നത് അങ്ങേയറ്റം നീതിനിഷേധവും പ്രതിഷേധാര്‍ഹവുമാണ്.
എല്ലാ പ്രവാസി സംഘടനകളും നാട്ടിലെ രാഷ്ട്രീയ സാമൂഹിക നേതൃത്വവും ഇക്കാര്യത്തില്‍ ഒരുമിച്ചു പ്രക്ഷോഭത്തിനിറങ്ങണമെന്നു പ്രവാസി സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഖലീല്‍ പാലോട്, അഷറഫ് കൊടിഞ്ഞി, സൈനുല്‍ ആബിദ്, റഹ്മത്ത് തിരുത്തിയാട് എന്നിവര്‍ സംസാരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
