Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

‘രുചിമേള’യുടെ കേളികൊട്ട്; തട്ടുകടയില്‍ അതൃപ്പത്തിന്റെ അപ്പത്തരങ്ങള്‍

റിയാദ്: രുചിക്കൂട്ടുകള്‍ മാറ്റുരക്കുന്ന രുചിമേളയുടെ കേളികൊട്ടൊരുക്കി ഒ.ഐ.സി.സി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മറ്റി.സെപ്തംബര്‍ 26ന് സംഘടിപ്പിക്കുന്ന ‘മാര്‍ക്ക് ആന്റ് സേവ് രുചിമേള’യുടെ പ്രചരണാര്‍ത്ഥം വിവിധ പരിപാടികളാണ് മലാസിലെ അല്മാസ് ഓഡിറ്റോറിയത്തില്‍ നടന്നത്. ബദിയ മക്ക റോഡ് എക്‌സിറ്റ് 26ലെ ഫ്‌ളെമിംഗോ മാളിലാണ് രുചിമേളയ്ക്കു വേദി ഒരുങ്ങുന്നത്. ടീമിനെ പരിചയപ്പെടല്‍, പരിപാടി വിശദീകരണം, നെറ്റ്‌വര്‍ക്കിംഗ് എന്നിവയാണ് പ്രചാരണത്തിന്റെ ഭാഗമായി അരങ്ങേറിയത്. മാര്‍ക്ക് ആന്റ് സേവ് ഓപ്പറേഷണല്‍ ഹെഡ് അഷ്‌റഫ്, റയാന്‍ ഇന്റര്‍നാഷണല്‍ ക്ലിനിക് ഡയറക്ടര്‍ മുസ്താഖ് അലി എന്നിവര്‍ ചേര്‍ന്ന് പ്രോമോ ഇവന്റ് പരിപാടിയുടെ പോസ്റ്റര്‍ അനാച്ഛാദനം ചെയ്തു. പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു.

ഇവന്റ് ഹെഡ് അബ്ദുള്‍ ഖാദര്‍ മോച്ചേരി രുചിമേള വിശദീകരിച്ചു. പത്തിലധികം ഫുഡ് സ്റ്റാളുകളില്‍ വിവിധങ്ങളായ ഭക്ഷണവിഭവങ്ങള്‍ അണിനിരക്കും. വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളുടെ സ്വാദ് നുകരാനുള്ള അപൂര്‍വ അവസരമാണ് പരിപാടിയുടെ ദൗത്യമെന്നു അദ്ദേഹം പറഞ്ഞു. തലശ്ശേരി തട്ടുകട സ്റ്റാള്‍, അതൃപ്പത്തിന്റെ അപ്പത്തരങ്ങള്‍ എന്നീ സ്റ്റാളുകള്‍ ചായ, സ്‌നാക്‌സ് എന്നിവ വിതരണം ചെയ്യും. ഉന്നക്കായ, ഇറച്ചിപ്പത്തില്‍, മുട്ടമാല, കുമ്പളങ്ങ പത്തില്‍, ചിക്കന്‍ ചീസി ബണ്‍ തുടങ്ങി കണ്ണൂര്‍ രുചിവൈവിധ്യവും പരമ്പരാഗത പലഹാരങ്ങളും ഉള്‍പ്പെടുത്തി അവതരിപ്പിക്കും. പൊന്നാനി തനിമ ആന്റ് മലബാര്‍ ടേസ്റ്റ് തുടങ്ങിയ സ്റ്റാളുകളില്‍ ബീഫ് വരട്ടിയത്, ചിക്കന്‍ മൊഞ്ചത്തി, മോഹന്‍ലാലിന്റെ ചിക്കന്‍ ഫ്രൈ, കക്കറൊട്ടി, ചിരട്ടപുട്ട്, വെളിച്ചെണ്ണ പത്തിരി എന്നീ വിഭവങ്ങളും ഒരുക്കും. കൂടാതെ വിവിധ തരം ബിരിയാണികള്‍, പേസ്ട്രീസ്, കേക്ക് സ്റ്റാള്‍, ജ്യൂസ് ഷോപ്പ്, കപ്പ ആന്റ് ബീഫ് സ്റ്റാള്‍ തുടങ്ങിയ സ്റ്റാളുകളും പ്രധാന ആകര്‍ഷകമാകും. ഗൃഹാതുര ഓര്‍മകളുണര്‍ത്തുന്ന പരമ്പരാഗത വിഭവങ്ങളുടെ ഫുഡ്‌സ്റ്റാളും രുചി മേളയില്‍ ഒരുങ്ങുന്നുണ്ട്.

പരിപാടിയുടെ ഭാഗമായി നടക്കുന്ന പാചകമത്സരം സംബന്ധിച്ച് ശബ്‌നം അഷ്‌കര്‍ വിശദീകരിച്ചു. 20 ഓളം വനിതകള്‍ മത്സരത്തില്‍ പങ്കെടുക്കും. പ്രശസ്ത ഗായകന്‍ നിസാര്‍ നയിക്കുന്ന ഗാനമേളയും റിയാദ് ടാകീസ് ഒരുക്കുന്ന ശിങ്കാരമേളവും അരങ്ങേറും. ഗോള്‍ഡന്‍ സ്പാരോ ടീം നയിക്കുന്ന നൃത്തനൃത്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രസംഗം നടത്തി. രുചിമേള ചെയര്‍മാന്‍ അഷ്‌കര്‍ വി.സി, ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, ശിഹാബ് കൊട്ടുകാട് ആശംസകള്‍ നേര്‍ന്നു. ഒ.ഐ.സി.സി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഹരീന്ദ്രന്‍ കയറ്റുവള്ളി സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുല്‍ മുനീര്‍ ഇരിക്കൂര്‍ നന്ദിയും പറഞ്ഞു. റിയാദ് ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, പരിപാടിയില്‍ സ്റ്റാള്‍ ഒരുക്കുന്ന വീട്ടമ്മമാര്‍, ഒ.ഐ.സി.സി ലേഡീസ് വിങ് ടീം, മാധ്യമ സുഹൃത്തുക്കള്‍, സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top