റിയാദ്: കലുഷിതമായ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ദിശാബോധം നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിച്ച നേതാവായിരുന്നു അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് കേളി കലാസാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി നിലനില്‍ക്കണമെങ്കില്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യാവകാശം വേണമെന്ന നിലപാടില്‍ ഊന്നി നിന്നുകൊണ്ടായിരുന്നു പാര്‍ലമെന്റിന് അകത്തും പുറത്തും അദ്ദേഹം നടത്തിയ എല്ലാ പോരാട്ടങ്ങളും. എല്ലാ അര്‍ത്ഥത്തിലും ഒരു ജനകീയ പാര്‍ലമെന്റേറിയനായിരുന്ന യെച്ചൂരി. പാര്‍ലമെന്റില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായിമാറി. അടിച്ചമര്‍ത്തപ്പെടുന്ന കര്‍ഷകന്റെയും വേട്ടയാടപ്പെടുന്ന ദളിത് ന്യൂനപക്ഷ വിഭാഗങ്ങളുടെയും മറ്റും ദീനസ്വരങ്ങള്‍ സീതാറാമിലൂടെ പാര്‍ലമെന്റില്‍ മുഴങ്ങി.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ കോമണ്‍ മിനിമം പ്രോഗ്രാം തയ്യാറാക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ച സീതാറാം യെച്ചൂരി, സമൂഹത്തിലെ പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ അതില്‍ ഉള്‍കൊള്ളിക്കുന്നതിന്ന് മുന്‍കൈ എടുത്തു.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതേതര മൂല്യങ്ങള്‍ തിരിച്ചുപിടിക്കുന്നതിനായി വിവിധ ചേരിയില്‍ നിന്നിരുന്ന പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാന്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. പാര്‍ട്ടി നിലപ്പാട് ഉയര്‍ത്തി പിടിച്ചുകൊണ്ട് തന്നെ രാജ്യ താല്‍പര്യത്തിനായി യോജിക്കാവുന്ന എല്ലാ മേഖലകളിലും സഹകരണം കൊണ്ടു വരികയും, ചെറു കക്ഷികളെ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ബോധ്യപെടുത്തിയും ഇന്ത്യയെ വീണ്ടെടുക്കുന്നതില്‍ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു.
ഒരു ഇന്ത്യന്‍ പൗരന്റെ യഥാര്‍ത്ഥ മുഖം സ്വന്തം ജീവിതത്തിലൂടെ വരച്ചു കാട്ടിയ അതുല്യ പ്രതിഭയായിരുന്നു യെച്ചൂരി. ജനനം മുതല്‍ മരണം വരെയുള്ള വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍, പ്രവര്‍ത്തന മേഖലകള്‍, ജീവിതത്തിലൂടെ കടന്നു പോയ വിവിധ മതങ്ങള്‍, സ്വായത്തമാക്കിയ വിവിധ ഭാഷകള്‍ എല്ലാം ഒരു ഇന്ത്യന്‍ പൗരന് ഭരണഘടന നല്‍കുന്ന അവകാശങ്ങളെ അടയാള പെടുത്തുന്നവയായിരുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും, തൊഴിലാളിവര്‍ഗ്ഗ വിപ്ലവപ്രസ്ഥാനത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കേളി രക്ഷാധികാരി സമിതി പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.