Sauditimesonline

3 oicc
ഇനി 'യഥാര്‍ത്ഥ ഇരട്ടച്ചങ്കന്റെ' ഭരണം; ആവേശമായി റിയാദ് ഒഐസിസി

കരിപ്പൂരിലേക്ക് വീണ്ടും ‘സൗദിയ’ ചിറകുകള്‍; വഴിയൊരുക്കിയത് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം

റിയാദ്: സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേയ്ക്ക് ചിറകു വിരിച്ചതിനു പിന്നില്‍ മലബാര്‍ ഡെവലപ്‌മെന്റ് ഫോറം. എയര്‍ ഇന്ത്യാ വിമാന ദുരന്തത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് 2020 മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് സൗദിയ സര്‍വ്വീസ് അവസാനിപ്പിച്ചത്. എന്നാല്‍ എ-321 നിയോ വിമാനം ഉപയോഗിച്ച് കോഴിക്കോട് സര്‍വീസ് ആരംഭിക്കണം എന്ന ആശയം എയര്‍ലൈന്‍സ് അധികൃതര്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു.

കരിപ്പൂര്‍ പോലുള്ള വിമാനത്താവളങ്ങള്‍ക്ക് അനുയോജ്യമാണ് പുതു തലമുറയിലെ എഞ്ചിന്‍ ഉപയോഗിക്കുന്ന എ-321. ചെറുതും പരിമിതമായ റണ്‍വേ സൗകര്യമുള്ള വിമാനത്താവളങ്ങളില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും ഇതിനു കഴിയും. മാത്രമല്ല, 180 മുതല്‍ 220 യാത്രക്കാരെ ഉള്‍ക്കൊളളാന്‍ ശേഷിയുമുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇംഗ്ലീഷ്, അറബി ഭാഷകളില്‍ നിവേദനം തയ്യാറാക്കി ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ എംഡി വി. പി മുഹമ്മദലിയുടെ സഹായത്തോടെ എംഡിഎഫ് പ്രസിഡന്റ് കെ. എം ബഷീര്‍ സൗദിയ ഡയറക്ടര്‍ ജനറലിന് സമര്‍പ്പിച്ചു. നിരന്തരം തുടരന്വേഷണങ്ങളും സമ്മര്‍ദവും ചെലുത്തിയതോടെയാണ് റിയാദ്-കോഴിക്കോട് സര്‍വീസിന് അനുമതിയായത്.

സൗദി എയര്‍ലൈന്‍സ് കോഴിക്കോട് സര്‍വീസ് ആരംഭിക്കുന്ന വിവരം ആദ്യം പുറത്തു വിട്ടതും കെ. എം ബഷീര്‍ ആയിരുന്നു. മലബാറില്‍ നിന്നുളള പ്രവാസികള്‍ സൗദിയിലെ 13 പ്രവിശ്യകളിലും ജോലി ചെയ്യുന്നുണ്ട്. സൗദി എയര്‍ലൈന്‍സ് കോഴിക്കോട് സര്‍വ്വീസ് ആരംഭിക്കുന്നതോടെ റിയാദിലെത്തുന്നവര്‍ക്ക് ഏത് പ്രവിശ്യയിലേയ്ക്കും കണക്ഷന്‍ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാനാകും. ഒരേ എയര്‍ലൈന്‍ ടിക്കറ്റ് എടുക്കുമ്പോഴുളള കുറഞ്ഞ നിരക്ക്, ലഗേജ് അലവന്‍സ് എന്നിവ നേടാനും കഴിയും. ഇത്തരം ആനുകൂല്യങ്ങള്‍ സൗദിയില്‍ നിന്നു കേരളത്തിലേയ്ക്കു യാത്രചെയ്യുന്നവര്‍ക്കും ലഭിക്കും. വൈകാതെ കോഴിക്കോട്-ജിദ്ദ സര്‍വീസും ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

2015ല്‍ റണ്‍വേ അറ്റകുറ്റപ്പണിയുടെ പേരില്‍ സ്വകാര്യ വിമാനത്താവള ലോബി കോഴിക്കോട് വിമാനത്താവളത്തെ തകര്‍ക്കാന്‍ അധികൃതരുടെ സഹായത്തോടെ ശ്രമിച്ചപ്പോള്‍ എംഡിഎഫ് നടത്തിയ ‘സേവ് കരിപ്പൂര്‍’ ക്യാമ്പയിന്‍ ശ്രദ്ധനേടിയിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട്, തിരുവനന്തപുരം, ന്യൂ ഡല്‍ഹി എന്നിവിടങ്ങളില്‍ നിരവധി സമരങ്ങളും നടത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പല തവണ നിവേദനങ്ങളും സമര്‍പ്പിച്ചു. ഇതിന്റെ ഫലമാണ് 2018ല്‍ നിര്‍ത്തി വെച്ച സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ-ിയാദ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍, 2020ല്‍ കരിപ്പൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന ദുരന്തത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വലിയ വിമാന സര്‍വീസ് ലാന്റ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി.

മലബാറിന്റെ പ്രധാന വികസന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി പരിഹാരം കാണാന്‍ ശ്രമിക്കുന്ന മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവാസികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. വാഹന പാക്കിങ് ഫീ വര്‍ധിപ്പിച്ചു, അമിതമായ ടിക്കറ്റ് നിരക്ക്, ഹജ്ജ് സര്‍വീസിലെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് എന്നിവ ഉദാഹരണങ്ങളാണ്. കേരളത്തിലെ ദാരിദ്ര്യം മാറ്റുകയും കഷ്ടപ്പെടുന്നവരെ കൈയയച്ച് സഹായിക്കുകയും ചെയ്യുന്ന പ്രവാസികള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് കെ. എം ബഷീര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top