Sauditimesonline

KODUVALLY
കൊടുവള്ളി കൂട്ടായ്മ ഇഫ്താര്‍ വിരുന്ന്

സേവ് സോയില്‍ മൂവ്‌മെന്റ് സന്ദേശം പകര്‍ന്ന് യോഗാചാര്യന്‍ സദ്ഗുരു സൗദിയില്‍

റിയാദ്: വിശ്വപ്രസിദ്ധ ഇന്ത്യന്‍ യോഗാചാര്യന്‍ സദ്ഗുരു ത്രിദിന സന്ദര്‍ശനത്തിന് സൗദിയില്‍. സേവ് സോയില്‍ മൂവ്‌മെന്റിന്റെ ഭാഗമായാണ് സദ്ഗുരുവിന്റെ സന്ദര്‍ശനം. സദ്ഗുരു സ്ഥാപിച്ച ആഗോള സംഘടന ഇഷാ ഫൗണ്ടേഷന്‍ മണ്ണിനോടുള്ള ബോധപൂര്‍വമായ സമീപനത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും മണ്ണിന്റെ നശീകരണത്തെ മുന്‍ഗണന നല്‍കി തടയുന്നതിനുമാണ് കോണ്‍ഷ്യസ് പ്ലാനറ്റ് സംരംഭം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി യുകെയില്‍ നിന്ന് യൂറോപ്പ്, മധ്യേഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലൂടെ ഇന്ത്യയിലേക്ക് 30,000 കിലോമീറ്റര്‍ മോട്ടോര്‍സൈക്കിള്‍ യാത്ര നടത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

ലണ്ടനില്‍ നിന്നു തുടങ്ങിയ യാത്ര 22 രാജ്യങ്ങള്‍ പിന്നിട്ടാണ് സൗദി അറേബ്യയിലെത്തിയത്. മെയ് 11 മുതല്‍ 13 വരെയാണ് സദ്ഗുരുവിന്റെ സൗദി അറേബ്യ സന്ദര്‍ശനം. വ്യാഴാഴ്ച റിയാദ് ഇന്ത്യന്‍ എംബസ്സിയില്‍ സംഘടിപ്പിച്ച രണ്ടര മണിക്കൂര്‍ പരിപാടിയില്‍ സദ്ഗുരു സദസ്സുമായ് സംവദിച്ചു. ഇന്ത്യന്‍ പ്രവാസി സമൂഹം, നയതന്ത്രജ്ഞര്‍, വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സൗദി പൗരന്മാര്‍, വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍ എന്നിവര്‍ പങ്കെടുത്തു.

സേവ് സോയില്‍ പ്രസ്ഥാനത്തെക്കുറിച്ചും സൗദി അറേബ്യയില്‍ അതിന്റെ പ്രസക്തിയും അദ്ദേഹം വിശദീകരിച്ചു. സദ്ഗുരു കമ്പോസ് ചെയ്ത സേവ് സോയില്‍ ഗാനത്തോടൊപ്പം ഇന്ത്യന്‍ കലാകാരന്മാര്‍ ഒരുക്കിയ മ്യൂസിക് ഡാന്‍സും കളരിപ്പയറ്റും അരങ്ങേറി. വസുദ്ധര റൊട്ടേരി ദേശഭക്തിഗാനം ആലപിച്ചു.

വിവിധ രാജ്യങ്ങളില്‍ നടത്തിയ സേവ് സോയില്‍ സന്ദേശ യാത്രയുടെ ഫലമായി ലോകം മണ്ണിനെകുറിച്ച് സംസാരിച്ചു തുടങ്ങിയതായി സദ്ഗുരു പറഞ്ഞു. സേവ് സോയില്‍ മൂവ്‌മെന്റിന്റെ ഭാഗമായി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഒരു ബില്ല്യന്‍ ഡോളര്‍ സബ്‌സിഡി നല്‍കി. യുകെയും ജര്‍മനിയും ഈ മാസം മുതല്‍ സബ്‌സിഡി അനുവദിച്ചു.

ഇന്ത്യയിലും സര്‍ക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കാന്‍ ശ്രമം തുടങ്ങിയതായും സദ്ഗുരു പറഞ്ഞു. പരിസ്ഥിതി, ജല, കൃഷി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ഫദ്ല്‍, മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഇസ എന്നിവരുമായിസദ്ഗുരു കൂടിക്കാഴ്ചയും നടത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top