Sauditimesonline

10 pravasi legal cell
പ്രവാസിയുടെ കണ്ണീരൊപ്പാന്‍; പ്രതീക്ഷയുമായി മുഖ്യമന്ത്രിക്ക് മുന്നില്‍

പ്രവാസിയുടെ കണ്ണീരൊപ്പാന്‍; പ്രതീക്ഷയുമായി മുഖ്യമന്ത്രിക്ക് മുന്നില്‍

തിരുവനന്തപുരം: പ്രവാസി ക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാനത്ത് സമഗ്രമായ പ്രവാസി നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. പ്രവാസി പുനരധിവാസം, സാമൂഹ്യസുരക്ഷ, ആരോഗ്യപരിരക്ഷ, നിക്ഷേപം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലും സംസ്ഥാന ബജറ്റിലും ഉള്‍പ്പെടുത്തണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

യു.ഡി.എഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുള്ളതുള്‍പ്പെടെ പ്രവാസികളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ അടങ്ങിയ 13 ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനവും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്ക് കൈമാറി. പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ രൂപീകരിക്കുക, മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പ്രവാസികള്‍ക്കായി കെയര്‍ ഹോമുകള്‍ സ്ഥാപിക്കുക, ഡിജിറ്റല്‍ സംവിധാനങ്ങളോടെ പ്രവാസി പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

ഇതിനുപുറമേ ക്ഷേമനിധി അംഗത്വത്തിനുള്ള 60 വയസ്സ് പ്രായപരിധി ഒഴിവാക്കുക, പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക, എന്‍.ആര്‍.ഐ കമ്മീഷന്‍ നിയമം ഭേദഗതി ചെയ്യുക, സഊദിയിലെ നാസ്സര്‍ അല്‍ ഹാജിരി കമ്പനി ജീവനക്കാരുടെ സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. പ്രവാസികളില്‍ നിന്ന് ശേഖരിച്ച പെന്‍ഷന്‍ സംബന്ധമായ 135 വ്യക്തിഗത പരാതികളും ഇതോടൊപ്പം സമര്‍പ്പിച്ചു. നിയമവും ചട്ടങ്ങളും പാലിക്കാതെ പ്രവാസി ക്ഷേമബോര്‍ഡ് തള്ളിയ പരാതികള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് സംഘടന അഭ്യര്‍ത്ഥിച്ചു.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉടന്‍ തന്നെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി. പ്രവാസി ലീഗല്‍ സെല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജിഹാംഗിര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍. മുരളീധരന്‍, നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഫോര്‍ വിമണ്‍ അഡ്വ. വഹീദ യു., ഭരണസമിതി അംഗങ്ങളായ നന്ദഗോപകുമാര്‍, നിയാസ് പൂജപ്പുര, ശ്രീകുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ട സംഘത്തിലുണ്ടായിരുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top