
ഫോട്ടോ: അന്‍ഷാദ് ഫിലിംക്രാഫ്റ്റ്
ഒരുപാട് കഥകളും ചരിത്രവും പറയുന്ന പ്രാദേശിക വിപണികളാണ് അറബ് നാഗരികതയുടെ പ്രത്യേകത. സൗദി അറേബ്യയുടെ ഓരോ ദിക്കിലെയും സംസ്‌കാരങ്ങള്‍ അടയാളപ്പെടുത്തുന്നത് ഇത്തരം വ്യാപാര കേന്ദ്രങ്ങളിലാണ്. അതുകൊക്കുതന്നെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ ഒന്നിപ്പിക്കുന്ന ഇടങ്ങളാണ് വ്യാപാര കേന്ദ്രങ്ങള്‍. സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രവിശ്യകളിലെ വ്യാപാരവും നാഗരികതയും സൂഖ് അല്‍ അവ്വലീന്‍ എന്ന പേരില്‍ റിയാദില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നു.

അറേബ്യന്‍ ഗള്‍ഫിന്റെയും ചെങ്കടലിന്റെയും അതിര്‍ത്തിയിലുള്ള അറേബ്യന്‍ ഉപദ്വുപിലെ ഏറ്റവും വലിയ രാജ്യമാണ് സൗദി അറേബ്യ. വടക്കേ അതിര്‍ത്തി അറാര്‍ മുതല്‍ തെക്ക് ജിസാന്‍ വരെ വിശാലമായ പ്രദേശം. കിഴക്ക് ദമ്മാം ഉള്‍പ്പെടുന്ന ഏറ്റവും വലിയ പ്രവിശ്യയും പടിഞ്ഞാറ് മക്ക, മദീന എന്നീ പുണ്യ നഗരങ്ങളും ഉള്‍പ്പെടുന്നു. 13 പ്രവിശ്യകളിലായി മൂവായിരത്തിലധികം നഗരങ്ങളാണ് സൗദി അറേബ്യയിലുളളത്. ഇവിടങ്ങളില്‍ അധിവസിക്കുന്നവര്‍ക്കും ഗോത്ര വിഭാഗങ്ങള്‍ക്കും അവരവരുടേതായ വസ്ത്രവും ഭക്ഷ്യ വിഭവങ്ങളും ആചാരവും ഉണ്ട്. ഇതെല്ലാം പുനരാവിഷ്‌കരിച്ചിരിക്കുകയാണ് സൂഖ് അല്‍ അവ്വലീന്‍ നഗരിയില്‍.

അറേബ്യന്‍ മരുഭൂമിയിലെ വരണ്ട കാലാവസ്ഥക്കു അനുയോജ്യമായ വസ്ത്രധാരണമാണ് പൊതുവേ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇറുകിയ വസ്ത്രങ്ങള്‍ സ്ത്രീകളും പുരുഷന്‍മാരും ഉപയോഗിക്കാറില്ല. സ്ത്രീകള്‍ മുഖം മറക്കുന്നത് ഓരോ ഗോത്രങ്ങളുടെയും ശീലമാണ്. എന്നാല്‍ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രധാരണം പ്രദേശത്തിനനുസരിച്ച് വ്യത്യാസമുണ്ട്. ദൈനംദിന വസ്ത്രങ്ങള്‍, പ്രത്യേക ആഘോഷ വേളകളിലെ വസ്ത്രങ്ങള്‍, പുറത്തുപോകുമ്പോള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ എന്നിങ്ങനെ സ്ത്രീകള്‍ക്കു പല വസ്ത്രങ്ങളാണുളളത്.

സൗദി പാരമ്പര്യം അടയാളപ്പെടുത്തിയ വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ ഓരോ പ്രദേശത്തിനും വ്യത്യസ്തമാണ്. പരമ്പരാഗതമായി ദര്‍-റാഅത്ത് എന്നറിയപ്പെടുന്ന വസ്ത്രം ഉപയോഗിക്കുന്നവരുണ്ട്. വിവാഹം ഉള്‍പ്പെടെ ആഘോഷ വേളകളില്‍ നെയ്ത്തു വേലകളും വര്‍ണക്കല്ലുകളും പതിപ്പിച്ച വസ്ത്രം നിര്‍ബന്ധമാണ്. വിവിധ ആഭരണങ്ങള്‍ക്കൊപ്പം തലയില്‍ അലങ്കാര ആവരണവും ധരിക്കും. ഓരോ ഗോത്രത്തിനും അവരവരുടേതായ കലാ വൈഭവം അടയാളപ്പെടുത്തിയ നെയ്ത്തും തുന്നല്‍ ശൈലിയുമുണ്ട്. ഇതെല്ലാം ഇവിടെയുളള പ്രദര്‍ശന നഗരിയില്‍ ഇടം നേടിയിട്ടുണ്ട്.

