Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

റഹീം മോചനം: ആരോപണം ഉന്നയിച്ചവരുടെ മുനയൊടിഞ്ഞു!

റഹീം കേസില്‍ വിധി വന്നതോടെ റിയാദിലെ റഹീം നിയമ സഹായ സമിതിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ മുനയൊടിഞ്ഞു. സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീം പബഌക് റൈറ്റ്‌സ് പ്രകാരം 20 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. പതിമൂന്നാം തവണ കേസ് പരിഗണിച്ച റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ശിക്ഷ വിധി.

അപ്പീല്‍
ഇന്നു മുതല്‍ ഒരുമാസത്തിനകം വാദിക്കും പ്രതിയ്ക്കും പ്രോസിക്യൂഷനും അപ്പീല്‍ സമര്‍പ്പിക്കാന്‍ കോടതി സമയം അനുവദിച്ചു. 34 കോടി രൂപ ദിയാ ധനം സ്വീകരിച്ച് മരിച്ച ബാലന്‍ അനസ് അല്‍ ശഹ്‌രിയുടെ കുടുംബം മാപ്പു നല്‍കിയതോടെ നേരത്തെ വിധിച്ച വധശിക്ഷ കോടതി റദ്ദാക്കിയിരുന്നു. അതിനാല്‍ കൂടുതല്‍ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് അനസ് അല്‍ ഷഹ്‌രിയുടെ കുടുംബം അപ്പീല്‍ നല്‍കാന്‍ സാധ്യതയില്ല.

മറ്റു കുറ്റകൃത്യങ്ങളില്‍ പ്രതികളല്ലാത്തതു പരിഗണിച്ച് പ്രോസികൂ്യഷനും അപ്പീല്‍ സമര്‍പ്പിക്കില്ലെന്നാണ് നിയമ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, കോടതി വിധി സ്വാഗതം ചെയ്ത റഹീമിന്റെ അഭിഭാഷകര്‍ ശിക്ഷ ഇളവു നല്‍കാന്‍ അപ്പീല്‍ സമര്‍പ്പിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. റിയാദിലെ നിയമ സഹായ സമിതി ഇതിന്റെ സാധ്യത പരിശോധിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

കുറ്റവാളി കൈമാറ്റം
2003ല്‍ ഇന്ത്യ പാസാക്കിയ റിപ്രാട്രിയേഷന്‍ ഓഫ് പ്രിസണേഴ്‌സ് ആക്ട് പ്രകാരം തടവു ശിക്ഷ അനുഭവിക്കുന്ന കുറ്റവവാളികളെ കൈമാറാന്‍ വ്യവസ്ഥയുണ്ട്. ഇതുസംബന്ധിച്ചു സൗദി അറേബ്യയുമായി കരാര്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ അവശേഷിക്കുന്ന തടവുകാലം ഇന്ത്യയില്‍ തുടരാന്‍ റഹീമിന് അവകാശമുണ്ട്. ഇതു ആവശ്യപ്പെടുകയും ചെയ്യാം.

അന്തിമ വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ അപ്പീല്‍ കാലയളവ് കഴിയുന്ന ജൂണ്‍ 25ന് ശേഷം നയതന്ത്ര തലത്തില്‍ ഇതിനുളള നീക്കം നടത്തിയാല്‍ എത്രയും വേഗം റഹീമിന് ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തോ കേരളത്തിലോ സ്ഥിതിചെയ്യുന്ന ജെയിലുകളില്‍ അവശേഷിക്കുന്ന തടവു കാലം ചെലവഴിക്കാന്‍ കഴിയും. പരോള്‍ ലഭിക്കുന്നതുവഴി താല്‍ക്കാലിക മോചനവും സാധ്യമാണ്.

ആരോപണങ്ങള്‍
പൊതു ജനങ്ങളല്‍ നിന്നു പണം സമാഹരിച്ചതിലും കൈമാറിയതിലും അഴിമതി ഉണ്ടെന്നായിരുന്നു നിയമ സഹായ സമിതിക്കെതിരെയുളള ആരോപണം. ചില യൂടൂബര്‍മാരും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകനും സാമൂഹിക മാധ്യമങ്ങള്‍ വഴി നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. അബ്ദുല്‍ റഹീമിന്റെ കേസ് തുടക്കം മുതല്‍ കൈകാര്യ ചെയ്തിരുന്ന റിയാദ് ഇന്ത്യന്‍ എംബസി മുന്‍ ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി സര്‍വ്വീസില്‍ നിന്നു വിരമിച്ചു നാട്ടിലെത്തി വാഹനം വാങ്ങിച്ചതിനെ പൊലും റഹീം കസുമായി ബന്ധപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടന്നു.

