Sauditimesonline

iuml league
ദാര്‍ഷ്ട്യത്തിന് ജനം നല്‍കിയ ശിക്ഷ; മതേതര കേരളത്തിന്റെ ഉജ്ജ്വല വീണ്ടെടുപ്പ്: കെഎംസിസി

വര്‍ഗീയ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി; യുഡിഎഫ് വിജയം സമാനതകളില്ലാത്തത്

റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി നേടിയ ചരിത്ര വിജയം സമാനതകളില്ലാത്തതാണെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി. കേരളത്തിന്റെ മതേതര പാരമ്പര്യത്തെ തകര്‍ക്കാനും വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് അധികാരം നിലനിര്‍ത്താനുമുള്ള സിപിഎമ്മിന്റെ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണിതെന്ന് യോഗം വിലയിരുത്തി.

വിശ്വാസികളുടെ മനസ്സിനെ വ്രണപ്പെടുത്തിയും ആചാരങ്ങളെ ലംഘിച്ചും ഇടതുമുന്നണി നടത്തിയ നീക്കങ്ങള്‍ ലജ്ജാകരമാണ്. വയനാട് ദുരന്തബാധിതരുടെ പുനരധിവാസം അട്ടിമറിച്ച നടപടിയില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. സര്‍ക്കാര്‍ പണം ഉപയോഗിച്ച് കോടികള്‍ ചെലവിട്ട് പിആര്‍ വര്‍ക്കുകള്‍ നടത്തിയതും നാടുനീളെ സ്ഥാപിച്ച പരസ്യബോര്‍ഡുകളും ജനങ്ങളില്‍ വലിയ അതൃപ്തിയാണ് ഉണ്ടാക്കിയത്. അഴിമതിക്കും ധാര്‍ഷ്ട്യത്തിനുമെതിരെ വോട്ടര്‍മാര്‍ നടത്തിയ വിധിയെഴുത്താണ് യുഡിഎഫിന്റെ മുന്നേറ്റമെന്നും കെഎംസിസി വ്യക്തമാക്കി.

നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് ഉജ്ജ്വല മുന്നേറ്റം നടത്തിയപ്പോള്‍ മുസ്ലിം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് സ്വന്തമാക്കിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ത്ഥികളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കാണ്. 22 എംഎല്‍എമാരെ വിജയിപ്പിക്കാന്‍ സാധിച്ചത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനകീയ അംഗീകാരമാണ്. ജീവകാരുണ്യ മേഖലയില്‍ ലീഗ് നടത്തുന്ന നിസ്തുലമായ ഇടപെടലുകള്‍ ഈ വിജയത്തിന് കരുത്തുപകര്‍ന്നതായും കമ്മിറ്റി വിലയിരുത്തി.

റിയാദ് കെഎംസിസി ഓഫീസില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. ആക്റ്റിങ് സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, ചെയര്‍മാന്‍ യു.പി മുസ്തഫ, സത്താര്‍ താമരത്ത്, അബ്ദുറഹ്മാന്‍ ഫറൂഖ്, ജലീല്‍ തിരൂര്‍, അഡ്വ. അനീര്‍ ബാബു, നജീബ് നല്ലാംങ്കണ്ടി, പി.സി അലി, സിറാജ് മേടപ്പില്‍, ഷംസു പെരുമ്പട്ട എന്നിവര്‍ സംസാരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top