അസീറിലെ വസ്ത്രങ്ങള്‍, വടക്കന്‍ പ്രദേശങ്ങളിലെ ആഭരണങ്ങള്‍, വിവിധ പ്രദേശങ്ങളിലെ ആഘോഷ വേളയിലെ വേഷങ്ങള്‍ എന്നിവയെല്ലാം സൂഖില്‍ ഇടം നേടിയിട്ടുണ്ട്. സ്ത്രീകളും പുരുഷന്‍മാരും ഉപയോഗിക്കുന്ന പരമ്പരാഗത വസ്ത്രങ്ങളാണ് പ്രദര്‍ശന നഗരിയിലുണ്ട്.

ജിദ്ദ തീരദേശ നഗരമാണ്. അസീര്‍ പര്‍വത പ്രദേശവും. ഇവിടങ്ങളിലെ ഭക്ഷണ രീതിയും വസ്ത്ര ധാരണവും പെരുമാറ്റ രീതിയുമെല്ലാം വ്യത്യസ്ഥമാണ്. ദക്ഷിണ അറേബ്യയിലെ അതിര്‍ത്തി പ്രദേശമായ ജിസാനിലെ ജനങ്ങള്‍ പുഷ്പങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രത്യേക തലപ്പാവു ധരിക്കും. പുരാതന തിഹാമ, അസീര്‍ ഗോത്രങ്ങളുടെ പിന്‍ഗാമികളാണ് ഇവിടെയുളളത്.

പരമ്പരാഗതമായി മുണ്ട് ധരിക്കുന്ന ഇവരുടെ അഭിമാനമാണ് ഉറയില്‍ സൂക്ഷിക്കുന്ന കത്തി ബല്‍റ്റില്‍ ധരിക്കുക എന്നത്. ഇത്തരത്തില്‍ വൈവിധ്യം നിറഞ്ഞ ദൈനംദിന ജീവിതം പുനരാവിഷ്‌കരിക്കാള്‍ നിരവധി കലാകാരന്‍മാരാണ് സൂഖ് അല്‍ അവ്വാലീന്‍ നഗരിയിലെത്തിയിട്ടുളളത്.

അറേബ്യന്‍ ജനതയുടെ ഏറ്റവും വലിയ ആഘോഷമാണ് വിവാഹം. ഓരോ പ്രദേശത്തും ആഘോഷങ്ങള്‍ക്ക് അവരുടേതായ രീതിയുണ്ട്. താളമേളങ്ങളുടെ അകമ്പടിയോടെ വധൂവരന്‍മാരെ ആശീര്‍വദിക്കുന്ന ഈരടികളുമായി ആനയിക്കുന്നത് ഇന്നും ഗ്രാമങ്ങളിലെ കാഴ്ചയാണ്. സ്ത്രീകളും കുട്ടികളും പുരുഷന്‍മാരുമെല്ലാം ഇതില്‍ പങ്കാളികളാകും. പല ഗോത്രങ്ങളുടെയും വിവാഹ ആഘോഷങ്ങള്‍ സൂഖ് അല്‍ അവ്വാലിനില്‍ പുനരാവിഷ്‌കരിക്കുന്നുണ്ട്. ഇതു കാണാനും ആസ്വദിക്കാനും നൂറുകണക്കിന് ആളുകളാണ് ഓരോ ദിവസവും എത്തുന്നത്.

