നസ്‌റുദ്ദീന്‍ വി ജെ

റിയാദ്: തടവറയ്ക്കുള്ളില്‍ രണ്ടു പതിറ്റാണ്ട് എരിഞ്ഞുതീര്‍ന്ന മനുഷ്യായുസ്സ് ഒടുവില്‍ പെരുന്നാള്‍ പ്രഭയില്‍ മാതൃഹൃദയത്തിന്റെ ചൂടിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനം വെറുമൊരു വാര്‍ത്തയല്ല; അത് ലോകമലയാളികള്‍ ഒന്നടങ്കം നെഞ്ചുരുകി എഴുതിയ കാരുണ്യത്തിന്റെ മഹാകാവ്യമാണ്. അസാധ്യമെന്ന് കരുതിയ 34 കോടി ദിയാധനം സമാഹരിക്കാന്‍ ലോക മലയാളികള്‍ ഒന്നടങ്കം കൈകോര്‍ത്തു. അതിന്റെ തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് ജീവന്‍ നല്‍കിയ ഒരുകൂട്ടം മനുഷ്യരുണ്ട്. അവരില്‍ പ്രമുഖനാണ് 20 വര്‍ഷമായി റഹീമിന് തണലാകാന്‍ സഊദിയിലെ പൊരിവെയിലില്‍ ഉരുകിത്തീര്‍ന്ന അഷ്‌റഫ് വേങ്ങാട്ട്. മാധ്യമ പ്രവര്‍ത്തകന്‍, സംരംഭകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇത്രമാത്രം ജീവിതം സമര്‍പ്പിക്കപ്പെട്ട മറ്റൊരു അനുഭവം അദ്ദേഹത്തിന് ഉണ്ടാവില്ല.

അബ്ദുല്‍ റഹീം കേസിന്റെ നാള്‍വഴികളും അണിയറയിലെ കഠിനപ്രയത്‌നങ്ങളും ഒരുപാട് മലയാളികള്‍ക്ക് സമ്മാനിച്ചത്. അതുകൊണ്ടുതന്നെ ഇതൊരു വ്യക്തിയുടെ മാത്രം പോരാട്ടമല്ല, മിറച്ച് നാട്ടിലേയും മറുനാട്ടിലേയും വലിയ കൂട്ടായ്മയുടെ കണ്ണീരിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമാണെന്ന് അഷ്‌റഫ് വേങ്ങാട്ട് പറയുന്നു. 2006ല്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലെത്തി, ദിവസങ്ങള്‍ക്കകം സ്‌പോണ്‍സറുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് അബ്ദുല്‍ റഹീം അഴിക്കുള്ളിലായി. 2007ല്‍ മാധ്യമ വാര്‍ത്തകളിലൂടെയാണ് കേസിന്റെ ഗൗരവം പുറംലോകമറിയുന്നത്. അന്നുമുതല്‍ തുടങ്ങിയതാണ് അഷ്‌റഫിന്റെയും കൂട്ടരുടെയും ഓട്ടപ്പാച്ചിലുകള്‍. വലിയൊരു സ്ഥാപനത്തിന്റെ മാനേജര്‍ എന്ന ഭാരിച്ച ഉത്തരവാദിത്തവും കെ.എം.സി.സി.യുടെ സാമൂഹിക പ്രവര്‍ത്തനങ്ങളും കൈയാളുന്നതിനിടയിലാണ് അഷ്‌റഫ് കേസിനായി ജീവിതം മാറ്റിവെച്ചത്. ഓരോ മാസവും കോടതി കയറിയിറങ്ങുക, പ്രഗത്ഭരായ അഭിഭാഷകരെ കണ്ടെത്തുക, അവര്‍ക്കുള്ള വക്കീല്‍ ഫീസ് കണ്ടെത്താന്‍ നെട്ടോട്ടമോടുക എന്നിവയൊക്കെ അതികഠിനമായരുന്നു. പലപ്പോഴും സ്വന്തം കയ്യില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയാണ് ലക്ഷക്കണക്കിന് രൂപ കോടതി ചെലവുകള്‍ക്ക് ചിലവഴിച്ചത്.

