
നഞ്ചക്ക് ചുഴറ്റി ലക്ഷ്യസ്ഥാനത്ത് പതിച്ചാല്‍ ഏകദേശം 100 മുതല്‍ 200 പൗണ്ട് ശക്തിയിലാകും ആഘാതം. അതാണ് സഹപാഠിയുടെ അടിയേറ്റ താരമശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിനെ മരണത്തിലേയ്ക്കു നയിച്ചത്. ഒരു നഞ്ചക്ക് സ്‌ട്രൈക്കിന്റെ ആഘാതം ബോക്‌സിംഗ് ഇതിഹാസം മൈക് ടൈസന്റ ഒരു പഞ്ചിന് തുല്യമാണ്. 150 മുതല്‍ 250 പൗണ്ട് വരെയാണ് ടൈസന്റെ ഒരു പഞ്ചിന്റെ ശക്തി.

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ 23കാരന്‍ കുടുംബത്തിലെ 5 പേരെ കൂട്ടക്കൊല ചെയ്യാന്‍ ഉപയോഗിച്ചത് നഞ്ചക്കല്ല, ചുറ്റികയാണെന്നു മാത്രം! 2025 പിറന്നതിന് ശേഷം ഇത്തരം കൊലപാതകങ്ങളും സംഘര്‍ഷങ്ങളും ആവര്‍ത്തിച്ചു കേള്‍ക്കുകയാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങള്‍ക്ക് കാരണങ്ങളില്‍ പ്രധാനം ലഹരിയാണ്. അതിമാരകമായ സിന്തറ്റിക് ലഹരികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും കഴിയുന്നില്ല.

ലഹരി മാത്രമാണോ ഇത്തരം പ്രവണതകള്‍ കുട്ടികളില്‍ കണ്ടുവരുന്നതിന്റെ കാരണം? അല്ലെന്ന് സമീപകാലത്തെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്താല്‍ ബോധ്യമാകും. പുതിയ തലമുറ ആല്‍ഫാ ജനറേഷന്‍ ഗണത്തിലാണെന്നും അവരേതോ ഭീകരന്മാരാണ് എന്ന മട്ടിലാണ പല ചര്‍ച്ചകളും പുരോഗമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണ് ആല്‍ഫാ ജനറേഷന്‍?

2010 ന് ശേഷം ജനിച്ച കുട്ടികളെ പൊതുവായി വിശേഷിപ്പിക്കുന്ന പേരാണ് ആല്‍ഫ ജനറേഷന്‍. സ്വാഭാവികമായി അഡ്വാന്‍സ്ഡ് ജനറേഷന്‍ എന്നതില്‍ കവിഞ്ഞു ചില സ്വഭാവ വൈശിഷ്ട്യങ്ങള്‍ ഉള്ള ഒരു തലമുറയാണിവര്‍ എന്ന് പറഞ്ഞാല്‍ തെറ്റില്ല. മുന്‍ തലമുറയിലെ കുട്ടികളെ അപേക്ഷിച്ച് പലതരം സ്വഭാവ വൈജാത്യങ്ങള്‍ ഈ തലമുറയിലെ കുട്ടികള്‍ കാണിക്കുന്നു. അവ ഇങ്ങനെ സംഗ്രഹിക്കാം

