റിയാദ്: പുഞ്ചിരിക്കുന്ന മുഖത്തോടെ മത വൈജ്ഞാനിക ആത്മീയ സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു സയ്യിദ് ഫസല്‍ കോയമ്മ തങ്ങളെന്ന് (കുറാ തങ്ങള്‍) റിയാദില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷനും (ഐസിഫ്) കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷനും (കെസിഫ്) സംയുക്തമായി നടത്തിയ അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.
താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ മകനും സമസ്ത കേന്ദ്ര മുശാവറ അംഗവും ദക്ഷിണ കന്നഡ സംയുക്ത ജമാഅത്ത് ഖാളിയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായിരുന്ന കുറാ തങ്ങളുടെ അനുസ്മരണ സമ്മേളനത്തില്‍ മുസ്ഥഫ സഅദി അനുസ്മരണ പ്രഭാഷണം നടത്തി. പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി മാറുകയും എല്ലാവരെയും ഒരേപോലെ പരിഗണിക്കുകയും ചെയ്യുന്നതോടൊപ്പം ജീവിതത്തിലുടനീളം വിനയവും ലാളിത്യവും ചര്യയാക്കിയ മഹാനാണ് കുറാ തങ്ങളെന്നും അദ്ദേഹം അനുസ്മരിച്ചു.
ഐസിഎഫ് റിയാദ് സെന്‍ട്രല്‍ ദഅവ പ്രസിഡന്റ് അബ്ദുറഹിമാന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ മജിദ് താനാളൂര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.