ഡോക്ടറുടെ കൊലപാതകം; കര്‍ശന നിയമo ആവശ്യം: റിയാദ് ഐ എം എ.

റിയാദ്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്ന് റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം കേരളത്തില്‍ പെരുകി വരികയാണ്. ഇതിന് തടിയിടാന്‍ സുശക്തമായ നിയമ നിര്‍മ്മാണം ആവശ്യമാണ്.
ആശുപത്രികളില്‍ കാര്യക്ഷമതയുളള സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചും നിയമം കര്‍ശനമായി നടപ്പിലാക്കിയും ഇത്തരം ക്രൂരതകള്‍ തടയണമെന്നും റിയാദ് ഐഎംഎ ആവശ്യപ്പെട്ടു.

നിയമത്തിന്റെ പഴുതിലൂടെ ഊരിപ്പോരാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് പലരെയും ഇത്തരം പ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിക്കുന്നത്. നിയമം ശക്തമായ രാജ്യങ്ങളിലെല്ലാം ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷിതരാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും പ്രതികള്‍ക്ക് പഴുതുകളുപയോഗിച്ച് രക്ഷപ്പെടാന്‍ കഴിയാത്ത വിധം നിയമം ശക്തമാണെന്നും ഐ എം എ അറിയിച്ചു. ഡോ. വന്ദന ദാസിന്റെ കുടുംബത്തിന്റെ വേദനയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്ക് ചേരുന്നതായും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം ഇടപെടണമെന്നും ഐ എം എ പ്രസിഡണ്ട് ഡോ: ഹാഷിം, ഭാരവാഹികളായ ഡോ: ജോസ് അക്കര, ഡോ: സജിത്ത് എന്നിവര്‍ പറഞ്ഞു.

Leave a Reply