റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 8ന് നടക്കും. മുഹമ്മദ് അമാനി മൗലവി രചിച്ച ഖുര്‍ആന്‍ വിവരണത്തില്‍ നിന്നുമുള്ള ‘ജുസ്അ് 27’ അധ്യായം സ്വാദ്, ഗാഫിര്‍, സുമര്‍ എന്നിവയാണ് പാഠഭാഗം. പാഠഭാഗം www.learnthequran.org വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് ഇസ്‌ലാഹി സെന്റര്‍ അറിയിച്ചു.
ലോകത്ത് എവിടെ നിന്നും മലയാള ഭാഷയില്‍ ഒരേസമയം പരീക്ഷ എഴുതാം. സൗദി സമയം ഉച്ചക്ക് 2.00 മുതല്‍ രാത്രി 9 വരെയും, ഇന്ത്യന്‍ സമയം വൈകീട്ട് 4:30 മുതല്‍ രാത്രി 11.30 വരെയും 7 മണിക്കൂര്‍ സമയത്തിനിടയില്‍ ഇഷ്ടമുള്ള സമയത്ത് പരീക്ഷ എഴുതാം. പരീക്ഷയുടെ ലിങ്ക് ലേണ്‍ ദി ഖുര്‍ആന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷയില്‍ പ്രവേശിച്ചാല്‍ 2 മണിക്കൂറാണ് ഉത്തരം നല്‍കാന്‍ സമയം. പത്യേകം തയ്യാറാക്കിയ എക്‌സാം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് പരീക്ഷ. എല്ലാ ഡിജിറ്റല്‍ ഉപകരണത്തിലും സുഗമമായി സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കും. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് വെബ്‌സൈറ്റില്‍ നവംബര്‍ 8ന് പരീക്ഷാ ദിവസം വരെ രജിസ്റ്റര്‍ ചെയ്യാമെന്നു ലേണ്‍ ദി ഖുര്‍ആന്‍ ഡയറക്ടര്‍ അബ്ദുല്‍ഖയ്യും ബുസ്താനി അറിയിച്ചു.
ഒന്നാം സമ്മാന വിജയിക്ക് ഒരു ലക്ഷം രൂപയും ആദ്യ പത്ത് സ്ഥാനക്കാര്‍ക്ക് പ്രത്യേക ക്യാഷ് അവാര്‍ഡും സമ്മാനിക്കും. പരീക്ഷയുടെ സൗകര്യപ്രദമായ നടത്തിപ്പിന് ‘ഹെല്‍പ്പ് സെന്ററുകള്‍’ രൂപീകരിച്ചിട്ടുണ്ട്. +9665 3629 1683, +9195 6764 9624, +9665 6250 8011, +9665 5052 4242, എന്നീ നമ്പറുകള്‍ വാട്ട്‌സ്ആപ്പ് ഹെല്‍പ്പ് ലൈനായി ഉപയോഗപ്പെടുത്താം.
കെ.എന്‍.എം സൗദി നാഷണല്‍ കമ്മിറ്റിയുടെ കീഴിലുള്ള രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലെ ഇസ്ലാഹി സെന്ററുകളിലും ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കുവാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരീക്ഷാര്‍ത്ഥികള്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡുകള്‍ രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ ഫലത്തോടൊപ്പം വെബ്‌സൈറ്റില്‍ നിന്നു ലഭിക്കും. 2000ല്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആരംഭിച്ച ഖുര്‍ആന്‍ പഠന പദ്ധതി 24 വര്‍ഷമായി ഇന്ന് ലോകമൊട്ടാകെയുള്ള മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പഠന പദ്ധതിയാണ്.
ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷാ പ്രചരണാര്‍ത്ഥം റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ബത്ഹ സലഫി മദ്‌റസ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച പ്രത്യേക പ്രചാരണ പരിപാടിയില്‍ ഉനൈസ് പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി ട്രഷറര്‍ മുഹമ്മദ് സുല്‍ഫിക്കര്‍, റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി എന്നിവര്‍ ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷാ ക്രമീകരണങ്ങള്‍ വിശദീകരിച്ചു. അഡ്വ. അബ്ദുല്‍ജലീല്‍ അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ബുസ്താനി സ്വാഗതവും ഫര്‍ഹാന്‍ കാരക്കുന്ന് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.