റിയാദ്: ഇന്ത്യക്ക് പുറത്ത് അനുവദിച്ചിരുന്ന നീറ്റ് സെന്ററുകള്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നു കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി. കഴിഞ്ഞ വര്‍ഷം സൗദി ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അനുവദിച്ച സെന്ററുകള്‍ നിലനിര്‍ത്തണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എന്നിവര്‍ക്ക് കെഎംസിസി അടിയന്തര സന്ദേശമം അയച്ചതായി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് ട്രഷറര്‍ അഹമ്മദ് പാളയാട്ട് എന്നിവര്‍ അറിയിച്ചു.
പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങളുടെ ചിറകരിയുന്ന നടപടി പിന്‍വലിച്ച് ഗള്‍ഫ് നാടുകളില്‍ കഴിയുന്ന സാധാരണക്കാരായ പ്രവാസികളുടെ മക്കള്‍ക്ക് നീറ്റ് പരീക്ഷ എഴുതാനുള്ള അവസരമുണ്ടാക്കണമെന്നും കെഎംസിസി ആവശ്യപ്പെട്ടു. പ്രവാസി സമൂഹത്തോട് കാണിക്കുന്ന ചിറ്റമ്മ നയം ഒരിയ്ക്കല്‍ കൂടി വ്യക്തമായതായും കെഎംസിസി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി, കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി, വിദേശകാര്യ മന്ത്രി, കേരള മുഖ്യമന്ത്രി, എം പി മാര്‍ എന്നിവര്‍ക്കം കെഎംസിസി പരാതി അയച്ചു.
രണ്ട് വര്‍ഷം മുമ്പേ സൗദിയില്‍ നീറ്റ് സെന്റര്‍ കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ച് രക്ഷിതാള്‍ക്കക്കൊപ്പം കെഎംസിസി രംഗത്തിറങ്ങിയിരുന്നു. 2013ന് ശേഷം പത്ത് വര്‍ഷം കഴിഞ്ഞാണ് 2022 ല്‍ അധികൃതര്‍ റിയാദില്‍ സെന്റര്‍ അനുവദിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നടന്ന നീറ്റ് പരീക്ഷയില്‍ എണ്ണൂറിലധികം വിദ്യാര്‍ത്ഥികളാണ് സൗദിയിലെ സെന്ററില്‍ പങ്കെടുത്തത്. കെഎംസിസിയുടെ ശ്രമഫലമായി മുസ്ലിം ലീഗ് എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, അബ്ദുല്‍ സമദ് സമദാനി, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ ഇടപെട്ടാണ് രണ്ട് വര്‍ഷം മുമ്പ് റിയാദില്‍ സെന്റര്‍ അനുവദിച്ചത്. നേരത്തെ സൗദിയില്‍ നിന്ന് ഓരോ വര്‍ഷവും ആയിരത്തിലധികം അപേക്ഷകര്‍ യുഎഇ, കുവൈത്ത്, ഇന്ത്യ എന്നിവിടങ്ങളിലെ സെന്ററുകളില്‍ പോയി പരീക്ഷ എഴുതിയിരുന്നു. കോവിഡ് കാലയളവില്‍ ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഏറെ ദുരിതം അനുഭവിച്ചു. ഇതു രക്ഷിതാക്കളും കെഎംസിസി ഉള്‍പ്പെടെയുള്ളവരും അധികൃതരെ ബോധ്യപെടുത്തിയതിന്റെ ടിസ്ഥാനത്തിലാണ് 2022ല്‍ റിയാദില്‍ സെന്റര്‍ അനുവദിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
