
റിയാദ്: സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി റിയാദ് നൈല ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയ രാജ്യാന്തര പ്രദര്‍ശനത്തില്‍ ശ്രദ്ധ നേടി മലയാളി ചിത്രകാരി. സൗദി സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ചിത്രം വരച്ചാണ് റിയാദില്‍ പ്രവാസിയായ തൃശൂര്‍ സ്വദേശി വിനി വേണുഗോപാല്‍ സന്ദര്‍ശകരെ ആര്‍ഷിക്കുന്നത്.

ബ്രഷുകള്‍ക്കു പകരം വിരല്‍ തുമ്പുകള്‍ ഉപയോഗിച്ച് വര്‍ണ വിസ്മയം തീര്‍ക്കുന്ന അപൂര്‍വ്വ രചനാ ശൈലി ഉപയോഗിച്ചാണ് വിനി ചിത്രം വരച്ചത്. സൗദി സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ചെറുപുഞ്ചിരിയോടെയുളള ചിത്രം നിഷ്‌കളങ്ക ഭാവവും ശക്തമായ വ്യക്തിത്വവും പ്രതിഫലിപ്പിക്കുന്നു. അബ്ദുല്‍ അസീസ് രാജാവിന്റെ ചിത്രം ലഭ്യമാണെങ്കിലും കൊട്ടാരത്തിലെ അകത്തളങ്ങള്‍ വ്യക്തമാക്കുന്ന മാതൃകാ ചിത്രങ്ങള്‍ ലഭ്യമല്ല. അതുകൊണ്ടുതന്നെ എട്ട് പതിറ്റാണ്ട് മുമ്പുളള വിവിധ ചിത്രങ്ങളില്‍ സൂക്ഷ്മ പഠനം നടത്തിയാണ് ചിത്രം തയ്യാറാക്കിയത്. ഇതിനായി നാഷണല്‍ മ്യൂസിയം, സാംസ്‌കാരിക മന്ത്രാലയത്തിലെ ചരിത്ര രേഖകള്‍ എന്നിവ വിശകലനവും സൂക്ഷ്മ പഠനവും നടത്തിയെന്ന് വിനി വേണുഗോപാല്‍ സൗദിടൈംസിനോട് പറഞ്ഞു.

1932 മുതല്‍ 1951 വരെ 21 വര്‍ഷം സൗദി അറേബ്യയെ നയിച്ച അബ്ദുല്‍ അസീസ് രാജാവിന്റെ പ്രൗഢിയാണ് ചിത്രം പങ്കുവെക്കുന്നത്. അക്കാലെത്ത് റിയാദ് മുറബ്ബ പാലസിലെ സോഫ, കര്‍ട്ടന്‍, ജനാല, ചുവര്‍ചിത്രം, ടെലിഫോണ്‍, കാര്‍പ്പറ്റ് എന്നിവയെല്ലാം ചിത്രത്തില്‍ കാണാം. മാതൃകാ ചിത്രം ഇല്ലാത്തതുകൊണ്ടുതന്നെ ചിത്രകാരിയുടെ ഭാവനയില്‍ വിരിഞ്ഞ ചിത്രമാണ് സന്ദര്‍ശകരില്‍ കൗതുകം ഉണര്‍ത്തുന്നത്. രണ്ട് മീറ്റര്‍ വീതിയും 180 സെന്റി മീറ്റര്‍ ഉയരവുമുളള കാന്‍വാസില്‍ ഓയില്‍ പെയിന്റിലാണ് ചിത്രം ഒരുക്കിയിട്ടുളളത്. പ്രദര്‍ശനത്തിനെത്തിയവയില്‍ ഏറ്റവും വലിയ ചിത്രവും ഇതാണ്.

നേരത്തെ വിനി വേണുഗോപാല്‍ വരച്ച സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ചിത്രം കൊട്ടാരത്തില്‍ സ്ഥാപിക്കാന്‍ റിയാദ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ എംബസി വഴിയാണ് ചിത്രം സമ്മാനിച്ചത്്. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നടന്ന ചിത്ര പ്രദര്‍ശനത്തിലും വിനി പങ്കെടുത്തിരുന്നു. അമേരിക്ക, കാനഡ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ചിത്രകാരന്‍മാരുടെ സൃഷ്ടികളും നൈല ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.





