
റിയാദ്: വിനോദ വിസ്മയത്തിന്റെ കവാടം തുറന്ന് റിയാദില്‍ സിക്‌സ് ഫ്‌ളാഗ്‌സ് അമ്യൂസ്‌മെന്റ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. വിനോദ നഗരമായ ഖിദ്ദിയയിലാണ് ലോകോത്തര നിലവാരമുളള പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. സാഹസിക വിനോദത്തിന് വടക്കേ അമേരിക്കയ്ക്ക് പുറത്തെ ആദ്യ സിക്‌സ് ഫ്‌ളാഗ്‌സ് അമ്യൂസ്‌മെന്റ് പാര്‍ക്കാണ് റിയാദ് നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഖിദ്ദിയ സിറ്റിയില്‍ ആരംഭിക്കുന്നത്.

ലോക റെക്കോര്‍ഡുകള്‍ തകര്‍ത്ത റൈഡുകളാണ് പാര്‍ക്കിലെ മുഖ്യ ആകര്‍ഷണം. തുവൈഖ് പര്‍വതനിരകളോട് ചേര്‍ന്നാണ് ഖിദ്ദിയ വിനോദ നഗരി 3,20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് സ്ഥാപിച്ചിട്ടുളളത്. 28 റൈഡുകളും നിരവധി ആകര്‍ഷകങ്ങളായ വിനോദ പരിപാടികളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്പ്ര തിദിനം 10,000 സന്ദര്‍ശകരെ പ്രവേശിപ്പിക്കാന്‍ പാര്‍ക്കില്‍ ശേഷിയുണ്ട്. 20 ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് 2026ല്‍ പ്രതീക്ഷിക്കുന്നത്. 1,200 ജീവനക്കാരാണ് പാര്‍ക്കില്‍ സേവനങ്ങള്‍ക്കായി നിയോഗിച്ചിട്ടുളളത്. പരിശീലനം നേടിയ സ്വദേശി യുവതി യുവാക്കളാണ് ജീവനക്കാരിലേറെയും. പാര്‍ക്കിലെ മാലിന്യം 80 ശതമാനവും പുനരുപയോഗിക്കാന്‍ കഴിയുന്ന വിധം പരിസ്ഥിതി സൗഹൃദമാണ്.

ലോക റെക്കോര്‍ഡുകള്‍ തകര്‍ത്ത അഞ്ച് പ്രധാന റൈഡുകള്‍ സിക്‌സ് ഫ്‌ലാഗ്‌സ് ഖിദ്ദിയ പാര്‍ക്കിെന്റ പ്രത്യേകതയാണ്. ഏറ്റവും പ്രധാന ആകര്‍ഷണമായ ‘ഫാല്‍ക്കണ്‍സ് ഫ്‌ലൈറ്റ്’ എന്ന റൈഡ് ലോകത്തിലെ ഏറ്റവും ഉയരമുള്ളതും വേഗതയേറിയതും നീളമേറിയതുമായ റോളര്‍ േകാസ്റ്ററാണ്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഇതിന് 195 മീറ്റര്‍ ഉയരവും നാല് കിലോമീറ്റര്‍ നീളവുമുണ്ട്. മൂന്ന് ലോക റെക്കോര്‍ഡുകളാണ് സ്വന്തം.

‘സിറോക്കോ ടവര്‍’ ആണ് മറ്റൊന്ന്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഫ്രീസ്റ്റാന്‍ഡിങ് ഷോട്ട് ടവറണിത്. 145 മീറ്റര്‍ ഉയരമുണ്ട്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പെന്‍ഡുലം റൈഡാണ് ‘ഗൈറോസ്പിന്‍’. ‘സ്പിറ്റ്ഫയര്‍’ റൈഡ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍വേര്‍ട്ടഡ് ടോപ്പ് ഹാറ്റ് കോസ്റ്ററാണ്. ഒരേസമയം ഭീതിയും കൗതുകവും അനുഭവിപ്പിക്കുന്ന റൈഡാണ് ‘അയണ്‍ റാറ്റ്‌ലര്‍’. ഈയിനത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടില്‍റ്റഡ് (ചരിഞ്ഞ) കോസ്റ്ററാണ് ഇത്. 63.4 മീറ്റര്‍ ഉയരമുണ്ട്.

12 വയസിന് മുകളിലുള്ളവര്‍ക്ക് 325 റിയാലും വാരാന്ത്യങ്ങളില്‍ 450 റിയാലുമാണ് ടിക്കറ്റ് നിരക്ക്. നാല് മുതല്‍ 11 വയസ് വരെയുള്ളവര്‍ക്ക് 275 റിയാലാണ് നിരക്ക്. നാല് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പാര്‍ക്കിനുള്ളില്‍നിന്ന് നേരിട്ട് 75 റിയാല്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. ഫാമിലി ബണ്ടില്‍ ആയി അഞ്ചു പേര്‍ക്ക് ഒന്നിച്ച് കയറാവുന്ന പാക്കേജ് 1,200 റിയാല്‍ മുതല്‍ ലഭ്യമാണ്. ക്യൂ നില്‍ക്കാതെ റൈഡുകളില്‍ കയറാന്‍ ‘ഗോ ഫാസ്റ്റ് പാസ്’ എന്ന പ്രത്യേക പാസും അധിക തുക നല്‍കി വാങ്ങാവുന്നതാണ്.

സിക്‌സ് ഫ്‌ലാഗ്‌സ് ഖിദ്ദിയ പാര്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കും. വൈകുന്നേരം നാല് മുതലാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. റിയാദ് നഗരമധ്യത്തില്‍നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെയാണ് ഖിദ്ദിയ സ്ഥിതി ചെയ്യുന്നത്. മെട്രോയും ഷട്ടില്‍ ബസ്സും വഴി ഇവിടെ എത്തിച്ചേരാം. റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിലെ ജിദ്ദ റോഡ് സ്‌റ്റേഷന്‍, ബ്ലൂ, റെഡ് ലൈനുകളിലെ എസ്.ടി.സി എന്നീ സ്‌റ്റേഷനുകളില്‍നിന്ന് ഖിദ്ദിയയിലേക്ക് അര മണിക്കൂര്‍ ഇടവിട്ട് സൗജന്യ ഷട്ടില്‍ ബസ് സര്‍വിസുകളുണ്ട്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





