
റിയാദ്: സ്ത്രീകളുടെ അഭിനിവേശം വീടകങ്ങളില്‍ അടക്കിപ്പിടിച്ചു ഒതുങ്ങിക്കൂടുന്നതിന് പകരം പ്രവാസി വനിതകള്‍ തൊഴിലിടങ്ങളിലേക്കും സാമൂഹിക മുഖ്യധാരയിലേക്കും കടന്നു വരണമെന്നു ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഗീത അനൂപ്. പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച അന്ത്രാരാഷ്ട്ര ‘വനിതാദിന’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. തീവ്രമായ ആഗ്രഹങ്ങള്‍ക്കു മാത്രമേ അഭിലാഷങ്ങളും സാമൂഹിക പിന്നാക്കാവസ്ഥയും പരിഹരിക്കാന്‍ കഴിയൂകയുളളൂവെന്നും അവര്‍ പറഞ്ഞു.

ഷഹനാസ് സാഹില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. വനിതകള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നതും നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ കൊല്ലപ്പെടുന്നതും തടയണമെന്ന് ഷഹനാസ് ആവശ്യപ്പെട്ടു. അഭയവും അത്താണിയുമാകേണ്ടവര്‍ കൈഒഴിഞ്ഞപ്പോഴാണ് ഷൈനിയും മക്കളും ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടായത്. ലഹരിയുടെ കുത്തൊഴുക്കില്‍ ജീവിതം ഹോമിക്കപ്പെടുന്നു. കുത്തഴിഞ്ഞ രാഷ്ട്രീയത്തിന്റെയും ഉത്തരവാദിത്തമില്ലാത്ത സാമൂഹത്തിന്റെയും അധപതിക്കുന്ന സംസ്‌കാരത്തിന്റെയും ഇരകളാണ് അവരെന്നും ഷഹനാസ് പറഞ്ഞു.

ഹസ്‌ന അയ്യുബ് ഖാന്‍, ഹനിയ യാസിര്‍, ഷംനു എന്നിവര്‍ ഗാനങ്ങളാലപിച്ചു. സാമൂഹിക നീതിക്കായുള്ള പോരാട്ടത്തില്‍ വനിത സാന്നിധ്യം നിര്‍ണായകമാണെന്ന് ചരിത്രം വിശകലനം ചെയ്ത് പ്രവാസി പ്രസിഡന്റ് ബാരിഷ് ചെമ്പകശ്ശേരി പറഞ്ഞു. വനിതാദിന സ്‌പെഷ്യല്‍ ക്വിസ് പരിപാടിക്ക് അവതാരകയായ ഫജ്‌ന ഷഹ്ദാന്‍ നേതൃത്വം നല്‍കി. മുഖ്യാതിഥി സംഗീത അനൂപിന് ഷഹനാസ് സാഹില്‍ പ്രശംസാ ഫലകം സമ്മാനിച്ചു.

ഇഫ്താര്‍ വിരുന്നില്‍ കുടുംബങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. വീടുകളില്‍ തയ്യാറാക്കിയ വിഭവങ്ങള്‍ കൊണ്ടായിരുന്നു ഇഫ്താര്‍ വിരുന്ന്. പ്രവാസി സിസി അംഗം ആയിഷ സഈദ് അലി സ്വാഗതവും ജസീറ അജ്മല്‍ നന്ദിയും പറഞ്ഞു. ഇഫ്താറിന് ഹഫ്‌സത്ത് റഹ്മത്തുല്ല, പ്രസീത സഞ്ജു, ഷെല്‍സ നൗഷാദ്, ജാമിഅ ഖലീല്‍, ഫിദ മുനീര്‍, ഷംനു ലുക്മാന്‍, ഹസ്‌ന അയ്യൂബ്, ഷാഹിന അലി, സബ്‌ന ലത്തീഫ്, അഫീഹ ഫായിസ്, അഫ്‌നിദ അഷ്ഫാഖ്, സിനി ഷാനവാസ്, സനിത മുസ്തഫ, റഷീഖ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.