Sauditimesonline

prof
കുട്ടികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ സമീപനം നിര്‍ണായകം: പ്രൊഫ. ജയശ്രീ

ആകാശവഴിയിൽ ചരക്കു പാത തുറന്ന് റിയാദ് എയര്‍

റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനി റിയാദ് എയര്‍ ലോജിസ്റ്റിക്‌സ് സര്‍വ്വീസ് ആരംഭിച്ചു. കമ്പനിയുടെ ചരക്ക് സേവന വിഭാഗം ‘റിയാദ് കാര്‍ഗോ’ എന്ന പേരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളുടെ പിന്തുണയോടെ ആഗോള എയര്‍ കാര്‍ഗോ വിപണിയില്‍ ഇടം നേടുകയാണ് കമ്പനിയുടെ ലക്ഷ്യം.

റിയാദ്-ലണ്ടന്‍ റൂട്ടില്‍ നടത്തിയ പരീക്ഷണ പറക്കലുകള്‍ മികച്ച വിജയമാണെന്ന് കമ്പനി അറിയിച്ചു. വേഗം കേടാകുന്ന വസ്തുക്കളും ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങളും അതിവേഗം എത്തിക്കാന്‍ റിയാദ് കാര്‍ഗോ സജ്ജമാണ്. വസ്ത്രങ്ങള്‍, പൂക്കള്‍, മത്സ്യം, ചായ, കാപ്പി എന്നിവയാണ് പ്രധാനമായും കൈകാര്യം ചെയ്യുക.

120 വൈഡ് ബോഡി വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതിലെ കാര്‍ഗോ അറകള്‍ പ്രയോജനപ്പെടുത്തിയാണ് ആദ്യഘട്ട പ്രവര്‍ത്തനം. സേവനങ്ങളില്‍ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ വിപുലമായ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. എയര്‍വേ ബില്ലുകളുടെ നിയന്ത്രണത്തിനും വിവരങ്ങളുടെ വിശകലനത്തിനും ചാംപ്‌സ്, യൂണിലോഡ് തുടങ്ങിയ ആഗോള കമ്പനികളുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.

ചരക്കുകളുടെ നീക്കം ഓരോ നിമിഷവും നിരീക്ഷിക്കാന്‍ തത്സമയ ട്രാക്കിങ് സംവിധാനം ലഭ്യമാണ്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഗ്രൗണ്ട് ഹാന്റ്‌ലിംഗ് കേന്ദ്രങ്ങള്‍. സാറ്റ്‌സ് സൗദിയുമായി ചേര്‍ന്ന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് സേവനങ്ങളും റിയാദ് എയര്‍ ഉറപ്പാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top