സൂഖ് അല്‍ അവ്വാലിന്റെ ഓരോ കോണിലും ഒരു കഥ പറയാനുണ്ടാകും. അതു ഒരു പ്രദേശത്തിന്റെ കഥകൂടിയാണ്. കരകൗശല വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രാമങ്ങള്‍, പരമ്പരാഗത വസ്ത്രങ്ങള്‍ തുന്നുന്ന ഇടങ്ങള്‍, വിവിധ പ്രദേശങ്ങളുടെ സത്ത ഉള്‍ക്കൊള്ളുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയെല്ലാം സൂഖില്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. അതില്‍തന്നെ നാടോടി കഥ പ്രമേയമാക്കി അല്‍ സലാവ എന്ന പേരില്‍ ഒരുക്കിയ ഹൊറര്‍ തീയറ്റര്‍ സന്ദര്‍ശകര്‍ക്ക് വിസ്മയമാണ്.

ഒരു നിഗൂഢ ജീവിയുടെ കഥയാണ് ഇവിടെ അവതരിപ്പിക്കുന്നത്. സൗദി നാടോടിക്കഥകളിലേക്കും ഇതിഹാസങ്ങളിലേക്കും സന്ദര്‍ശകരെ കൂട്ടിക്കൊണ്ടു പോകുന്നതാണ് അല്‍ സലാവയിലെ കലാ പ്രകടനം. ഇതിലെ കഥാപാത്രത്തെ ചിലര്‍ പ്രേതമായും മറ്റു ചിലര്‍പുരുഷ രൂപമായും കാണുന്നു. എന്നാല്‍ ഇത് സുന്ദരിയായ സ്ത്രീയുടെ രൂപമാണെന്നു വിശ്വസിക്കുന്നവരുമുണ്ട്. അന്തവിശ്വാസങ്ങള്‍ക്കെതിരായ ബോധവത്ക്കരണം കൂടിയാണിത്.

കുട്ടികളെ ആകര്‍ഷിക്കാന്‍ നിരവധി വിനോദ പരിപാടികളും സൂഖ് അല്‍ അവ്വലീനില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഫെയ്‌സ് പെയിന്റിംഗിനും മുടികളില്‍ വര്‍ണം ചാര്‍ത്താനും കലാകാരന്‍മാരെയും ഇവിടെ കാണാം. വിവിധ സാംസ്‌കാരിക പൈതൃകത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രം പകര്‍ത്താനും വിനോദങ്ങളില്‍ പങ്കെടുക്കാനും കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും കുട്ടികള്‍ക്ക് അവസരമുണ്ട്.

പുതു തലമുറക്കു പൂര്‍വ്വികരുടെ ജീവിതം പഠിക്കാനുളള നിരവധി പവിലിയനുകള്‍ സൂഖ് അല്‍ അവ്വലീനില്‍ കാണാം. കരകൗശല വസ്തുക്കള്‍, നാടോടി കലകള്‍, തത്സമയ പ്രകടനങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കരകൗശല വിദഗ്ധരുടെ ഉത്പ്പങ്ങളുടെ പ്രദര്‍ശനം, വില്‍പ്പന എന്നിവക്കും സൂഖില്‍ വേദി ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത നെയ്ത്തും മണ്‍പാത്ര നിര്‍മാണവും പരിശീലിക്കാനുളള അവസരവും സന്ദര്‍ശകര്‍ക്കുണ്ട്.

അറേബ്യന്‍ ഭക്ഷ്യ വിഭവങ്ങളുടെ രുചി നുകരാന്‍ അതിപുരാതന കാലത്തെ സൂഖ് പുനരാവിഷ്‌കരിച്ചത് സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയാണ്. റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ സൂഖ് അല്‍ അവ്വലീന്‍ മാര്‍ച്ച് അവസാനം വരെ സന്ദര്‍ശകര്‍ക്ക് സൗജന്യ പ്രവേശനമാണ് അനുവദിച്ചിട്ടുളളത്.

ഏതൊരു നഗരത്തിന്റെയും ഹൃദയമാണ് വിപണി. ആ പ്രദേശത്തിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും സംബന്ധിച്ച ഉള്‍ക്കാഴ്ച സമ്മാനിക്കുന്നതും കമ്പോളമാണ്. അതുകൊണ്ടുതന്നെ സൗദിയുടെ സ്വത്വം പ്രതിഫലിപ്പിക്കാനും പൈതൃകം പഠിപ്പിക്കാനും സൂഖ് അല്‍ അവ്വാലിന് കഴിയും എന്നകാര്യത്തില്‍ സംശയമില്ല.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