ഡിജിറ്റല്‍ നേറ്റീവ്‌സ്
പൂര്‍ണമായി ഡിജിറ്റല്‍ ലോകത്തേക്ക് പിറന്നു വീണ തലമുറ എന്ന ഖ്യാതി പുതു തലമുറയ്ക്കുളളത്. അവര്‍ ജനിക്കുമ്പോള്‍ തന്നെ സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ അവരുടെ ലോകത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ട്. ആ ലോകത്താണ് അവര്‍ ജനിച്ചത്. അതുകൊണ്ട് തന്നെ അവരുടെ പെരുമാറ്റങ്ങളില്‍ ഇത്തരം ഡിജിറ്റല്‍ സൗകര്യങ്ങളുടെ സ്വാധീനം സ്വാഭാവികമാണ്.
വിശ്വല്‍ ലേണേഴ്‌സ്
പുതു തലമുറയിലെ കുട്ടികള്‍ വിഷ്വല്‍ പഠിതാക്കളാണ്. പരമ്പരാഗത ബോധനരീതികളില്‍ ഒട്ടും ആകൃഷ്ടരാകുന്നില്ലെന്ന് മാത്രമല്ല, കൂടുതല്‍ പുരോഗമനപരമായ പഠന രീതികള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഹ്രസ്വ വീഡിയോകള്‍, ഗെയിമുകള്‍ തുടങ്ങിയവ വഴി പഠിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇങ്ങനെയുള്ള കുട്ടികളെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പഠനരീതികള്‍ ഉപയോഗിച്ച് പഠിപ്പിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്.
ഷോര്‍ട്ടര്‍ അറ്റെന്‍ഷന്‍ സ്പാന്‍
പുതു തലമുറയിലെ കുട്ടികള്‍ താരതമ്യേന കുറഞ്ഞ ശ്രദ്ധയുള്ളവരാണ്. ഒരു വിഷയത്തില്‍ പതിനഞ്ചോ ഇരുപതോ മിനിട്ടു മാത്രം ശ്രദ്ധിക്കാന്‍ സാധിക്കുന്നവര്‍. അതേപോലെ ഒരേസമയം ഒന്നിലധികം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും ഇവര്‍ക്കുണ്ട്. ഇത്തരം സ്വഭാവ സവിശേഷതകള്‍ മനസിലാക്കി മാത്രമേ അവരെ കൈകാര്യം ചെയ്യാന്‍ കഴിയുകയുളളൂ.
സര്‍വതന്ത്ര സ്വാതന്ത്ര്യവും സ്വയം പഠനവും
വളരെ ചെറുപ്പം മുതലേ സ്വയം കാര്യങ്ങള്‍ പഠിക്കാന്‍ തുടങ്ങുന്നവരാം പുതു തലമുറയിലുളളവര്‍. ആവശ്യമുള്ള വിവരങ്ങള്‍ ആവശ്യമുള്ള രൂപത്തില്‍, ആവശ്യമുള്ള അളവില്‍ ലഭിക്കാന്‍ നിരവധി സൗകര്യങ്ങള്‍ ഉള്ള കാലത്താണ് അവര്‍ വളരുന്നത്. മുന്‍ തലമുറകളെപ്പോലെ അറിവ് നേടാന്‍ രക്ഷിതാക്കളെയോ അധ്യാപകരെയോ ആശ്രയിക്കേണ്ട സാഹചര്യമില്ല. പല കുട്ടികളും സ്‌കൂളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ അറിവുകള്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റു സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചും സ്വായത്തമാക്കുന്നു. രക്ഷിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ മുതിര്‍ന്നവര്‍ക്കോ അറിയാത്ത പല സാങ്കേതിക ജ്ഞാനങ്ങളും പുതു തലമുറയിലെ കുട്ടികള്‍ ആയാസരഹിതമായി നേടിയെടുക്കുന്നു.

ഓണ്‍ലൈനായി പണമുണ്ടാക്കാനുള്ള നിരവധി അവസരങ്ങളും മുന്നിലുണ്ട്. ഫോണില്‍ കുത്തിക്കളിക്കുന്ന മകന്‍ അതുവഴി പണമുണ്ടാക്കുന്നു എന്ന് അഭിമാനത്തോടെ പറയുന്ന രക്ഷിതാക്കളെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പിന്നിലെ ചതിക്കുഴികള്‍ അവരെ പറഞ്ഞു മനസിലാക്കാനോ നേരായ മാര്‍ഗത്തില്‍ വഴിനടത്താണോ ആവശ്യമായ പരിജ്ഞാനം രക്ഷിതാക്കള്‍ക്കില്ല എന്നത് പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്.

ഇന്‍സ്റ്റന്റ് ഗ്രാറ്റിഫിക്കേഷന്‍ / ക്വിക്ക് ഫിക്‌സ് സൊസൈറ്റി
ആല്‍ഫാ തലമുറയിലെ കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത, അവര്‍ ക്വിക്ക് ഫിക്‌സ് സൊസൈറ്റി ആണ് എന്നതാണ്. ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, ആവശ്യങ്ങള്‍ എന്നിവക്ക് ദ്രുതഗതിയില്‍ പരിഹാരം കാണണം എന്നത് അവര്‍ക്ക് നിര്‍ബന്ധമുള്ള കാര്യമാണ്. വീട്ടുകാരില്‍ നിന്നോ കൂട്ടുകാരില്‍ നിന്നോ എന്തെങ്കിലും ആവശ്യവും സാധിച്ചുകിട്ടാന്‍ വൈകിയാല്‍ അവരുടെ ക്രോധഭാവങ്ങള്‍ ഉണരും. ദേഷ്യപ്പെടലും വീട്ടുപകരണങ്ങളും പഠന സാമഗ്രികളും വലിച്ചെറിയലും തല്ലിപ്പൊട്ടിക്കലും തുടങ്ങി അക്രമവാസനകള്‍ പ്രകടിപ്പിക്കും. വൈകാരിക ക്ഷോഭങ്ങളുടെ തീവ്രതയില്‍ സ്വയം വേദനിപ്പിക്കും. ചിലപ്പോള്‍ ആത്മഹത്യയും സംഭവിക്കുന്നു.

