Sauditimesonline

SMC
പ്രവാസം നെഞ്ചിലൊതുക്കി അജീഷ് നാട്ടിലേക്ക്; എസ്എംസി യാത്രയയപ്പ്

കനല്‍ പുകയുന്ന കടല്‍പ്പാതകള്‍, നെഞ്ചിടിപ്പോടെ ലോകം: പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പില്‍

അമേരിക്ക-ഇറാന്‍ വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ചതോടെ പശ്ചിമേഷ്യന്‍ മണ്ണില്‍ വീണ്ടും യുദ്ധഭീതിയുടെ നിഴല്‍ പടരുകയാണ്. പുകയുന്ന കനലുകള്‍ ഏത് നിമിഷവും വന്‍ അഗ്‌നിഗോളമായി മാറാമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ഇതിനിടെ യുഎഇയില്‍ മുഴങ്ങിയ ജാഗ്രതാ സൈറണുകള്‍ ഗള്‍ഫ് മേഖലയിലാകെ വലിയ നടുക്കമുണ്ടാക്കി. എന്നാല്‍, ഇറാന്‍ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും യുഎഇയെ ലക്ഷ്യമിട്ടുള്ളതല്ലെന്നും സമുദ്രപാതയിലെ കപ്പല്‍ ഗതാഗതത്തിന് നേരെയാണെന്നും അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് താല്‍ക്കാലിക ആശ്വാസമായത്. ഇതിലൊന്ന് യുഎഇയുടെ സമുദ്രാതിര്‍ത്തിക്ക് പുറത്തും രണ്ടാമത്തേത് അതിര്‍ത്തിക്കുള്ളിലുമാണ് പതിച്ചത്.

മുന്‍കരുതലുമായി യുഎഇ, പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍
ഗള്‍ഫ് മേഖലയില്‍ ഭൗമ രാഷ്ട്രീയ സംഘര്‍ഷം കടുക്കുന്നതിനിടെ, ആഗോള സാമ്പത്തിക സുരക്ഷ മുന്‍നിര്‍ത്തി ഇറാനുമായുള്ള സാമ്പത്തിക വ്യാപാര ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ യുഎഇ തീരുമാനിച്ചു. സെന്‍ട്രല്‍ ബാങ്കിന്റെയും ധനകാര്യ, വിദേശകാര്യ മന്ത്രാലയങ്ങളുടെയും സംയുക്ത നിര്‍ദ്ദേശപ്രകാരമാണിത്. അതേസമയം, ഇറാന്‍ പൗരന്മാരുടെ വിസ റദ്ദാക്കുന്നുവെന്നും ഇറാന് യുഎഇ സാമ്പത്തിക സഹായം നല്‍കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അഫ്ര അല്‍ ഹമേലിയും പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷും വ്യക്തമാക്കി. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണങ്ങളുടെ ഭാഗമാണിതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഹോര്‍മുസ് ഭീഷണിയുമായി ഇറാന്‍
സംഘര്‍ഷങ്ങളും ആശങ്കകളും വര്‍ധിക്കുന്നതിനിടെ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍. പരമാധികാരം സംരക്ഷിക്കാന്‍ ആക്രമണം ഉണ്ടായാല്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച ഇറാന്‍, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം തടയുമെന്ന ഭീഷണി ആവര്‍ത്തിച്ചു. ആഗോള എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന പാത അടച്ചാല്‍ ക്രൂഡ് ഓയില്‍ വില ആകാശത്തോളമുയരും. ഇത് ആഗോള സാമ്പത്തിക വ്യവസ്ഥയെ അടിമുടി പിടിച്ചുലയ്ക്കും.

പ്രവാസി നെഞ്ചകം തകര്‍ക്കുന്ന യുദ്ധഭീതി
കടല്‍പ്പാതകള്‍ അടയുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഊര്‍ജ്ജ സുരക്ഷയെ തകിടം മറിക്കും. അതിലുപരി, ഗള്‍ഫ് മേഖലയില്‍ കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസി മലയാളികളാണ് കടുത്ത ഭീതിയില്‍ കഴിയുന്നത്. വ്യാപാര വാണിജ്യ രംഗത്തുണ്ടായിരിക്കുന്ന മരവിപ്പ് ഇപ്പോള്‍ തന്നെ തൊഴില്‍ മേഖലയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ വന്‍ പ്രവാസി ദുരന്തത്തിനാവും ലോകം സാക്ഷ്യം വഹിക്കേണ്ടി വരിക.

പ്രതീക്ഷയുടെ നയതന്ത്ര വെളിച്ചമായി ഒമാന്‍
യുദ്ധമേഘങ്ങള്‍ കനക്കുമ്പോഴും സമാധാനത്തിന്റെ ഒരേയൊരു കണ്ണി ഇറാനും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധമാണ്. അമേരിക്കയ്ക്കും ഇറാന്റെയും ഇടയില്‍ പാരമ്പര്യമായി മധ്യസ്ഥരുടെ പങ്ക് വഹിക്കുന്ന മസ്‌കത് കേന്ദ്രീകരിച്ച് ‘നിശബ്ദ നയതന്ത്രം’ ശക്തമായി പുരോഗമിക്കുന്നുണ്ട്. ഈ ചര്‍ച്ചകള്‍ ഒരു വലിയ ദുരന്തം ഒഴിവാക്കുമോ എന്ന ഉത്കണ്ഠയോടെ കാത്തിരിക്കുകയാണ് അന്താരാഷ്ട്ര സമൂഹം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top