റിയാദ്: ഫാസിസത്തിനും വര്‍ഗ്ഗീയതക്കും എതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ മഹാനായ ദേശീയ നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് റിയാദ് നവോദയ. സിപിഎമ്മിന്റെ ദേശീയ, അന്തര്‍ദേശീയ മുഖമായിരുന്നു യെച്ചൂരി. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ അതേ ആവേശത്തില്‍തന്നെ സംഘ് പരിവാര്‍ ഫാസിസത്തിനെതിരെ മരണംവരെ യെച്ചൂരി പോരാടി.
ഇന്ദിരാ ഗാന്ധിയുടെ വസതിയിലേക്ക് യെച്ചൂരിയുടെ നേതൃത്വത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്തതിനെ തുടര്‍ന്നായിരുന്നു ജെഎന്‍യു ചാന്‍സലര്‍ പദവിയില്‍നിന്നു ഗാന്ധിയെ രാജിവെപ്പിച്ചത്. മോഡിയുടെ ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ തൊഴിലാളികള്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ നടത്തിയ പ്രക്ഷോഭത്തിലും യെച്ചൂരിയുടെ നേതൃത്വപരമായ പങ്ക് വ്യക്തമാണ്. രാജ്യസഭക്കുള്ളിലും പുറത്തും അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍, എഴുത്തുകള്‍ എല്ലാം മതേതര പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താനുള്ളതായിരുന്നു. യെച്ചൂരിയുടെ പ്രസംഗങ്ങള്‍ ഓരോന്നും രാഷ്ട്രീയവിദ്യാര്‍ത്ഥികളുടെ റഫറന്‍സുകളാണ്. സംഘ് പരിവാര്‍ ഭരണകൂട ഭീകരതെക്കതിരെ ‘ഇന്ത്യ’ മുന്നണി കെട്ടിപ്പടുക്കുന്നതില്‍ യെച്ചൂരി വഹിച്ച പങ്ക് വളരെ വലുതാണ്.
സ്വന്തം ജീവിതത്തില്‍പോലും മതതരത്വം ഉയര്‍ത്തിപിടിച്ചു മാതൃകയായ വ്യക്തിയായിരുന്നു സീതാറാം യെച്ചൂരിയെന്ന് നവോദയ സംഘടിപ്പിച്ച യെച്ചൂരി അനുസ്മരണയോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ നവോദയ പ്രസിഡന്റ് വിക്രമലാല്‍ അധ്യക്ഷനായിരുന്നു. അനില്‍ പിരപ്പന്‍കോട്, കുമ്മിള്‍ സുധീര്‍, ഷൈജു ചെമ്പൂര്, നാസ്സര്‍ പൂവാര്‍, അബ്ദുല്‍ കാലം, മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.