കേസ് കൂടുതല്‍ പഠിക്കാനുണ്ടെന്ന് കോടതി; 2025 ജനുവരി 15ന് വീണ്ടും പരിഗണിക്കും

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തടവില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം നീളും. ഇന്നു കേസ് പരിഗണിച്ചെങ്കിലും വാദം പൂര്‍ത്തിയായില്ല. വിശദമായി കേസ് പഠിക്കാന്‍ സമയം ആവശ്യമാണെന്നു കോടതിയും വിലയിരുത്തി. ഇതോടെയാണ് കേസ് മാറ്റിവെച്ചത്. 2025 ജനുവരി 15ന് കേസ വീണ്ടും പരിഗണിക്കും.
ജൂലൈ 2ന് വധശിക്ഷ റദ്ദാക്കിയതിന് ശേഷം ഇന്നത്തേതുള്‍പ്പെടെ അഞ്ചാം തവണയാണ് അബ്ദുല്‍ റഹീമിന്റെ കേസ് മാറ്റിവെക്കുന്നത്. കുടുംബം മാപ്പു നല്‍കുകയും ദീര്‍ഘകാലം തടവില്‍ കഴിയുകയും ചെയ്ത സാഹചര്യത്തില്‍ പബ്‌ളിക് റൈറ്റ് പ്രകാരമുളള ശിക്ഷ ഒഴിവാക്കി മോചനം ലഭ്യമാക്കണമെന്നാണ് റഹീമിന്റെ ഹര്‍ജി.

2006 നവംബര്‍ 28ന് ആണ് അബ്ദുല്‍ റഹിം തൊഴില്‍ തേടി റിയാദിലെത്തിയത്. ഡിസംബര്‍ 26ന് ആണ് കേസിന് ആസ്പദമായ സംഭവം. വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചിരുന്നു. മരിച്ച ബാലന്റെ സഹോദരങ്ങള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നു കോടതി ഉത്തരവിട്ടുരുന്നു. സഹോദരങ്ങള്‍ പ്രായപൂര്‍ത്തിയായതോടെ വധശിക്ഷ നടപ്പിലക്കണമെന്ന് ആവശ്യപ്പെഞ്ഞ് മരിച്ച അനസ് അല്‍ ശഹ്‌രിയുടെ കുടുംബം കോടതിയെ സമീപിച്ചു. ഇതോടെയാണ് റഹീം കേസ് വീണ്ടും സജീവമായത്.

അനസിന്റെ പിതാവുമായി റഹിം നിയമ സഹായ സമിതി അനുരജ്ഞന ശ്രമം നടത്തിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വിയോഗം കുടുംബവുമായി ബന്ധപ്പെടാനുളള സാഹചര്യം ഇല്ലാതാക്കി. മാത്രമല്ല. വധശിക്ഷയല്ലാതെ യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് കുടുംബം ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ഇതിനായി അഭിഭാഷകനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനിടെ നിയമ സഹായ സമിതി നടത്തിയ ചര്‍ച്ചയാണ് 15 മില്യന്‍ റിയാല്‍ ദിയാധനം സ്വീകരിച്ച് മാപ്പ് നല്‍കാമെന്ന് അനസ് അല്‍ ശഹിരിയുടെ കുടുംബ അഭിഭാഷകന്‍ കോടതിയില്‍ സന്നദ്ധത അറിയിച്ചത്.

റിയാദ് ഗവര്‍ണറേറ്റില്‍ അനുരജ്ഞന കരാര്‍ ഒപ്പുവെക്കുകയും ഇന്ത്യന്‍ എംബസി 15 മില്ല്യന്‍ റിയാലിന്റെ ചെക്ക് കോടതിയ്ക്കു കൈമാറുകയും ചെയ്തതോടെയാണ് വധശിക്ഷ റദ്ദാക്കിയത്. 18 വര്‍ഷത്തെ തടവ് റഹീം അനുഭവിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ പബ്ലിക് റൈറ്റ്‌സ് പ്രകാരം കൂടുതല്‍ ശിക്ഷ നല്‍കാതെ മോചന ഉത്തരവ് ഉണ്ടാകണമെന്നാണ് റഹീമിനു വേണ്ടി അഭിഭാഷകര്‍ കോടതിയില്‍ അപേക്ഷിച്ചത്.





