Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

കടബാധ്യതയുടെ തടവറയില്‍ നാലുവര്‍ഷം; സഹൃദയരുടെ സഹായത്തോടെ സജീന്ദ്രന് മോചനം

റിയാദ്: പച്ചക്കറി വ്യാപാരം പൊളിഞ്ഞതോടെ കടബാധ്യതയിലായ മലയാളി നാലു വര്‍ഷത്തെ തടവറ വാസത്തിനു ശേഷം നാടണഞ്ഞു. പാലക്കാട് സ്വദേശി സജീന്ദ്രനാണ് ദുരിതങ്ങള്‍ക്കൊടുവില്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ മടങ്ങിയത്. മടക്കി നല്‍കാമെന്ന വ്യവസ്ഥയോടെ ഇഖാമ കോപ്പിയില്‍ കരാര്‍ എഴുതി ഒപ്പിട്ടു നല്‍കിയതാണ് വിനയായത്.

പണമിടപാട് കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ഡിപ്പോര്‍ട്ടേഷന്‍ സെന്റര്‍വഴി മടങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് പണം മടക്കിനല്‍കാത്തതിന്റെ പേരില്‍ തടവിലായത്. നാല് പരാതികളിലായി 112,750 റിയാലായിരുന്നു ബാധ്യത. ഇതിനിടെ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് എതിര്‍ കക്ഷികളുമായി സന്ധി സംഭാഷണം നടത്തിയെങ്കിലും കേസ് പിന്‍വലിച്ചില്ല.

നാട്ടില്‍ നിന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് ചാക്കീരി അറിയിച്ചതിനെ തുടര്‍ന്ന് സിദ്ദീഖ് തുവ്വൂര്‍ വീണ്ടും കേസ് ഒത്തുതീര്‍പ്പാക്കി മോചനത്തിന് ശ്രമം തുടങ്ങി. അതിനിടെ സജീന്ദ്രനെ മോചിപ്പിക്കാന്‍ കുടുംബം കിടപ്പാടം വിറ്റ് ഏഴ് ലക്ഷം രൂപ സ്വരുക്കൂട്ടിയതായി സഹോദരി അറിയിച്ചു. എന്നാല്‍ വീടുവിറ്റ തുക ഉപയോഗിക്കാതെ പരിഹാരം കാണാനായി ശ്രമം. വിഷയം പരാതിക്കാരുടെ പോലീസ് സ്‌റ്റേഷനിലും അറിയിച്ചു. കുടുംബത്തിന്റെ ദുരവസ്ഥ പോലീസ് സ്‌റ്റേഷന്‍ മേധാവിയെ ബോധിപ്പിക്കുകയും ചെയ്തു. നിജസ്ഥിതി ബോധ്യമായതോടെ വിഷയത്തില്‍ ഇടപെടാന്‍ കീഴുദ്യോഗസ്ഥനെ പൊലീസ് മേധാവി ചുമതലപ്പെടുത്തി.

112,750 റിയാലില്‍ നിന്ന് 8000 റിയാല്‍ നേരത്തെ മടക്കി നല്‍കിയിരുന്നു. ബാക്കി മുഴുവന്‍ തുകയും വേണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ 62,750 റിയാല്‍ ഇളവ് ലഭിച്ചു. ബാക്കി 42,000 റിയാല്‍ സ്വദേശികളായ ചിലര്‍ ദാനം നല്‍കി സഹായിച്ചതോടെ യാത്രാ വിലക്കുകള്‍ പിന്‍വലിച്ചു.

ഇന്ത്യന്‍ എംബസിയില്‍ നിന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നേടി കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലാണ് സജീന്ദ്രന്‍ മടങ്ങിയത്. സൗദി പോലീസ് ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ സവാദ് കുന്നുമ്മല്‍, കുഞ്ഞോയി കോടമ്പുഴ, അബ്ദുല്‍ റഹ്മാന്‍ ഫറൂഖ്, നൗഷാദ് ചാക്കീരി, യൂസുഫ് പെരിന്തല്‍മണ്ണ, അബ്ദുല്‍ റസാഖ് സലാഹി, അഷ്‌റഫ് വെള്ളാപ്പാടം എന്നിവരും സജീന്ദ്രന്റെ മോചനത്തിന് സഹായവുമായി രംഗത്തുണ്ടായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top