അപ്രാപ്യമായ കടമ്പകളും അദ്ഭുത ഫണ്ടിങ്ങും 2011ല്‍ വധശിക്ഷ വിധിക്കപ്പെട്ടപ്പോഴും, പിന്നീട് 2021ല്‍ അഞ്ചംഗ ബെഞ്ച് അത് ശരിവെച്ചപ്പോഴും പ്രതീക്ഷകളുടെ കരിന്തിരി മാത്രമായിരുന്നു കൂട്ട്. എന്നാല്‍, 2023 നവംബറില്‍ സഊദി കുടുംബം 34 കോടി രൂപ ദിയാധനം എന്ന ഉപാധിയില്‍ മാപ്പ് നല്‍കാന്‍ തയ്യാറായതോടെ നിയമസഹായ സമിതി ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം ഏറ്റെടുത്തു. 34 കോടി എന്നത് കേള്‍ക്കുമ്പോള്‍ അസാധ്യമെന്ന് തോന്നിയ സംഖ്യയായിരുന്നു. എന്നാല്‍ മലയാളി വിചാരിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്ന് ലോകം കണ്ടു. ഏഴു ദിവസത്തിനിടെ 47 കോടിയിലധികം രൂപയാണ് ലോക മലയാളികള്‍ റഹീമിന്റെ മോചനത്തിനായി അക്കൗണ്ടിലേക്ക് ഒഴുക്കിയത്. ഒരുപക്ഷേ ലോകത്തെ എല്ലാ ഭൂകണ്ഡങ്ങളില്‍ നിന്നും പണമെത്തിയ ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൗഡ് ഫണ്ടിങ്ങായിരുന്നു അത്.

ഉമ്മയുടെ പ്രാര്‍ത്ഥനപോലെ ധനസമാഹരണം സഫലമായെങ്കിലും കോടതി നടപടികളുടെയും ഒറിജിനല്‍ കേസ് ഡയറി പരിശോധനകളുടെയും നടപടിക്രമങ്ങള്‍ക്കായി പത്തിലേറെ തവണയാണ് വിധി നീണ്ടത്. ഓരോ തവണ കേസ് മാറ്റിവെക്കുമ്പോഴും അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വാക്കുകള്‍ക്ക് അപ്പുറമായിരുന്നു. നാട്ടിലേയും റിയാദിലെയും നിയമ സഹായ സമിതിയുടെ രക്ഷാധികാരി എന്ന നിലയില്‍ ചോദ്യ ശരങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങേണ്ടി വന്നത് അഷ്‌റഫ് വേങ്ങാട്ടായിരുന്നു. അതിലേറെ ദുഃഖിപ്പിച്ചത്, യൂടൂബര്‍മാരും സാമൂഹിക മാധ്യമങ്ങളിലെ ‘സേസവ’കരും ഉയര്‍ത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളുമാണ്. എങ്കിലും, നീണ്ട കാത്തിരിപ്പിനൊടുവില്‍ റഹീമിന്റെ തടവുശിക്ഷ അവസാനിക്കുകയും റിയാദിലെ ക്രിമിനല്‍ കോടതി മോചന ഉത്തരവ് നല്‍കുകയും ചെയ്തപ്പോള്‍ അത് നീതിയുടെയും മനുഷ്യത്വത്തിന്റെയും വിജയമായി മാറി.

മരിക്കും മുന്‍പ് മകനെ ഒന്ന് കണ്ടാല്‍ മതി എന്ന വൃദ്ധയായ ഉമ്മയുടെ പ്രാര്‍ത്ഥനയാണ് നിയമ സഹായ സമിതിയുടെ ഓരോ പ്രവര്‍ത്തകരെയും മുന്നോട്ടു പോകാന്‍ കരുത്തുപകര്‍ന്നതെന്ന് അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. സമിതിയുടെ ചെയര്‍മാന്‍ സി. പി. മുസ്തഫ, ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ, ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍ എന്നിവരും ഇന്ത്യന്‍ എംബസിയും ദൗത്യം പൂര്‍ത്തിയാക്കാന്‍ ഒപ്പമുണ്ടായിരുന്നു.

മണലാരണ്യത്തിലെ ഇരുണ്ട കോണുകളില്‍ നിന്നു പ്രത്യാശയുടെ വെളിച്ചത്തിലേക്ക് റഹീം നടന്നു കയറുമ്പോള്‍, അത് പ്രവാസി മലയാളി കൂട്ടായ്മയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള സുവര്‍ണ്ണ അധ്യായമായി അവശേഷിക്കും. ഒപ്പം, സ്വന്തം സുഖങ്ങള്‍ മറന്ന് ഒരു അപരിചിതന് വേണ്ടി ഇരുപതു വര്‍ഷം പൊരുതിയ അഷ്‌റഫ് വേങ്ങാട്ടെന്ന മനുഷ്യസ്‌നേഹിയുടെ അസാധാരണമായ ഇച്ഛാശക്തിയും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