ഇതിനെതിരെ യൂസഫ് കാക്കഞ്ചേരിക്ക് പൊലീസില്‍ പരാതിയും നല്‍കി. തുടക്കം മുതല്‍ സഹായവുമായി രംഗത്തുണ്ടായിരുന്ന അഷ്‌റഫ് വേങ്ങാട്ട് റിയാദില്‍ നിന്നു ദീര്‍ഘകാല അവധിയില്‍ നാട്ടിലേയ്ക്കു പോയതും അഴിമതി ആരോപണത്തില്‍ കുടുങ്ങുമെന്ന ഭയത്തിലായിരുന്നു എന്നും ചിലര്‍ പ്രചരിപ്പിച്ചിരുന്നു.

കൊല്ലപ്പെട്ട ബാലന്‍ അനസ് അല്‍ ഷഹ്‌രിയുടെ കുടുംബത്തിന് മുഴുവന്‍ തുകയും കൈമാറിയിട്ടില്ലെന്നും അഭിഭാഷകനുമായി ചേര്‍ന്ന് ചിലര്‍ അഴിമതിയ്ക്കു കളമൊരുക്കിയെന്നും പ്രചാരണം നടന്നു. ഇതിനെതിരെ ഗവര്‍ണറേറ്റില്‍ ലഭിച്ച പരാതിയാണ് അന്തിമ വിധി വൈകാന്‍ കാരണമെന്നായിരുന്നു മറ്റൊരു ആരോപണം.

മാതാവിന്റെ ക്ഷമാപണം
വധശിക്ഷ റദ്ദാക്കിയതിന് ശേഷം അന്തിമ വിധി വരാന്‍ വൈകിയതോടെ റഹീമിന്റെ മാതാവും സഹോദരനും അമ്മാവനും സഹായ സമിതി അറിയാതെ റിയാദ് ജെയിലിലെത്തിയതും വിവാദമായിരുന്നു. അബഹയിലെത്തിയ മാതാവും സംഘവും ജെയിലിലെത്തിയെങ്കിലും ആദ്യം കൂടിക്കാഴ്ചക്കു റഹീം വിസമ്മതിച്ചു. ഇതോടെ സന്ദര്‍ശനം കൂടുതല്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടവരുത്തി. തുടര്‍ന്നു മാതാവ് ഉംറ നിര്‍വ്വഹിച്ചു മടങ്ങി വരുകയും സാമൂഹിക പ്രവര്‍ത്തകരും ജെയില്‍ അധികൃതരും സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്തതോടെയാണ് റഹീം ഉമ്മയെ കാണാന്‍ സന്നദ്ധനായത്. അന്നു റഹീമിന്റെ മാതാവ് സഹായ സമിതിയെ അവിശ്വസിച്ചതില്‍ റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ക്ഷമാപണം നടത്തിയാണ് മടങ്ങിയത്.

34 കോടി
കേരളത്തില്‍ റഹിം നിയമ സഹായ സമിതി സമാഹരിച്ച 34 കോടി രൂപ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ എംബസിയ്ക്കാണ് കൈമാറിയത്. റിയാദ് ഗവര്‍ണറേറ്റു വഴി എംബസി തുക കോടതിയക്കു കൈമാറി. പ്രസ്തുത തുക അനന്തരാവകാശികള്‍ക്ക് വിതരണം ചെയ്യുന്നതിന് കൃത്യമായ മാര്‍ഗ നിര്‍ദേശവും ഓരോരുത്തര്‍ക്കും അവകാശപ്പെട്ട തുകയും രേഖപ്പെടുത്തിയാണ് കോടതി വധശിക്ഷ റദ്ദാക്കിയ ഉത്തരവ് പുറപ്പെടുവിച്ചത്. അതിനുശേഷവും സഹായ സമിതിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ആക്ഷേപം തുടര്‍ന്നിരുന്നു. എന്നാല്‍ ആക്ഷേപം നടത്തിയ സംഘത്തിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, സ്വാഭാവിക നിയമ നടപടി ക്രമങ്ങളാണ് അന്തിമ വിധി വരാന്‍ വൈകിയതെന്നാണ് നിയമ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 2006 ഡിസംബര്‍ 23ന് ആണ് കേസയിന് ആസ്പദമായ സംഭവം. ഇതുവരെ തടവില്‍ കഴിഞ്ഞത് തടവായി പരിഗണിച്ചു ബാക്കിയുളള കാലം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. അതുപ്രകാരം 2026 അവസാനം റഹീമിന് മോചനം സാധ്യമാകും എന്നാണ് വ്യക്തമാകുന്നത്. റിപാട്രിയേഷന്‍ ഓഫ് പ്രിസണേഴസ് ആക്ട് പ്രകാരം ഇന്ത്യ സൗദി ഉഭയ കക്ഷി കരാറിന്റെ ഗുണഭോക്താവാണ് റഹീം. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ജെയിലിലേയ്ക്കു മാറണമെന്ന് അപേക്ഷ സമര്‍പ്പിച്ചാല്‍ എത്രയും വേഗം റഹീമിന് ഇന്ത്യയിലെത്താന്‍ കഴിയും. അതുനുളള സഹായവും നിയമ സഹായ സമിതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top