കൂട്ടുകാരനെ തല്ലിക്കൊല്ലലും സ്വന്തം അമ്മയെ വെട്ടിക്കൊല്ലലും മോഷണവും ലഹരി ഉപയോഗവും തുടങ്ങി എന്തും അവര്‍ക്ക് പ്രയാസലേശമന്യേ സാധ്യമാകുന്നു. സമപ്രായക്കാരനായ സുഹൃത്തിനെ കൊല്ലാന്‍ പദ്ധതിയാസൂത്രണം ചെയ്യാനും ആയുധ പരിശീലനം നേടാനും 15 വയസ്സുകാരായ കുട്ടികള്‍ക്ക് സാധ്യമാകുന്നത് ഇങ്ങനെയാണ്.

പരിഹാരമാര്‍ഗം?
കുട്ടികളുടെ മനഃശാസ്ത്രമറിഞ്ഞ് കൈകാര്യം ചെയ്യുക എന്നത് തന്നെയാണ് പ്രഥമവും പ്രധാനവുമായ വഴി. ആല്‍ഫാ തലമുറയിലെ കുട്ടികളുടെ സ്വഭാവ വിശേഷണങ്ങള്‍ മനസിലാക്കി അതിനനുസരിച്ചു രക്ഷിതാക്കള്‍, അധ്യാപകര്‍, സമൂഹം, പാഠ്യപദ്ധതി എന്നിവക്ക് കാതലായ പരിഷ്‌കരണം നടത്തണം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ക്രമപ്പെടുത്തിയ പാഠ്യപദ്ധതിയനുസരിച്ച് ഈ തലമുറ പഠിക്കണം എന്ന് പറയുന്നതില്‍പരം അസംബന്ധം വേറെയില്ല!
പാഠ്യപദ്ധതി മാത്രമല്ല, പഴകിപ്പുളിച്ച നമ്മുടെ ബോധനരീതിയില്‍ കാലാനുവര്‍ത്തിയായ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. നിലമറിഞ്ഞു വിത്തിടുക എന്ന് പറയുന്ന പോലെ, തന്റെ മുന്നിലിരിക്കുന്ന കുട്ടികളെ അറിഞ്ഞു ക്ലാസ്സെടുക്കുന്ന അധ്യാപകരും ഇക്കാലത്ത് കുറവാണ്.

കുട്ടികളുടെ സാങ്കേതിക പരിജ്ഞാനം ഉള്‍ക്കൊള്ളാതെ, വഴിതെറ്റാനുള്ള ആയിരം വാതിലുകള്‍ തുറന്നുകിടക്കുന്ന നവമാധ്യമ ലോകത്തേക്ക് അവരെ സര്‍വ്വതന്ത്രസ്വതന്ത്രരായി തുറന്നുവിടുന്ന രക്ഷിതാക്കള്‍ക്കും ദുരവസ്ഥയില്‍ നിന്ന് കുട്ടികളെ കരകയറ്റുന്നതില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. ശിഥിലമായ കുടുംബ ബന്ധങ്ങള്‍, വക്രീകരിക്കപ്പെട്ട സമൂഹക്രമം എന്നിവയും പ്രശ്‌നം തന്നെ.

ദുര്‍ബലമായ നിയമവ്യവസ്ഥ, നീതിന്യായ സംവിധാനങ്ങളുടെ കാര്യക്ഷ്മതയില്ലായ്മ, നിയമനിര്‍മാണങ്ങളിലെയും സര്‍ക്കാര്‍ സംവിധാനങ്ങളിലെയും ദയനീയ പരാജയം, അക്രമണോത്സുകത ആഘോഷമാക്കുന്ന സിനിമകള്‍, നിമിഷാര്‍ദ്ധങ്ങളിലെ കൃത്രിമഘോഷങ്ങള്‍ സുസ്ഥിരമെന്ന് ദ്യോതിപ്പിക്കുന്ന നവ മാധ്യമ ലോകം എല്ലാം കാരണങ്ങള്‍ തന്നെ.
ലഹരിയെപ്പഴിച്ച്, കൂട്ടുകെട്ടിനെ കുറ്റം പറഞ്ഞ്, സോഷ്യല്‍ മീഡിയക്കെതിരെ ആഞ്ഞടിച്ച്, കാലത്തെ ശപിച്ച് മാത്രം കാലം കഴിക്കാതെ അസുഖമറിഞ്ഞ് ചികിത്സിച്ചാല്‍ രോഗം മാറും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
