
റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് 20 വര്‍ഷം തടവു ശിക്ഷ വിധിച്ച റിയാദ് ക്രിമിനല്‍ കോടതി അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരു മാസം സമയം അനുവദിച്ചു. കോടതി ഉത്തരവിനെതിരെ വാദിക്കും പ്രതിയ്ക്കും പ്രോസിക്യൂഷനും അപ്പീല്‍ സമര്‍പ്പിക്കാനാണ് കോടതി ഒരു മാസം സമയം അനുവദിച്ചത്.

34 കോടി രൂപ ദിയാ ധനം സ്വീകരിച്ച് മരിച്ച ബാലന്‍ അനസ് അല്‍ ശഹ്‌രിയുടെ കുടുംബം മാപ്പു നല്‍കിയതോടെ നേരത്തെ വിധിച്ച വധശിക്ഷ കോടതി റദ്ദാക്കിയിരുന്നു. അതിനാല്‍ കൂടുതല്‍ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് അനസ് അല്‍ ശഹ്‌രിയുടെ കുടുംബം അപ്പീല്‍ നല്‍കാന്‍ സാധ്യതയില്ല. സ്ഥിരം കുറ്റവാളിയല്ലാത്തതു പരിഗണിച്ച് പ്രോസികൂ്യഷനും അപ്പീല്‍ സമര്‍പ്പിക്കില്ലെന്നാണ് നിയമ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം, കോടതി വിധി സ്വാഗതം ചെയ്ത റഹീമിന്റെ അഭിഭാഷകര്‍ ശിക്ഷ ഇളവു നല്‍കാന്‍ അപ്പീല്‍ സമര്‍പ്പിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. റിയാദിലെ നിയമ സഹായ സമിതി ഇതിന്റെ സാധ്യത പരിശോധിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ആരും അപ്പീല്‍ നല്‍കിയില്ലെങ്കില്‍ മുപ്പതു ദിവസം കഴിഞ്ഞാല്‍ ഇന്നത്തെ കോടതി ഉത്തരവ് അന്തിമ വിധിയായി പരിഗണിക്കും.

അതേസമയം, 12 തവണ മാറ്റിവെച്ച കേസില്‍ വിധി വന്നത് റിയാദിലെ റഹീം നിയമ സഹായ സമിതിയ്ക്കും ആശ്വാസമാണ്. സമിതിയുടെ കെടുകാര്യസ്ഥതയാണ് റഹീം കേസില്‍ വിധി വൈകുന്നതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കോടതി വിധിയ്ക്കു സ്വാഭാവിക കാലതാമസം മാത്രമാണ് നേരിട്ടതെന്ന് ഉത്തരവു പുറത്തുവന്നതോടെ വ്യക്തമായി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.